Asianet News MalayalamAsianet News Malayalam

Adani : ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാവായി ഗൗതം അദാനി

സ്വിസ് ബിൽഡിംഗ് മെറ്റീരിയൽസ് നിർമാതാക്കളായ ഹോൾസിം ലിമിറ്റഡിന്റെ കീഴിലുള്ള അംബുജ സിമന്റ്‌സും എസിസി ലിമിറ്റഡും സ്വന്തമാക്കി  ഗൗതം അദാനി.

Gautam Adani to become Indias second-biggest cement maker with Holcim deal
Author
Trivandrum, First Published May 16, 2022, 3:30 PM IST

സ്വിസ് ബിൽഡിംഗ് മെറ്റീരിയൽസ് നിർമാതാക്കളായ ഹോൾസിം ലിമിറ്റഡിന്റെ (Holcim) കീഴിലുള്ള അംബുജ സിമന്റ്‌സും (Ambuja Cements) എസിസി ലിമിറ്റഡും (ACC) സ്വന്തമാക്കി  ഗൗതം അദാനി (Gautam Adani). ഇതോടെ ഏഷ്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനി ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാവാകും. 

ഹോൾസിം ഓഹരികൾ 10.5 ബില്യൺ ഡോളറിനായിരിക്കും അദാനി ഗ്രൂപ്പ് സ്വന്തമാക്കുക. അതായത് ഏകദേശം 80,000 കോടി രൂപയ്ക്ക്. അംബുജ സിമന്റ്‌സിന്റെ 63.19 ശതമാനവും എസിസിയുടെ 54.53 ശതമാനവും ആയിരിക്കും ഏറ്റെടുക്കുക എന്ന് ഇരു കമ്പനികളും അറിയിച്ചിട്ടുണ്ട്. ഹോൾസിം ഓഹരിയുടെ മൂല്യവും  അംബുജ സിമന്റ്‌സിനും എസിസിക്കുമായി അദാനി ഗ്രൂപ്പ് നടത്തിയ ഓപ്പൺ ഓഫറും അദാനി ഗ്രൂപ്പിന്റെ എക്കാലത്തെയും വലിയ ഏറ്റെടുക്കലായി ഈ കരാറിനെ മാറ്റുന്നു. 

സിമന്റ് ഉത്പാദന സമയത്ത് ഉയർന്ന തോതിലുള്ള കാർബൺ പുറന്തള്ളുന്നുണ്ട്. സിമന്റ് ഉൽപ്പാദനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുന്ന ഹോൾസിമിന്റെ ഏറ്റവും പുതിയ നീക്കമാണ് ഓഹരി വിറ്റഴിക്കൽ. അതിനാൽ തന്നെ പാരിസ്ഥിക പ്രശ്നങ്ങൾ കണക്കിലെടുത്ത് നിരവധി നിക്ഷേപകർ ഇതിൽ നിന്നും പിന്മാറിയിട്ടുണ്ട്. നിലവിൽ അംബുജയ്ക്കും എസിസിക്കും പ്രതിവർഷം കുറഞ്ഞത് 70 ദശലക്ഷം ടൺ സിമന്റ് ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അംബുജ സിമന്റിന് 14 സിമന്റ് പ്ലാന്റുകൾ ആണ്ഉള്ളത്.  ഇവിടെ 4,700 ആളുകൾ ജോലി ചെയ്യുന്നുണ്ട്. എസിസിക്ക് 17 സിമന്റ് പ്ലാന്റുകളും 78 റെഡി മിക്‌സ് കോൺക്രീറ്റ് ഫാക്ടറികളും ഉണ്ട്. ഇവിടെ 6000 പേർ ജോലി ചെയ്യുന്നു.

ഫ്രഞ്ച് കമ്പനിയായ ലഫാർജുമായി ഹോൾസിം ലയിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വിറ്റഴിക്കലായിരുന്നു കഴിഞ്ഞ ദിവസം നടന്നതെന്ന് കമ്പനിയുടെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios