സാമ്പത്തിക പ്രതിസന്ധിയോ, രൂക്ഷമായ വിലക്കയറ്റമോ ഉണ്ടാകുമ്പോൾ നിക്ഷേപകർ സുരക്ഷിത നിക്ഷേപമായി കാണുന്നത് സ്വർണത്തെയാണ്. സ്വർണം, അടുത്തിടെ ഔൺസിന് 4,000 ഡോളർ എന്ന വലിയ കടമ്പയും കടന്നു.

ലോകം പ്രതിസന്ധിയിലായിരിക്കുമ്പോൾ, നിക്ഷേപകർ ആശ്രയം തേടുന്നത് സ്വർണത്തിലെന്ന് കണക്കുകൾ. ഈ വർഷം സ്വർണ വിലയിൽ അസാധാരണമായ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ 54% വില വർധിച്ച സ്വർണം, അടുത്തിടെ ഔൺസിന് 4,000 ഡോളർ (ഏകദേശം 3.33 ലക്ഷം രൂപ) എന്ന വലിയ കടമ്പയും കടന്നു. ഇത് 1979-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.

എന്തുകൊണ്ട് സ്വർണത്തിന് ഇത്ര ഡിമാൻഡ്?

വിലക്കയറ്റം, സാമ്പത്തിക അനിശ്ചിതത്വം, ഡോളറിന്റെ മൂല്യത്തകർച്ച, ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയെല്ലാമാണ് സ്വർണവില കുതിച്ചുയരാൻ പ്രധാന കാരണം. സാമ്പത്തിക പ്രതിസന്ധിയോ, രൂക്ഷമായ വിലക്കയറ്റമോ ഉണ്ടാകുമ്പോൾ നിക്ഷേപകർ സുരക്ഷിത നിക്ഷേപമായി കാണുന്നത് സ്വർണത്തെയാണ്. ഓഹരികൾ ബോണ്ടുകൾ എന്നിവ പോലെ , സ്വർണത്തിന്റെ മൂല്യം ഏതെങ്കിലും ഒരു രാജ്യത്തെയോ സമ്പദ്‌വ്യവസ്ഥയെയോ ആശ്രയിക്കുന്നില്ല. അതിനാൽ, മറ്റ് നിക്ഷേപങ്ങൾ അപകടത്തിലാണെന്ന് തോന്നുമ്പോൾ, സ്വർണം ആകർഷകമായ നിക്ഷേപമായി മാറുന്നു.

പണപ്പെരുപ്പം 

കഴിഞ്ഞ നാല് വർഷത്തിലേറെയായി യുഎസിൽ പണപ്പെരുപ്പം ഫെഡറൽ റിസർവിന്റെ 2% എന്ന ലക്ഷ്യത്തിനും മുകളിലാണ്. ഇത് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു.

കൂടിയ നികുതികളും അനിശ്ചിതത്വവും

വർധിച്ച താരിഫ് നിരക്കുകളും, പലപ്പോഴായി ഉണ്ടാകുന്ന സർക്കാർ സ്തംഭനങ്ങളും സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്.

സ്വർണം കുതിച്ചുയരുമ്പോൾ തന്നെ ഓഹരി വിപണിയും ശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതിന് കാരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതിക മേഖലയിലെ വൻകിട കമ്പനികളുടെ മികച്ച വളർച്ചയാണ്. ചുരുക്കത്തിൽ, സ്വർണം നിക്ഷേപകരുടെ സുരക്ഷിതമായ ആശ്രയം ആകുമ്പോൾ, ഓഹരി വിപണി, പ്രത്യേകിച്ച് സാങ്കേതിക മേഖലയിലെ ഭാവി വളർച്ചയിലുള്ള ശുഭാപ്തിവിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്.

ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങി ശേഖരിക്കുന്നത് വലിയ അളവിൽ വർദ്ധിപ്പിച്ചു. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യക്ക് ഉപരോധം നേരിടേണ്ടി വന്നതോടെ, പല രാജ്യങ്ങളും തങ്ങളുടെ കറൻസി, ആസ്തി എന്നിവ സംബന്ധിച്ച നയങ്ങൾ പുനഃപരിശോദിച്ചു തുടങ്ങിയിട്ടുണ്ട്.

ഡോളറിന്റെ തകർച്ച: സുരക്ഷിതം സ്വർണം!

കഴിഞ്ഞ പതിറ്റാണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ യുഎസ് ഡോളർ അസാധാരണമാംവിധം ദുർബലമാണ്. ഇത് മറ്റ് കറൻസികൾ കൈവശമുള്ള നിക്ഷേപകർക്ക് സ്വർണംകൂടുതൽ ആകർഷകമാക്കുന്നു.ലോകത്തിലെ പ്രധാനപ്പെട്ട സുരക്ഷിത കറൻസി എന്ന നിലയിൽ ഡോളറിലുള്ള വിശ്വാസം കുറയുന്ന ഈ പ്രവണത "ഡീ-ഡോളറൈസേഷൻ" എന്നും അറിയപ്പെടുന്നു.

സ്വർണ്ണവില 4,900 ഡോളറിലെത്താം: വിദഗ്ദ്ധ പ്രവചനം

ഗോൾഡ്മാൻ സാക്സ് ഉൾപ്പെടെയുള്ള സാമ്പത്തിക വിദഗ്ദ്ധർ, 2025 അവസാനത്തോടെ സ്വർണവില ഔൺസിന് 4,900 ഡോളർ (ഏകദേശം 4 ലക്ഷം രൂപ) വരെ ഉയരുമെന്ന് പ്രവചിക്കുന്നു. കേന്ദ്ര ബാങ്കുകളിൽ നിന്നും സാധാരണ നിക്ഷേപകരിൽ നിന്നുമുള്ള ശക്തമായ ഡിമാൻഡ് തുടരുന്നതും, ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയുമാണ് ഈ പ്രവചനത്തിന് ആധാരം.

ചുരുക്കത്തിൽ, വിലക്കയറ്റം, രാഷ്ട്രീയപരമായ അപകടസാധ്യതകൾ, അല്ലെങ്കിൽ കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയിൽ നിന്ന് സമ്പത്തിനെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക്, സ്വർണം ഇപ്പോഴും പ്രധാന ആശ്രയമാണ്.