ദില്ലി: ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക വിദഗ്ധരുമായും വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധനമന്ത്രി നിര്‍മല സീതാരാമന് സ്ഥാനമില്ല. ധനമന്ത്രി നിര്‍മല സീതാരാമന്‍ ദില്ലിയിലുണ്ടായിരിക്കെയാണ് യോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത്. പ്രധാനമന്ത്രി വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ നിര്‍മല ബിജെപി ആസ്ഥാനത്ത് ബിജെപി നേതാക്കളുമൊത്ത് ബജറ്റ് ചര്‍ച്ചയിലായിരുന്നുവെന്നാണ് ബിജെപി വാദം. 

അതേസമയം പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയല്‍, നിതിന്‍ ഗഡ്കരി, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി തലവന്‍ ബിബേക് ദെബ്രോയ്, നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍, സിഇഒ അമിതാഭ് കാന്ത് എന്നിവര്‍ പങ്കെടുത്തു. സാമ്പത്തിക വിദഗ്ധരായ ശ്രീധര്‍ ആചാര്യ, ഫര്‍സാന അഫ്രീദി എന്നിവരും വ്യവസായികളായ അപ്പറാവു മല്ലവരപ്പു, ദീപക് കാല്‍റ, പതഞ്ജലി ജി കേശ്‍വാനി, ദീപക് സേത്ത് എന്നിവരും പങ്കെടുത്തു. ധനമന്ത്രിയുടെ അസാന്നിധ്യത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചയാക്കി. എന്തുകൊണ്ടാണ് ചര്‍ച്ചയില്‍നിന്ന് ധനമന്ത്രിയെ പുറത്താക്കിയതെന്ന് ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തു. ഇവരുമായി ധനമന്ത്രി നേരത്തെ ചര്‍ച്ച നടത്തിയെന്നായിരുന്നു ധനമന്ത്രിയുടെ ഓഫിസിന്‍റെ മറുപടി. 

ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെപി നഡ്‍ഡ, ജനറല്‍ സെക്രട്ടറിമാരായ ഭൂപീന്ദര്‍ യാദവ്, അരുണ്‍ സിംഹ് എന്നിവരാണ് നിര്‍മല സീതാരാമന്‍ പങ്കെടുത്ത യോഗത്തില്‍ എത്തിയത്. വിദഗ്ധരുമായുള്ള ചര്‍ച്ചക്ക് ശേഷവും പ്രധാനമന്ത്രി ബജറ്റ് നിര്‍ദേശങ്ങള്‍ പങ്കുവെക്കണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ പൊതുബജറ്റ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക ക്വാര്‍ട്ടറിലെ വളര്‍ച്ച നിരക്ക് 4.5 ശതമാനത്തിലേക്ക് താഴ്ന്ന സാഹചര്യത്തില്‍ നിര്‍ണായകമാണ് ഇത്തവണത്തെ ബജറ്റ്. സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാന്‍ എന്തൊക്കെ ഇളവുകളാണ് മോദി സര്‍ക്കാര്‍ നല്‍കുകയെന്നാണ് ഉറ്റുനോക്കുന്നത്.