2026 ഫിഫ ലോകകപ്പിന് മുന്നോടിയായി നടക്കുന്ന മത്സരങ്ങളിലെ അമിത വില ആരാധകരിൽ ആശങ്കയുണർത്തുന്നു. ഫ്ലോറിഡയിൽ നടന്ന സന്നാഹ മത്സരത്തിൽ ബിയറിനും വെള്ളത്തിനും റെക്കോർഡ് വില ഈടാക്കിയത് വരാനിരിക്കുന്ന വലിയ സാമ്പത്തികച്ചെലവിന്റെ സൂചനയായി. 

2026 ഫിഫ ലോകകപ്പില്‍ പന്തുരുളുമ്പോള്‍ 'ലോകകപ്പ് വിലവിവരങ്ങളെ' ചൊല്ലിയുള്ള വിവാദങ്ങള്‍ ചൂടുപിടിക്കുകയാണ്. മാസങ്ങളായി ലോകകപ്പ് സ്വപ്നം കണ്ട് യാത്ര തിരിക്കാനിരിക്കുന്ന ആരാധകരെ കാത്തിരിക്കുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വലിയ സാമ്പത്തിക ചെലവുകളാണ്. യാത്ര, ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവയെല്ലാം ബജറ്റ് താളംതെറ്റിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ വരാനിരിക്കുന്ന വലിയ ചെലവിന്റെ നേര്‍ച്ചിത്രം ആരാധകര്‍ക്ക് കാണിച്ച് കൊടുത്തത് അടുത്തിടെ നടന്ന ഒരു സന്നാഹ മത്സരമാണ്. ജൂണ്‍ 6 ന് രാത്രി ഫ്‌ലോറിഡയിലെ റെയ്മണ്ട് ജെയിംസ് സ്റ്റേഡിയത്തില്‍ ലോക 85-ാം റാങ്കുകാരായ ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മിലായിരുന്നു മത്സരം. ഹാരി കെയ്നിന്റെ ഏക ഗോളില്‍ ഇംഗ്ലണ്ട് ജയിച്ച ഈ മത്സരത്തില്‍, കളികാണാനെത്തിയ ആരാധകര്‍ ദാഹം തീര്‍ക്കാന്‍ കടകളിലെത്തിയപ്പോഴാണ് ശരിക്കും ഞെട്ടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്റ്റേഡിയത്തിലെ കടകളില്‍ അവരെ കാത്തിരുന്നത് അമ്പരപ്പിക്കുന്ന വിലയായിരുന്നു. ഒരു ലാര്‍ജ് ഡൊമസ്റ്റിക് ബിയറിന് 16.75 ഡോളറാണ് (1,608 രൂപ) ഈടാക്കിയത്. പ്രീമിയം ലാര്‍ജ് ബിയറിന് നല്‍കേണ്ടത് 18 ഡോളറും (1,728 രൂപ). ലണ്ടനില്‍ പോലും ഇത്രയും ഉയര്‍ന്ന വില നല്‍കേണ്ടി വരില്ല എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. പോരാത്തതിന് ഇതൊന്നും ഫ്രഷ് ബിയറുകളല്ലായിരുന്നു, പകരം തണുപ്പ് പോയ കാന്‍ ബിയറുകളായിരുന്നു ഇത്രയും വലിയ തുകയ്ക്ക് വിറ്റിരുന്നത്! മാധ്യമപ്രവര്‍ത്തകനായ മൈക്ക് കീഗന്‍ ഈ മെനു കാര്‍ഡിന്റെ ചിത്രം ഓണ്‍ലൈനില്‍ പങ്കുവെച്ചതോടെ ആരാധകര്‍ കൂട്ടത്തോടെ രംഗത്തെത്തി.

ടൂര്‍ണമെന്റ് ഒരു വലിയ പണപ്പിരിവാണെന്ന വിമര്‍ശനമാണ് എങ്ങും ഉയരുന്നത്. ഫിഫ അടുത്തിടെ നല്‍കിയിരുന്ന ചുരുക്കം ചില സൗജന്യ ടിക്കറ്റുകള്‍ റദ്ദാക്കിയത് ഈ വിമര്‍ശനങ്ങളുടെ ആക്കം കൂട്ടി. മദ്യം വേണ്ട, കുറച്ച് പച്ചവെള്ളം കുടിക്കാമെന്ന് കരുതിയാലും രക്ഷയില്ല. സ്റ്റേഡിയത്തില്‍ ഒരു കുപ്പി വെള്ളത്തിന് നല്‍കേണ്ടത് 8.75 ഡോളറാണ് (840 രൂപ).

വിദേശത്ത് നടക്കുന്ന ടൂര്‍ണമെന്റുകളില്‍ മദ്യപിച്ച് ആഘോഷിക്കുന്നതില്‍ പേരുകേട്ടവരാണ് ഇംഗ്ലണ്ട് ആരാധകര്‍. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ മദ്യവില്‍പ്പന പൂര്‍ണമായും നിരോധിച്ചിരുന്നതിനാല്‍ ഇത്തവണ വലിയ ആവേശത്തോടെയാണ് അവര്‍ വണ്ടി കയറാനിരിക്കുന്നത്. എന്നാല്‍ ആ ആവേശമെല്ലാം അമേരിക്കന്‍ സ്റ്റേഡിയങ്ങളിലെ തീവിലയ്ക്ക് മുന്നില്‍ തകര്‍ന്നടിയുകയാണ്. മെക്‌സിക്കോയില്‍ നടക്കുന്ന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്ന വില 3,000 ഡോളര്‍ (2,88,000 രൂപ) മുതല്‍ 10,000 ഡോളര്‍ (9,60,000 രൂപ) വരെയാണ്. ലോകകപ്പിനായുള്ള ഫിഫയുടെ ടിക്കറ്റ് വില്‍പ്പന രീതികളെക്കുറിച്ച് മെയ് 28 ന് ന്യൂയോര്‍ക്കിലെയും ന്യൂജേഴ്സിയിലെയും പ്രോസിക്യൂട്ടര്‍മാര്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടയേര്‍ഡ് പ്രൈസിംഗ് സ്ട്രാറ്റജിയിലൂടെയും സീറ്റ്-ഗ്രേഡ് മാനേജ്മെന്റിലൂടെയും ഫിഫ കൃത്രിമമായി ടിക്കറ്റ് ക്ഷാമം സൃഷ്ടിക്കുകയും വില വര്‍ദ്ധിപ്പിക്കുകയും ചെയ്തോ എന്നതിലാണ് അന്വേഷണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.