ഒരു കോടതി നിർദ്ദേശവും തങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ഫ്യൂചർ കൂപ്പൺസ് ലിമിറ്റഡിന് വേണ്ടി ഹാജരായ മുകുൾ റോത്തഗിയും വ്യക്തമാക്കി

ദില്ലി: ആമസോൺ തങ്ങളെ ഇല്ലാതാക്കിയെന്ന് ഫ്യൂചർ റീടെയ്ൽ. തങ്ങളുടെ 830 കടകളിൽ ഇപ്പോൾ 374 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. വാടക പോലും കൊടുക്കാനില്ലാത്ത സ്ഥിതിയിലാണ് കടകൾ അടക്കേണ്ടി വന്നതെന്നും കമ്പനി സുപ്രീം കോടതിയിൽ പറഞ്ഞു.

'ആമസോണിന് ഞങ്ങളെ തകർക്കണമായിരുന്നു. അതവർ ചെയ്തുവെന്നും കമ്പനിക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവെ വിമർശിച്ചു. വെറും 1400 കോടി രൂപയുടെ തർക്കം ഉയർത്തി 27000 കോടി രൂപ മൂല്യമുണ്ടായിരുന്ന കമ്പനിയെ ആമസോൺ തകർത്തു. ഫ്യൂചർ ലിമിറ്റഡിന്റെ ആസ്തികൾ റിലയൻസിന് വിൽക്കാനുള്ള നീക്കത്തെ ആമസോൺ എതിർത്തതിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതായി ഈ ആരോപണം.

ആമസോണിന് വേണ്ടി മുതിർന്ന അഭിഭാഷകനായ ഗോപാൽ സുബ്രമണ്യമാണ് ഹാജരായത്. നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അനുമതി ലഭിക്കാതെ ആസ്തികൾ കൈമാറാൻ പാടില്ലെന്ന് സുപ്രീം കോടതി അടക്കമുള്ള കോടതികൾ ഫ്യൂചർ റീടെയ്ൽ കമ്പനിക്ക് നിർദ്ദേശം നൽകിയതാണെന്ന കാര്യം അദ്ദേഹം കോടതിയിൽ ഓർമ്മിപ്പിച്ചു.

എന്നാൽ തങ്ങളല്ല ആസ്തികൾ കൈമാറിയതെന്നും വായ്പാ ദാതാക്കൾ ആസ്തികൾ സ്വയമേ ഏറ്റെടുക്കുകയായിരുന്നുവെന്നും ഫ്യൂചർ റീടെയ്ൽ വിശദീകരിച്ചു. ഒരു കോടതി നിർദ്ദേശവും തങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ഫ്യൂചർ കൂപ്പൺസ് ലിമിറ്റഡിന് വേണ്ടി ഹാജരായ മുകുൾ റോത്തഗിയും വ്യക്തമാക്കി. ലക്ഷക്കണക്കിന് രൂപ കുടിശികയുള്ളപ്പോൾ വായ്പാ ദാതാക്കളെ ആസ്തികൾ ഏറ്റെടുക്കുന്നതിൽ നിന്ന് ബലം പ്രയോഗിച്ച് തടയുകയായിരുന്നോ തങ്ങൾ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

റിലയൻസിനോട് ആസ്തികൾ ഏറ്റെടുക്കാൻ പാടില്ലെന്ന് പറയാൻ കോടതിക്ക് സാധിക്കില്ലെന്നും, കേസിൽ റിലയൻസ് കക്ഷിയല്ലെന്നും ഹരീഷ് സാൽവെ ചൂണ്ടിക്കാട്ടി. ഇത് മുൻനിർത്തി എങ്ങിനെയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയെന്ന് കോടതിയും ആമസോണിന്റെ അഭിഭാഷകരോട് ചോദിച്ചു. കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനെതിരെ ഫ്യൂചർ റീടെയ്ൽ കമ്പനിക്ക് വായ്പ നൽകിയ ബാങ്കുകളുടെ കൺസോർഷ്യവും രംഗത്ത് വന്നു. കേസ് ഏപ്രിൽ നാലിന് വീണ്ടും പരിഗണിക്കാനായി മാറ്റി.