പരസ്യങ്ങളിലെ നിയമലംഘനങ്ങളുടെ ഏറ്റവും വലിയ ഉറവിടം ഇന്‍സ്റ്റാഗ്രാമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ മുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വരെ, കണ്ണുമടച്ച് വിശ്വസിക്കുന്ന ബ്രാന്‍ഡുകള്‍ ഉപഭോക്താക്കളെ കബളിപ്പിക്കുകയാണോ? ഇന്ത്യയിലെ പരസ്യങ്ങള്‍ നിയന്ത്രിക്കുന്ന പരമോന്നത സമിതിയായ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. മാമഎര്‍ത്ത് , ലോറിയല്‍ ഇന്ത്യ , ആപ്പിള്‍ , ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകളാണ് പരസ്യങ്ങളിലെ നിയമലംഘനങ്ങളുടെ പേരില്‍ കുടുങ്ങിയിരിക്കുന്നത്.

98% പരസ്യങ്ങളും കള്ളം!

2024-25 സാമ്പത്തിക വര്‍ഷത്തിലെ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, പരിശോധിച്ച 9,500-ല്‍ അധികം പരസ്യങ്ങളില്‍ 98 ശതമാനവും തെറ്റിദ്ധാരണ പരത്തുന്നതോ നിയമലംഘനം നടത്തുന്നതോ ആണെന്ന് കണ്ടെത്തി! ഇന്ത്യയുടെ കുതിച്ചുയരുന്ന കണ്‍സ്യൂമര്‍ വിപണിയില്‍ ഡിജിറ്റല്‍ പരസ്യങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് ഇത് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

വമ്പന്‍മാര്‍ക്കെതിരെ നടപടി!

സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളുടെ ബ്രാന്‍ഡായ മാമഎര്‍ത്തിന്റെ മാതൃകമ്പനിയായ ഹൊന്‍സയുടെ 31 പരസ്യങ്ങളില്‍ 29 എണ്ണത്തിലും ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തി. ഡോ.ഷെത്ത്‌സിന്റെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഫ്യൂഷന്റെ അഞ്ച് പരസ്യങ്ങളും ലോട്ടസ് ഹെര്‍ബല്‍സിന്റ അഞ്ച് പരസ്യങ്ങളും പൂര്‍ണ്ണമായും നിയമലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തി. ലോറിയല്‍ ഇന്ത്യയുടെ 26 പരസ്യങ്ങളില്‍ 24 എണ്ണത്തിലും, ആപ്പിള്‍ ഇന്ത്യയുടെ 19 പരസ്യങ്ങളില്‍ 16 എണ്ണത്തിലും മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ 21 പരസ്യങ്ങളില്‍ 15 എണ്ണവും നിയമലംഘനം നടത്തിയതായി കണ്ടെത്തി.

ഇന്‍സ്റ്റാഗ്രാം കുഴപ്പങ്ങളുടെ കൂടാരം!

പരസ്യങ്ങളിലെ നിയമലംഘനങ്ങളുടെ ഏറ്റവും വലിയ ഉറവിടം ഇന്‍സ്റ്റാഗ്രാമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പരമ്പരാഗത മാധ്യമങ്ങളെ അപേക്ഷിച്ച് ഇവിടെ നിയന്ത്രണങ്ങള്‍ വളരെ കുറവായതാണ് ഇതിന് കാരണം, ടെലിവിഷന്‍, പ്രിന്റ് മീഡിയ എന്നിവയില്‍ നിയമലംഘനങ്ങള്‍ വളരെ കുറവാണ്. ശക്തമായ നിയന്ത്രണങ്ങളാണ് ഇതിന് കാരണം.

വാതുവെപ്പും റിയല്‍ എസ്റ്റേറ്റും മുന്നില്‍!

വാതുവെപ്പ്, റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങളാണ് നിയമലംഘനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഓഫ്ഷോര്‍ ചൂതാട്ട പരസ്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 135% വര്‍ധിച്ച് 3,081 ആയി. മിക്ക വാതുവെപ്പ് കമ്പനികളും ഇന്ത്യക്ക് പുറത്തായതിനാല്‍ നടപടികള്‍ ബുദ്ധിമുട്ടാണെന്ന് എ എസ് സി ഐ പറയുന്നു. മരുന്നുകളുടെ തെറ്റായ ആരോഗ്യ അവകാശവാദങ്ങള്‍, മദ്യ, പുകയില പരസ്യങ്ങള്‍ എന്നിവയും അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ട്. ലൂഡോ ഗെയിമുകള്‍ക്ക് പേരുകേട്ട സൂപിയുടെയുടെ 12 പരസ്യങ്ങളും നിയമലംഘനം നടത്തിയതായി കണ്ടെത്തി. മോസ്റ്റ്‌ബെറ്റ്, വിന്‍മാച്ച്, 4റാബെറ്റ്, മെല്‍ബെറ്റ്, 1എക്‌സ്‌ബെറ്റ്, പാരിമാച്ച് തുടങ്ങിയ ഓഫ്ഷോര്‍ വാതുവെപ്പ് കമ്പനികള്‍ക്കെതിരെയും ആയിരക്കണക്കിന് പരാതികള്‍ ലഭിച്ചിട്ടുണ്ട്.

ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ സൂക്ഷിക്കുക!

ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിംഗും അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിരീക്ഷണത്തിലാണ്. 100 ഇന്‍ഫ്‌ലുവന്‍സര്‍ പോസ്റ്റുകള്‍ പരിശോധിച്ചതില്‍ മൂന്നില്‍ രണ്ട് ഭാഗവും പണം കൈപ്പറ്റിയുള്ള പരസ്യങ്ങളാണെന്ന് വ്യക്തമാക്കാത്തവയാണെന്ന് കണ്ടെത്തി. ഹാഷ്ടാഗുകളായി മറച്ചുവെച്ചോ പൂര്‍ണ്ണമായും ഒഴിവാക്കിയോ ആയിരുന്നു പലപ്പോഴും ഈ വെളിപ്പെടുത്തലുകള്‍. പല ഇന്‍ഫ്‌ലുവന്‍സര്‍മാരും തെറ്റ് തിരുത്തിയെങ്കിലും ചില കേസുകള്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.