തിരുവനന്തപുരം: റെക്കോർഡുകൾ ഭേദിച്ച് സ്വർണവില മുന്നോട്ട്. ഒരു പവൻ സ്വർണത്തിന് 34,000 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,250 രൂപയും. ഇന്ന് മാത്രം ഒരു പവന് 200 രൂപയാണ് കൂടിയത്. ഈ മാസം മാത്രം 2,400 രൂപ ഒരു പവൻ സ്വർണത്തിന് ഉയർന്നു. 

കൊവിഡ് 19 നെ തുടർന്ന് ആഗോള സാമ്പത്തിക മേഖലയിലെ പ്രത്യാഘാതങ്ങളാണ് സ്വർണത്തിന്റെ വിലക്കയറ്റത്തിനും കാരണമാകുന്നത്. മറ്റ്  വിപണികളില്ലാത്തതിനാലും സുരക്ഷിതനിക്ഷേപമെന്ന നിലയിൽ ആഗോളനിക്ഷേപകർ സ്വർണത്തിൽ വാങ്ങിക്കൂട്ടുന്നതുമാണ് വില വർധിക്കാൻ കാരണം.

ഈ വർഷത്തെ അക്ഷയ തൃതീയ ആഘോഷം ഏപ്രിൽ 26 നാണ്. എന്നാൽ, സ്വർണ വ്യാപാര സ്ഥാപനങ്ങൾക്ക് ലോക്ക് ഡൗൺ ഇളവുകളില്ലാത്തതിനാൽ സംസ്ഥാനത്തെ ജ്വല്ലറികൾ അക്ഷയ തൃതീയയ്ക്ക് അടഞ്ഞുകിടക്കും. 2019 ലെ അക്ഷയ തൃതീയക്ക് സ്വർണ വില ഗ്രാമിന് 2,945 രൂപയായിരുന്നു. പവൻ വില 23,560 രൂപയും.