ദില്ലി: കൊറോണ വൈറസ് പ്രതിസന്ധികൾക്കി‌‌ടയിലും സമ്പദ്‍വ്യവസ്ഥയുടെ ചലനാത്മകത വർദ്ധിച്ചത് സാമ്പത്തിക വീണ്ടെടുക്കലിനെ ത്വരിതപ്പെടുത്തിയതിനാൽ ഒക്ടോബറിലെ ഇന്ത്യയുടെ ഇന്ധന ഉപഭോഗത്തിൽ വൻ വർധന. ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് വാർഷികാടിസ്ഥാനത്തിൽ എണ്ണ ഉപയോ​ഗത്തിൽ വർധന റിപ്പോർട്ട് ചെയ്യുന്നത്. 

എണ്ണ ആവശ്യകത കണക്കക്കാനുളള മാനദണ്ഡമായ ശുദ്ധീകരിച്ച ഇന്ധനങ്ങളുടെ ഉപഭോഗം മുൻവർഷത്തെ അപേക്ഷിച്ച് ഒക്ടോബറിൽ 2.5 ശതമാനം ഉയർന്ന് 17.78 ദശലക്ഷം ടണ്ണായി. പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലുളള പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) ഡാറ്റ പ്രകാരം ഇന്ധന ഉപഭോ​ഗം മുൻ മാസത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണ്. 

"ജിഎസ്ടി (ഗുഡ്സ് ആന്റ് സർവീസസ് ടാക്സ്) വരുമാനം, ഊർജ്ജ ഡിമാൻഡ്, പിഎംഐ തുടങ്ങിയവയിൽ ഉണ്ടായ ഉണർവ് സാമ്പത്തിക പ്രവർത്തനങ്ങളിലെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. വിപണി ഡിമാൻഡ് സാധാരണ നിലയിലേക്ക് എത്തുന്നു, ”ഐസിആർഎയിലെ (മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസിന്റെ യൂണിറ്റ്) സീനിയർ വൈസ് പ്രസിഡന്റ് കെ രവിചന്ദ്രൻ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.

പൊതുഗതാഗതം ക്രമേണ വർദ്ധിക്കുന്നതോടെ ഇന്ധന ആവശ്യം കൂടുതൽ മെച്ചപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.