നിലവില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന നികുതികളില്‍ വലിയ കുറവ് വരുത്താന്‍ ഈ കരാര്‍ സഹായിക്കും

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള 500 ബില്യണ്‍ ഡോളറിന്റെ ഇടക്കാല വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന നികുതികളില്‍ വലിയ കുറവ് വരുത്താന്‍ ഈ കരാര്‍ സഹായിക്കും.

ഈ കരാറിലൂടെ വിവിധ മേഖലകളില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ ഇവയാണ്.

മരുന്നുകള്‍ : അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ മരുന്നുകള്‍ കയറ്റി അയക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജെനറിക് മരുന്നുകള്‍ക്കും മരുന്ന് നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കും നികുതി ഇളവ് ലഭിക്കുന്നതോടെ ഈ മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും.

വിമാന ഭാഗങ്ങള്‍: വിമാന നിര്‍മ്മാണത്തിനാവശ്യമായ വിവിധ ഘടകഭാഗങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഇനി കുറഞ്ഞ നികുതിയില്‍ അമേരിക്കയിലേക്ക് അയക്കാം. മുന്‍പ് അലുമിനിയം, സ്റ്റീല്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കും.

രത്‌നങ്ങളും വജ്രങ്ങളും: ഇന്ത്യയിലെ വജ്രവ്യാപാര മേഖലയ്ക്ക് ഈ കരാര്‍ വലിയ ഉണര്‍വ് നല്‍കും.

വാഹന ഭാഗങ്ങള്‍ : ഇന്ത്യന്‍ നിര്‍മ്മിത വാഹന ഘടകഭാഗങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ പ്രത്യേക പരിഗണന ലഭിക്കും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ ഇത് ഇന്ത്യന്‍ കമ്പനികളെ സഹായിക്കും.

നികുതി ഇളവുകള്‍ ഇങ്ങനെ

നിലവില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഏകദേശം 18 ശതമാനം നികുതിയാണ് അമേരിക്ക ചുമത്തുന്നത്. എന്നാല്‍ കരാര്‍ പൂര്‍ണ്ണരൂപത്തിലാകുന്നതോടെ മുകളില്‍ പറഞ്ഞ പ്രധാന ഉല്‍പ്പന്നങ്ങളുടെ നികുതി അമേരിക്ക പൂര്‍ണ്ണമായും ഒഴിവാക്കും. ഇത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വിദേശ വിപണിയില്‍ കൂടുതല്‍ ലാഭമുണ്ടാക്കാന്‍ സഹായിക്കും.

ഡിജിറ്റല്‍ വ്യാപാരവും സുരക്ഷയും

ഉല്‍പ്പന്നങ്ങളുടെ കൈമാറ്റത്തില്‍ മാത്രമല്ല, ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലും ഇരുരാജ്യങ്ങളും സഹകരിക്കും. ഓണ്‍ലൈന്‍ വ്യാപാരം സുഗമമാക്കുന്നതിനും സാങ്കേതിക വിദ്യകള്‍ പരസ്പരം കൈമാറുന്നതിനും പുതിയ നിയമങ്ങള്‍ കൊണ്ടുവരും. കൂടാതെ, ചൈനയെപ്പോലെയുള്ള മറ്റു രാജ്യങ്ങളുടെ വിപണി ഇടപെടലുകളെ പ്രതിരോധിക്കാനും ഇന്ത്യയും അമേരിക്കയും സംയുക്തമായി പ്രവര്‍ത്തിക്കും.

ഈ കരാര്‍ നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ വ്യാപാരികള്‍ക്ക് അമേരിക്കന്‍ വിപണിയിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ പ്രവേശിക്കാം. കുറഞ്ഞ ചിലവില്‍ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയുന്നത് ഇന്ത്യയിലെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകാനും സഹായിക്കും.