തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 75 രൂപയാണ് കൂടിയത്. പവന് 600 രൂപയും ഉയർന്നു. ​ഗ്രാമിന് 4,590 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 36,720 രൂപയും. 

ഡിസംബർ രണ്ടിന്, ​ഗ്രാമിന് 4,515 രൂപയായിരുന്നു നിരക്ക്. പവന് 36,120 രൂപയും. കഴിഞ്ഞ 24 മണിക്കൂറിനിടെ അന്താരാഷ്‌ട്ര സ്വർണവില വൻ  വർധന റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,836 ഡോളറാണ് നിലവിലെ നിരക്ക്. 

കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വർണ വിലയുടെ ട്രെൻഡ് താഴേക്കായിരുന്നു. അന്താരാഷ്ട്ര സ്വർണ നിരക്ക് ഒരു ഘട്ടത്തിൽ 1770 ഡോളർ വരെ കുറഞ്ഞിരുന്നു. ഓഗസ്റ്റ് ഏഴിന് 2,080 ഡോളറിൽ എത്തിയതിനു ശേഷമുള്ള തുടർച്ചയായുള്ള വിലയിടിവിലാണ് സ്വർണം 1,770 ഡോളറിലേക്ക് നീങ്ങിയത്.

അന്താരാഷ്ട്ര സ്വർണ വില 1,770 ഡോളറിലെത്തിയതിനു ശേഷം ഇപ്പോൾ 1,836 ഡോളറിലേക്ക് നിരക്ക് വീണ്ടും ഉയർന്നു. തങ്കക്കട്ടികളുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് അൻപത് ലക്ഷം രൂപയിലേക്കെത്തിയിട്ടുണ്ട്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 73.77 എന്ന നിലയിലാണ്.

സ്വർണ വില വളരെ കൂടുതലായി കുറഞ്ഞതിനാൽ 100 ഡോളർ വരെ കയറാമെന്നും വില 1,850 ഡോളർ കടന്നാൽ താൽക്കാലികമായി വീണ്ടും വില കൂടാമെന്നും, അതല്ല ചാഞ്ചാട്ട സാധ്യത തന്നെയാണെന്നും സൂചനകളുണ്ട്‌. വില കുറഞ്ഞത് മൂലം ഇന്ത്യയിൽ നിന്നടക്കം വൻ ഡിമാന്റ് എത്തിയതാണ് വളരെപ്പെട്ടന്ന് വില ഉയരാൻ കാരണം.