മുംബൈ: അമേരിക്ക- ചൈന വ്യാപാര യുദ്ധം അടക്കമുളള സംഘര്‍ഷങ്ങള്‍ മൂലം ലോക സമ്പദ്‍വ്യവസ്ഥയില്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന്  ജി 20 സമ്മേളനം. ജപ്പാനിലെ ഫുക്കുവോക്കയില്‍ നടന്ന ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും സമ്മേളനമാണ് ലോകത്തെ ആശങ്കയിലാക്കുന്ന ഈ വിലയിരുത്തല്‍ നടത്തിയത്.

അന്താരാഷ്ട്ര തലത്തില്‍ പ്രതികൂല ഘടകങ്ങള്‍ മൂലമുളള അപകടാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നതായി ജാപ്പനീസ് ധനമന്ത്രി താരോ അസോ അഭിപ്രായപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥകളായ അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര സംഘര്‍ഷം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ രാജ്യന്തര വിപണിയുടെ ആത്മവിശ്വാസം തകരുമെന്ന് ജപ്പാന്‍ വിലയിരുത്തി. 

ആഗോള സമ്പദ്‍വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വാണിജ്യ സംഘര്‍ഷങ്ങളാണെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ഡ് ചൂണ്ടിക്കാട്ടി. ചൈനയിലും യൂറോപ്പിലും മറ്റ് മേഖലകളിലും മാന്ദ്യമുണ്ടെന്നുള്ളത് വ്യക്തമാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുന്‍ചിന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മാന്ദ്യത്തിന് കാരണം വാണിജ്യ സംഘര്‍ഷങ്ങളല്ലെന്ന നിലപാടിലാണ് അമേരിക്ക.