ട്രസ്റ്റികളും ടാറ്റാ സണ്‍സ് ബോര്‍ഡും തമ്മില്‍ ഭിന്നത. ടാറ്റാ ട്രസ്റ്റ്സ് വൈസ് ചെയര്‍മാന്‍ വിജയ് സിങ് രാജിവെച്ചു

ടാറ്റ ട്രസ്റ്റിലെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം രൂക്ഷമെന്ന് സൂചന. ടാറ്റാ സണ്‍സിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ടാറ്റാ ട്രസ്റ്റ്സ് വൈസ് ചെയര്‍മാന്‍ വിജയ് സിങ് രാജിവെച്ചതോടെയാണ് ഭിന്നതകള്‍ പുറത്തുവന്നത്. ടാറ്റാ സണ്‍സിന്റെ നിര്‍ണായകമായ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് തൊട്ടുമുമ്പുള്ള ഈ രാജി ഗ്രൂപ്പിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ വെളിവാക്കുന്നതാണ്. ട്രസ്റ്റികളുടെ പ്രതിനിധിയായി ടാറ്റാ സണ്‍സ് ബോര്‍ഡില്‍ വിജയ് സിങ് തുടരുന്ന കാര്യത്തില്‍ ട്രസ്റ്റികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായതാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രസ്റ്റികളില്‍ നാലുപേര്‍ അദ്ദേഹത്തിന്റെ കാലാവധി നീട്ടുന്നതിനെ എതിര്‍ത്തതോടെയാണ് സിങ് സ്ഥാനം ഒഴിഞ്ഞത്. ടാറ്റാ ട്രസ്റ്റുകളിലും അതുവഴി ടാറ്റാ സണ്‍സിലും പിടിമുറുക്കാന്‍ ചില ട്രസ്റ്റികള്‍ ശ്രമിക്കുന്നുണ്ടെന്നാണ്് സൂചന

എയര്‍ലൈന്‍ മുതല്‍ വാഹന നിര്‍മ്മാണം വരെ വ്യാപിച്ചുകിടക്കുന്ന 165 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ടാറ്റാ ഗ്രൂപ്പിന്റെ മാതൃസ്ഥാപനമായ ടാറ്റാ സണ്‍സിന്റെ ഏകദേശം 52 ശതമാനം ഓഹരികളും ടാറ്റാ ട്രസ്റ്റ് ഉടമസ്ഥതയിലാണ്. ടാറ്റാ ട്രസ്റ്റ്സിന്റെ രണ്ട് പ്രധാന യൂണിറ്റുകളായ സര്‍ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സര്‍ രത്തന്‍ ടാറ്റാ ട്രസ്റ്റും ചേര്‍ന്നാണ് 52% ഓഹരികള്‍ കൈവശം വെച്ചിരിക്കുന്നത്. ടാറ്റാ ട്രസ്റ്റ്സിന്റെ നോമിനി ഡയറക്ടറായതിനാല്‍, ടാറ്റാ സണ്‍സ് ഡയറക്ടര്‍മാരെപ്പോലെ വിരമിക്കല്‍ പ്രായം ബാധകമല്ല. എന്നിട്ടും വിജയ് സിങ് രാജിവെച്ചത് അപ്രതീക്ഷിതമാണ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്ക് 65, നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്ക് 70, ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍മാര്‍ക്ക് 75 എന്നിങ്ങനെയാണ് ടാറ്റാ സണ്‍സില്‍ നിലവിലുള്ള വിരമിക്കല്‍ പ്രായം.

ടാറ്റാ സ്റ്റീല്‍ സിഇഒ ടി.വി. നരേന്ദ്രന്‍ ടാറ്റാ സണ്‍സ് ബോര്‍ഡിലേക്ക്?

ടാറ്റാ സ്റ്റീലിന്റെ ഗ്ലോബല്‍ സിഇഒയും മാനേജിങ് ഡയറക്ടറുമായ ടി.വി. നരേന്ദ്രന്‍ ടാറ്റാ സണ്‍സ് ബോര്‍ഡില്‍ അംഗമായേക്കുമെന്ന് സൂചന. ടാറ്റാ ഗ്രൂപ്പിന്റെ പരമോന്നത സമിതിയിലെ ഈ മാറ്റം ടാറ്റാ സ്റ്റീലിന്റെ ടാറ്റാ സണ്‍സിലെ സ്വാധീനം വര്‍ദ്ധിപ്പിച്ചേക്കാം. അടുത്തിടെ ടി.വി. നരേന്ദ്രന്‍ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനുമായി ബോംബെ ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ നരേന്ദ്രന്‍ ടാറ്റാ സ്റ്റീലിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ മുന്‍ സിഇഒ റാല്‍ഫ് സ്‌പേത്ത് വിരമിച്ചതിനെ തുടര്‍ന്ന് ഈ മാസം ബോര്‍ഡ് വിട്ടിരുന്നു. കൂടാതെ, ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ ലിയോ പുരി ഏപ്രിലിലും, വ്യവസായി അജയ് പിരാമല്‍ ഓഗസ്റ്റിലും രാജി വെച്ചതോടെ ബോര്‍ഡില്‍ മൂന്ന് ഒഴിവുകളുണ്ട്. ഈ സാഹചര്യത്തിലാണ് നരേന്ദ്രന്‍ ബോര്‍ഡിലേക്ക് വരാന്‍ ഒരുങ്ങുന്നത്‌ https://timesofindia.indiatimes.com/business/india-business/tata-trusts-vice-chairman-vijay-singh-exits-tata-sons-board/articleshow/123840130.cms