എ350 പ്രവർത്തിപ്പിക്കുന്ന ആദ്യ ഇന്ത്യൻ വിമാനക്കമ്പനിയായി ഇതോടെ എയർ ഇന്ത്യ മാറി. എയർബസ് എ350 വിമാനം ഈ മാസം അവസാനം ജനുവരി 22 ന് സർവീസ് ആരംഭിക്കും.
ഒടുവിൽ എയർ ഇന്ത്യയുടെ ആദ്യത്തെ എയർബസ് എ350 വിമാനം ലോകത്തിന് മുന്നിലെത്തി. എയർ ഷോ വിംഗ്സ് 2024 ന്റെ ഭാഗമായി ഹൈദരാബാദിലെ ബേഗംപേട്ട് വിമാനത്താവളത്തിൽ ആണ് എയർ ഇന്ത്യ തങ്ങളുടെ ആദ്യത്തെ A350 വിമാനം പ്രദർശിപ്പിച്ചത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എയർബസ് എ350 വിമാനം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ ഒരു പ്രധാന നാഴികകല്ലായിരിക്കും ഇതെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇന്ത്യയിലേക്കുള്ള അത്യാധുനിക വിമാനങ്ങളുടെ വരവ് വ്യോമയാന മേഖലയെ വളർത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരത്തിലുള്ള അഞ്ച് പ്രീമിയം പാസഞ്ചർ വിമാനങ്ങൾ എയർ ഇന്ത്യയുടേതായി ഈ വർഷം മാർച്ചോടെ ഇന്ത്യയിലെത്തും. എ350 പ്രവർത്തിപ്പിക്കുന്ന ആദ്യ ഇന്ത്യൻ വിമാനക്കമ്പനിയായി ഇതോടെ എയർ ഇന്ത്യ മാറി. എയർബസ് എ350 വിമാനം ഈ മാസം അവസാനം ജനുവരി 22 ന് സർവീസ് ആരംഭിക്കും.
എ 350 ന്റെ വരവോടെ, വിമാനങ്ങളിലെ സൗകര്യ കുറവിനെ കുറിച്ചുള്ള വലിയ വിമർശനം ഇല്ലാതാക്കുമെന്ന പ്രതീക്ഷയിലാണ് എയർ ഇന്ത്യ. ശക്തവും ഇന്ധനക്ഷമതയുള്ളതുമായ റോൾസ് റോയ്‌സ് ട്രെന്റ് എക്‌സ്‌ഡബ്ല്യുബി എഞ്ചിനിലാണ് എ350 വരുന്നത്. മൂന്ന് ക്ലാസ് ക്യാബിൻ ഇതിലുണ്ടാകും. ബിസിനസ്സ്, പ്രീമിയം ഇക്കോണമി, എക്കോണമി എന്നിങ്ങനെ 316 സീറ്റുകൾ ആണ് വിമാനത്തിൽ ഉണ്ടാകുക.
ക്യാബിനിൽ 28 സ്വകാര്യ ബിസിനസ് ക്ലാസ് സ്യൂട്ടുകളും 24 പ്രീമിയം സീറ്റുകളും 264 ഇക്കണോമി സീറ്റുകളും ഉൾപ്പെടുന്നു. ടോപ്പ് എൻഡ് സ്യൂട്ട് കസേരകൾ പൂർണ്ണ വലിപ്പമുള്ള കിടക്കകളാക്കി മാറ്റാൻ കഴിയും. ഓരോ സ്യൂട്ടിനും വ്യക്തിഗത വാർഡ്രോബ്, ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ള സ്റ്റോറേജ് സ്പേസ്, 21 ഇഞ്ച് HD ടച്ച്സ്ക്രീൻ, ഇൻഫോടെയ്ൻമെന്റിനും വിനോദത്തിനുമായി ഒരു വീഡിയോ ഹാൻഡ്സെറ്റ് എന്നിവയുണ്ട്.
എയർബസ് എ350 വിമാനം യാത്രാനുഭവം ഉയർത്തുക മാത്രമല്ല, പുതിയ റൂട്ടുകളും വിപുലീകരണത്തിനുള്ള അവസരങ്ങളും തുറക്കുകയും ചെയ്യുമെന്ന് എയർ ഇന്ത്യയുടെ സിഇഒയും എംഡിയുമായ കാംബെൽ വിൽസൺ പറഞ്ഞു. ദീർഘദൂര റൂട്ടുകളിലേക്ക് പറക്കുന്നതിന് മുൻപ് എയർ ഇന്ത്യ തുടക്കത്തിൽ ആഭ്യന്തര റൂട്ടുകളിൽ പറക്കും. ആദ്യ റൂട്ട് ബെംഗളൂരുവിനും മുംബൈയ്ക്കും ഇടയിലായിരിക്കുമെന്ന് എയർലൈൻ സ്ഥിരീകരിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ ഖത്തർ എയർവേയ്‌സാണ് 2015ൽ എ350 ആദ്യമായി ഉൾപ്പെടുത്തിയത്.
