Asianet News MalayalamAsianet News Malayalam

GST: ജിഎസ്ടി പരിഷ്‌കാരം; കുത്തക കമ്പനികളെ സഹായിക്കാനെന്ന് തോമസ് ഐസക്

25 കിലോ പാക്കറ്റിനു പകരം 26 കിലോ ആക്കിയാൽ നികുതി നൽകണ്ട. വൻകിട കമ്പനികളെല്ലാം ചെയ്യാൻ പോകുന്നത് ഇതാണ്. പുതിയ സംവിധാനമാണ് നികുതി വെട്ടിപ്പിന് ഇടയാക്കാൻ പോകുന്നത്.

Former Finance Minister said GST was reformed to help branded companies
Author
Trivandrum, First Published Jul 21, 2022, 11:30 AM IST

തിരുവനന്തപുരം: രാജ്യത്തെ പുതിയ ചരക്ക് സേവന നികുതി (GST) നിരക്ക് കുത്തക കമ്പനികളെ സഹായിക്കാൻ വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ചണ്ഡീഗഡിൽ നടന്ന 47-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ രാജ്യത്തെ ജിഎസ്ടി നിരക്ക് ഉയർത്താനുള്ള തീരുമാനം എടുക്കുകയും തിങ്കളാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്തിരുന്നു. മുൻകൂട്ടി പായ്ക്ക് ചെയ്തതും ലേബൽ ചെയ്തതുമായ കാർഷിക ഉത്പന്നങ്ങളുടെ മേൽ 5 ശതമാനം ജിഎസ്ടിയാണ് ചുമത്തിയത്. 

പുതിയ നികുതി വർദ്ധനവ് വൻകിട കുത്തക കമ്പനികളെ സഹായിക്കാനുള്ളതാണെന്ന് തോമസ് ഐസക് ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുൻ ധനമന്ത്രി പ്രതിഷേധം അറിയിച്ചത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം 

പുതിയ ജി.എസ്.ടി നിരക്ക് ഘടന കുത്തക കമ്പനികളെ സഹായിക്കാൻ വേണ്ടിയുള്ള കേന്ദ്രത്തിന്റെ ആസൂത്രിതമായ നീക്കമാണ്. ബ്രാൻഡ് ചെയ്ത് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങൾ 26 കിലോ പായ്ക്കറ്റിലാക്കിയാൽ നികുതി വെട്ടിപ്പ് നടത്താം. വലിയ നികുതി ചോർച്ചയിലേക്കാണ് ഇതു നയിക്കുക.
ജി.എസ്.ടി നികുതി വർദ്ധിപ്പിച്ചതു സംബന്ധിച്ച് നിർമ്മലാ സീതാരാമന്റെ 14 ട്വീറ്റുകളുടെ ഒരു പരമ്പര ഉണ്ടായിരുന്നു. ഭക്ഷ്യധാന്യങ്ങൾ, അവയുടെ പൊടികൾ, തൈര് തുടങ്ങിയ 11 ഭക്ഷ്യപദാർത്ഥങ്ങളുടെ ലിസ്റ്റ് നൽകിയിട്ട് അവർ പ്രഖ്യാപിക്കുന്നത് ഇതാണ്: “താഴെപ്പറയുന്ന ലിസ്റ്റിലെ ഇനങ്ങൾ മുൻകൂർ ലേബൽ ചെയ്യാതെയോ, പാക്ക് ചെയ്യാതെയോ ചില്ലറയായി വിറ്റാൽ അവയുടെ മേൽ ജി.എസ്.ടി നികുതി ബാധകമാവില്ല.”
കേന്ദ്ര ധനമന്ത്രിയുടെ സാമർത്ഥ്യം സമ്മതിച്ചേതീരൂ. നികുതി വർദ്ധിപ്പിച്ചത് എന്തോ വലിയ ആനുകൂല്യം നൽകിയെന്ന മട്ടിലാണ് അവതരിപ്പിക്കുന്നത്. മുൻപുണ്ടായിരുന്ന സ്ഥിതി എന്തായിരുന്നു? മേൽപ്പറഞ്ഞവ ബ്രാൻഡ് ചെയ്ത പാക്കറ്റുകളിൽ വിറ്റാൽ മാത്രമേ 5% നികുതി ബാധകമാകുമായിരുന്നുള്ളൂ. രജിസ്റ്റേർഡ് ബ്രാൻഡ് അല്ലാതെ വെറും പേരാണെങ്കിലോ, പേരൊന്നും ഇല്ലെങ്കിലോ നികുതി കൊടുക്കേണ്ടതില്ല.
ഇനിമേൽ മുൻകൂർ പായ്ക്ക് ചെയ്തു വിറ്റാൽ നികുതി കൊടുക്കണം. ഉദാഹരണത്തിന് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഉൽപ്പന്നങ്ങൾ എല്ലാം പ്ലാസ്റ്റിക് കവറിൽ അരക്കിലോ ഒരുകിലോ പാക്ക് ചെയ്താണു വിൽക്കുന്നത്. ഇതുകൊണ്ടുള്ള ഗുണം പലതാണ്. ഒന്ന്, തൂക്കം കൃത്യമായിട്ട് ഉണ്ടാകും. രണ്ട്, സാധനങ്ങൾ വാങ്ങാൻ എളുപ്പമാണ്. എന്നാൽ പുതിയ നിയമം വന്നതോടെ ഇതിനും നികുതി വേണം. സിവിൽ സപ്ലൈസ് കോർപ്പറേഷൻ വില വർദ്ധിപ്പിച്ചുവെന്നു ചില പത്ര റിപ്പോർട്ടുകൾ വായിച്ചു.
ഇതിന് നിർമ്മലാ സീതാരാമൻ പറയുന്ന കാരണം വിചിത്രമാണ്. 
പല കമ്പനികളും ബ്രാൻഡ് വേണ്ടെന്നുവച്ച് വിൽക്കുന്നതുകൊണ്ട് നികുതി ചോരുന്നു. ബ്രാൻഡ് വേണ്ടെന്ന് ഏതെങ്കിലുമൊരു വലിയ വ്യാപാര സ്ഥാപനം ഒരിക്കലും തീരുമാനിക്കില്ല. കാരണം അത്രയേറെ പരസ്യവും മറ്റും നൽകി ബ്രാൻഡ് സ്ഥാപിച്ച് എടുത്തിട്ടുള്ളതാണ്. കുടുംബശ്രീയോ ചെറുകിട കച്ചവടക്കാരോ ബേക്കറികളോ മറ്റോ തങ്ങളുടെ ബ്രാൻഡിനു രജിസ്ട്രേഷൻ വേണ്ടെന്നുവച്ചു കാണാം. ഇതിനെയാണ് പർവ്വതീകരിച്ചു വലിയ പ്രശ്നമാക്കുന്നത്. 
ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന സംവിധാനത്തിലും നികുതി ചോരാമല്ലോ. 25 കിലോ പാക്കറ്റിനു പകരം 26 കിലോ ആക്കിയാൽ നികുതി നൽകണ്ട. വൻകിട കമ്പനികളെല്ലാം ചെയ്യാൻ പോകുന്നത് ഇതാണ്. നേരത്തേ ബ്രാൻഡ് ഉണ്ടായിരുന്നപ്പോൾ എത്ര കിലോ പായ്ക്കറ്റാണെങ്കിലും നികുതി നൽകണമായിരുന്നു. പുതിയ സംവിധാനമാണ് നികുതി വെട്ടിപ്പിന് ഇടയാക്കാൻ പോകുന്നത്.
നിർമ്മലാ സീതാരാമൻ കുത്തക കമ്പനികളുടെ വക്കാലത്ത് എടുത്തിരിക്കുകയാണ്. നേരത്തേ ബ്രാൻഡുള്ള വൻകിടക്കാർക്ക് നികുതിയിൽ നിന്ന് ഒഴിവാകാൻ പറ്റുമായിരുന്നില്ല. അതേസമയം ചെറുകിടക്കാർ ബ്രാൻഡ് വേണ്ടെന്നുവച്ച് പേരില്ലാതെ പായ്ക്കറ്റുകളിലാക്കി വിൽക്കുമായിരുന്നു. ഈ വിവേചനത്തെക്കുറിച്ച് വൻകിട കമ്പനികൾ കേന്ദ്രത്തിന് പരാതി നൽകിയെന്നാണ് ട്വീറ്റിൽ അവർ പറയുന്നത്. അറിയാതെ അവർ പറഞ്ഞുവയ്ക്കുന്നത് വൻകിട കമ്പനികളെ സഹായിക്കാനാണ് പുതിയ നിലപാടെന്നാണ്.
നിർമ്മലാ സീതാരാമന്റെ മറ്റൊരു വാദം സംസ്കരിച്ച ഉൽപ്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്താതിരുന്നാൽ അവ സംസ്കരിക്കുന്ന ഫാക്ടറികൾക്കും മറ്റും ഇൻപുട്ട് ക്രെഡിറ്റ് കിട്ടാതെ വരും. കാരണം അവ സംസ്കരിച്ച ഉൽപ്പന്നം വിൽക്കുമ്പോൾ ലഭിക്കുന്ന ഔട്ട്പുട്ട് ടാക്സിൽ നിന്നാണല്ലോ ഇൻപുട്ട് ടാക്സ് കിഴിച്ച് ശിഷ്ടമാണ് സർക്കാരിൽ നികുതിയായി അടയ്ക്കേണ്ടത്. ഈ പ്രശ്നം പരിഹരിക്കാൻവേണ്ടി അവശ്യസാധനങ്ങളുടെമേൽ നികുതി ചുമത്തേണ്ടതില്ല. കയറ്റുമതി ഉൽപ്പന്നങ്ങളെപ്പോലെ പൂജ്യം നികുതി ഏർപ്പെടുത്തിയാൽ മതി. 
രാജ്യം വലിയ വിലക്കയറ്റത്തെ നേരിടുമ്പോഴാണ് അവശ്യസാധനങ്ങളുടെമേലുള്ള നികുതി വർദ്ധനവ്. വിലക്കയറ്റത്തിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് ഭക്ഷ്യവിലകളിൽ ഉണ്ടായിട്ടുള്ള വർദ്ധനവാണ്. അവിടെ വീണ്ടും നികുതിമൂലം 5% വില ഉയരാൻ പോവുകയാണ്. തികച്ചും ജനവിരുദ്ധമാണ്. ഇത് നികുതി ചോർച്ച വർദ്ധിപ്പിക്കുകയേയുള്ളൂ. കുത്തക പ്രീണന നയത്തിന്റെ ഭാഗമാണ്. ജി.എസ്.ടി റവന്യു വരുമാനം വർദ്ധിപ്പിക്കണമെങ്കിൽ സാധാരണക്കാരുടെ അവശ്യസാധനങ്ങളുടെമേൽ നികുതി വർദ്ധിപ്പിക്കുക അല്ല, മറിച്ച് കുറച്ച ആഡംബര വസ്തുക്കളുടെ മേലുള്ള നികുതി പുനസ്ഥാപിക്കുകയാണ് ചെയ്യേണ്ടത്.

Read Also: ചില്ലറയായി തൂക്കി വിൽക്കുന്ന സാധങ്ങൾക്ക് ജിഎസ്ടി ഉണ്ടാവില്ല; വ്യക്തത വരുത്തി നിർമ്മല സീതാരാമൻ

Follow Us:
Download App:
  • android
  • ios