അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാഴ്ച നീണ്ട ആക്രമണങ്ങൾക്ക് താൽക്കാലിക വിരാമമായതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ ഇടിവ്. ബ്രെൻ്റ്, ഡബ്ല്യുടിഐ ക്രൂഡ് വിലകൾ യഥാക്രമം 4.1%, 4.5% കുറഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും ഹോർമൂസ് കടലിടുക്കിലെയും ചെങ്കടലിലെയും സുരക്ഷാ ഭീഷണികളും റഷ്യ- ഉക്രെയ്ൻ യുദ്ധവും എണ്ണ വിതരണത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്.
വാഷിംഗ്ടൺ: രണ്ടാഴ്ച നീണ്ടുനിന്ന പരസ്പര ആക്രമണങ്ങൾക്ക് ശേഷം അമേരിക്കയും ഇറാനും വ്യോമാക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. സംഘർഷം അയയുന്നതിനും ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിനും നയതന്ത്ര പരിഹാരം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ അന്താരാഷ്ട്ര വിപണിയിൽ ബ്രെൻ്റ് ക്രൂഡ് (Brent crude) വില ബാരലിന് 4.1 ശതമാനം (3.96 ഡോളർ) കുറഞ്ഞ് 92.82 ഡോളറിലെത്തി. വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ വില 90 ഡോളറിന് താഴേക്ക് പോലും പതിച്ചിരുന്നു.
യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് വില ബാരലിന് 4.5 ശതമാനം (4.02 ഡോളർ) ഇടിഞ്ഞ് 85.29 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന എണ്ണവില, ഒരു ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഹോർമൂസ് കടലിടുക്ക് വഴിയുള്ള എണ്ണക്കടത്ത് തടസ്സപ്പെടുകയും ചെങ്കടലിലേക്ക് സംഘർഷം പടരുകയും ചെയ്തതോടെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യയുടെ ബാബ് എൽ-മന്ദെബ് (Bab el-Mandeb) കടലിടുക്ക് വഴിയുള്ള ഏഷ്യൻ കയറ്റുമതി സങ്കീർണ്ണമായിരുന്നു.
ഇതോടെ ബ്രെൻ്റ് ക്രൂഡ് വില ബാരലിന് 100 ഡോളർ വരെ ഉയർന്ന സാഹചര്യവുമുണ്ടായി. എന്നാൽ, നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായി ആക്രമണങ്ങൾ നിർത്തിവെക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചതായി ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്സ് വ്യക്തമാക്കി. അതേസമയം, ആക്രമണങ്ങൾ നിർത്തിവെച്ചെങ്കിലും ഇത് വരെ ഹോർമൂസ് കടലിടുക്കിലൂടെ പത്തിൽ താഴെ ചരക്കുകപ്പലുകൾ മാത്രമാണ് പ്രതിദിനം സഞ്ചരിച്ചതെന്ന് കെപ്ലർ ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു. സുരക്ഷാ കാര്യങ്ങളിൽ പൂർണ്ണ ഉറപ്പ് ലഭിക്കാതെ ഭൂരിഭാഗം കപ്പൽ കമ്പനികളും സർവീസുകൾ പൂർണ്ണമായി പുനരാരംഭിക്കാൻ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ, ചെങ്കടൽ തീരത്തെ സൗദി എണ്ണകേന്ദ്രങ്ങൾക്ക് നേരെ യെമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തെത്തുടർന്ന് ബാബ് എൽ-മന്ദെബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഞായറാഴ്ച വീണ്ടും കുറഞ്ഞു. എന്നാൽ ഈ വഴിയിലൂടെ മൂന്നാമതൊരു ചൈനീസ് സൂപ്പർടാങ്കർ കൂടി യാത്ര പൂർത്തിയാക്കിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ ഷിപ്പിംഗ് ഭീഷണികളും റഷ്യ-ഉക്രെയ്ൻ യുദ്ധവും തുടരുന്നതിനാൽ വിതരണം വീണ്ടും തടസ്സപ്പെട്ടാൽ എണ്ണവില ഉയർന്നുതന്നെ നിൽക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. വാരാന്ത്യത്തിൽ റഷ്യൻ എണ്ണകേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഉക്രെയ്ൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ആഗോള പണപ്പെരുപ്പത്തിന് വീണ്ടും വെല്ലുവിളിയായേക്കാം എന്ന് യുഒബി (UOB) സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.


