Asianet News MalayalamAsianet News Malayalam

സൂക്ഷിച്ച് വേണം 'ഈ വാക്കുകൾ' ഉപയോഗിക്കാൻ; ഫ്ലിപ്‍കാർട്ടും ആമസോണും ഉൾപ്പെടെയുള്ള കമ്പനികൾക്ക് കടുത്ത നിർദേശം

ഹെൽത്ത് ഡ്രിങ്കുകൾ എന്ന വിഭാഗത്തിൽപ്പെടുന്ന ഭക്ഷ്യ ഉത്പന്നങ്ങൾക്ക് നിയമത്തിൽ കൃത്യമായ നി‍ർവചനമില്ലാത്തതിനാൽ ചില പാൽ, ധാന്യ, മാൾട്ട് അധിഷ്ഠിത ഉത്പന്നങ്ങൾ ഹെൽത്ത്  ഡ്രിങ്കുകളായി അവതരിപ്പിക്കുന്നതിനെതിരെയാണ് നടപടി

food regulator issues strict directions to e commerce companies like amazon flipkart  on health energy drinks
Author
First Published Apr 4, 2024, 5:56 AM IST

ഹെൽത്ത് ഡ്രിങ്കുകൾ അല്ലെങ്കിൽ എനർജി ഡ്രിങ്കുകൾ എന്ന പേരിൽ ഉത്പന്നങ്ങൾ വിൽക്കുന്നതിനെതിരെ രാജ്യത്തെ ഇ-കൊമേഴ്സ് കമ്പനികൾക്ക് കടുത്ത നിർദേശവുമായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർസ് അതോറിറ്റി ഓഫ് ഇന്ത്യ. പാൽ, ധാന്യങ്ങൾ തുടങ്ങിയവ അടിസ്ഥാന അസംസ്കൃത വസ്തുവായി തയ്യാറാക്കുന്ന പാനീയങ്ങളെ എനർജി ഡ്രിങ്കുകൾ എന്നും ഹെൽത്ത് ഡ്രിങ്കുകളെന്നും നാമകരണം ചെയ്ത് വിൽക്കുന്നതിനെതിരെയാണ് ഇപ്പോഴത്തെ നടപടിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

രാജ്യത്തെ നിലവിലുള്ള ഭക്ഷ്യ നിയമങ്ങൾ പ്രാകാരം 'ഹെൽത്ത് ഡ്രിങ്കുകൾക്ക്' ശരിയായ നിർവചനമില്ലാത്തത് മുതലെടുത്ത് ഉപഭോക്താക്കൾ കബളിപ്പിക്കപ്പെട്ടേക്കാനുള്ള സാധ്യതയാണ് ഇപ്പോഴത്തെ നിർദേശത്തിന്റെ അടിസ്ഥാനം. നിലവിലെ ചട്ടങ്ങളനുസരിച്ച് 'എനർജി ഡ്രിങ്കുകൾക്ക്' കൃത്യമായ നിർവചനമുണ്ട്. വെള്ളത്തിൽ പ്രത്യേക മണവും രുചിയും ചേർത്ത കാർബണേറ്റഡ് അല്ലെങ്കിൽ നോൺ കാർബണേറ്റഡ് പാനീയങ്ങളെയാണ് എനർജി ഡ്രിങ്കുകളെന്ന് വിളിക്കുന്നത്. 

'ഹെൽത്ത് ഡ്രിങ്കുകളെ' കൃത്യമായി നിർവചിച്ചിട്ടില്ലാത്തതു കൊണ്ടുതന്നെ പാൽ, ധാന്യങ്ങൾ, മാൾട്ട് എന്നിവയിൽ നിന്ന് തയ്യാറാക്കുന്ന ചില ഉത്പന്നങ്ങളെ ഹെൽത്ത് ഡ്രിങ്കുകളെന്ന തരത്തിൽ അവതരിപ്പിക്കുന്നുണ്ട്.  ഇത്തരം ഉത്പന്നങ്ങളെ തെറ്റായ രീതിയിൽ ഹെൽത്ത് ഡ്രിങ്കുകളായി ഇ-കൊമേഴ്സ് സൈറ്റുകളിൽ അവതരിപ്പിക്കുന്നതും അത്തരത്തിൽ അവയ്ക്ക് പേര് നൽകുന്നതും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നടപടി. 

രാജ്യത്തെ ഭക്ഷ്യ വ്യവസായ മേഖലയ്ക്ക് ബാധകമായ 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് നിയമവും മറ്റ് ചട്ടങ്ങളും പ്രകാരം ഹെൽത്ത് ഡ്രിങ്കുകൾ എന്ന വിഭാഗത്തിന് ശരിയായ മാനദണ്ഡങ്ങൾ വിശദീകരിച്ചിട്ടില്ല. അതേസമയം കൃത്യമായ മാനദണ്ഡം പാലിക്കുന്ന ഉത്പന്നങ്ങൾക്ക് മാത്രമാണ് എനർജി ഡ്രിങ്കുകളെന്ന പേര് നൽകാനാവുന്നത്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തതയും സുതാര്യതയും ഉറപ്പാക്കാനും തെറ്റദ്ധാരണ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് എഫ്.എസ്.എസ്.എ.ഐയുടെ നീക്കം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios