ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നതോടെ അദ്ദേഹത്തിന്റെ ആസ്തിയിൽ വൻ കുതിച്ചുചാട്ടമാണ് ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന് ഉണ്ടാകുക. ഇത് അദ്ദേഹത്തെ ലോകത്തിലെ ആദ്യത്തെ ട്രില്യണയർ എന്ന പദവിക്ക് അടുത്തെത്തിക്കും. ഇതോടെ, മസ്‌കിന്റെ സമ്പത്ത് പല രാജ്യങ്ങളുടെയും ജിഡിപിയേക്കാൾ കൂടുതലാകും. 

ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള റോക്കറ്റ്-സാറ്റലൈറ്റ് നിര്‍മ്മാണ കമ്പനിയായ സ്പേസ് എക്സ് ഓഹരി വിപണിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഉടമയായ ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ വന്‍ കുതിപ്പാണ് ഉണ്ടാകാന്‍ പോകുന്നത്. ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്സിന്റെ കണക്കുകള്‍ പ്രകാരം, മസ്‌കിന്റെ ആസ്തിയില്‍ ഏകദേശം 275 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 26.4 ലക്ഷം കോടി രൂപ) വര്‍ധനവുണ്ടാകും. ഇതോടെ അദ്ദേഹത്തിന്റെ ആകെ ആസ്തി 970 ബില്യണ്‍ ഡോളറായി (ഏകദേശം 93.12 ലക്ഷം കോടി രൂപ) ഉയരും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോകത്തെ ആദ്യത്തെ 'ട്രില്യണയര്‍' (ഒരു ലക്ഷം കോടി ) എന്ന ചരിത്രനേട്ടത്തിന് തൊട്ടരികിലാണ് മസ്‌ക് ഇപ്പോള്‍. 135 ഡോളര്‍ ഓഹരി വില കണക്കാക്കുമ്പോള്‍, സ്പേസ് എക്സില്‍ മസ്‌കിനുള്ള ഓഹരികളുടെ മാത്രം മൂല്യം 688 ബില്യണ്‍ ഡോളര്‍ (ഏകദേശം 66,048 കോടി രൂപ) വരും. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്ന കമ്പനി ഇതിലൂടെ 75 ബില്യണ്‍ ഡോളര്‍ (ഏകദേശം 7.2 ലക്ഷം കോടി രൂപ) സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു ഓഹരിക്ക് 135 ഡോളര്‍ (12,960 രൂപ) എന്ന നിരക്കിലാണ് ഐപിഒ വില നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ സ്പേസ് എക്സിന്റെ മൊത്തം വിപണിമൂല്യം ഏകദേശം 1.77 ട്രില്യണ്‍ ഡോളറായി (ഏകദേശം 169.92 ലക്ഷം കോടി രൂപ) ഉയരും.

ആസ്തി പല രാജ്യങ്ങളുടെയും ജിഡിപിയേക്കാള്‍ കൂടുതൽ!

ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇപ്പോള്‍ ലോകത്തിലെ പല രാജ്യങ്ങളുടെയും ജിഡിപിയേക്കാള്‍ കൂടുതലാണ്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ കണക്കുകള്‍ പ്രകാരം, തായ്വാന്റെ സമ്പദ്വ്യവസ്ഥയുടെ മൂല്യം ഏകദേശം 976.7 ബില്യണ്‍ ഡോളറാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പുകളുടെയും സെമികണ്ടക്ടറുകളുടെയും നിര്‍മ്മാണത്തില്‍ ആഗോള കേന്ദ്രമായി മാറിയ ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയേക്കാള്‍ സമ്പന്നനാണ് ഇപ്പോള്‍ ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റെയും തലവനായ മസ്‌ക് എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. ഇന്ത്യയുടെ ജിഡിപി ഏകദേശം 4.15 ട്രില്യണ്‍ ഡോളറാണ്. ഇതിന്റെ നാലിലൊന്നിന് തുല്യമാണ് മസ്‌കിന്റെ ഇപ്പോഴത്തെ സമ്പത്ത്.

വാനോളം വളര്‍ന്ന സ്പേസ് എക്സ്

2002ല്‍ ഇലോണ്‍ മസ്‌ക് സ്ഥാപിച്ച സ്പേസ് എക്സ്, വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന ഫാല്‍ക്കണ്‍ 9, ഫാല്‍ക്കണ്‍ ഹെവി റോക്കറ്റുകളിലൂടെയും ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലൂടെയും സ്റ്റാര്‍ഷിപ്പിലൂടെയുമാണ് ലോകശ്രദ്ധ നേടിയത്. ജൂണ്‍ 12 മുതലാണ് കമ്പനിയുടെ ഓഹരികള്‍ നാസ്ഡാക്കില്‍ വ്യാപാരം ആരംഭിക്കുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച സ്പേസ് എക്സിന് പുറമെ, ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌കിന് വിപണിയില്‍ തരംഗം സൃഷ്ടിച്ച മറ്റ് നിരവധി സംരംഭങ്ങള്‍ കൂടിയുണ്ട്. സാങ്കേതികവിദ്യ, ഗതാഗതം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വൈദ്യശാസ്ത്രം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളിലാണ് മസ്‌കിന്റെ ബിസിനസ് സാമ്രാജ്യം പടര്‍ന്നുപന്തലിച്ചിരിക്കുന്നത്.

മസ്‌കിന്റെ പ്രധാനപ്പെട്ട മറ്റ് സംരംഭങ്ങള്‍

1. ടെസ്ല

ഇലോണ്‍ മസ്‌കിനെ ആഗോളതലത്തില്‍ ഇത്രയധികം ജനപ്രിയനാക്കിയതില്‍ പ്രധാന പങ്ക് ടെസ്ലയ്ക്കാണ്. ഇലക്ട്രിക് കാറുകള്‍, ക്ലീന്‍ എനര്‍ജി ഉല്‍പ്പന്നങ്ങള്‍, സോളാര്‍ പാനലുകള്‍, റോബോട്ടിക്സ് സാങ്കേതികവിദ്യ എന്നിവ നിര്‍മ്മിക്കുന്നതില്‍ ലോകത്തെ മുന്‍നിര കമ്പനിയാണിത്. നിലവില്‍ ടെസ്ലയുടെ സിഇഒ ആണ് മസ്‌ക്.

2. എക്സ് (പഴയ ട്വിറ്റര്‍)

2022ല്‍ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ 44 ബില്യണ്‍ ഡോളറിന് മസ്‌ക് സ്വന്തമാക്കിയിരുന്നു. പിന്നീട് ഇതിനെ 'എക്സ്' എന്ന് പുനര്‍നാമകരണം ചെയ്തു. ഇതിന് പിന്നാലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയ്ക്കായി എക്സ് എഐ എന്ന സ്റ്റാര്‍ട്ടപ്പും അദ്ദേഹം തുടങ്ങി. പിന്നീട് ഈ എഐ സാങ്കേതിക വിദ്യകളെല്ലാം സ്പേസ് എക്സിന്റെ വലിയ പദ്ധതികളുടെ കൂടി ഭാഗമായി മാറി.

3. ന്യൂറാലിങ്ക്

മനുഷ്യ മസ്തിഷ്‌കത്തെ കമ്പ്യൂട്ടറുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന വിപ്ലവകരമായ ബ്രെയിന്‍- ചിപ്പ് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന കമ്പനിയാണിത്. പക്ഷാഘാതം ബാധിച്ച രോഗികള്‍ക്കും കാഴ്ച വൈകല്യമുള്ളവര്‍ക്കും ചിന്തകളിലൂടെ കമ്പ്യൂട്ടറും മൊബൈലും നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചിപ്പുകള്‍ മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചുകൊണ്ട് ന്യൂറാലിങ്ക് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

4. ദ ബോറിംഗ് കമ്പനി

നഗരങ്ങളിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി ഭൂഗര്‍ഭ തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. അതിവേഗ ഗതാഗതം സാധ്യമാക്കുന്ന 'ലൂപ്പ്' സംവിധാനങ്ങള്‍ വികസിപ്പിക്കുകയാണ് ഈ കമ്പനിയുടെ പ്രധാന ലക്ഷ്യം.