അനധികൃത സ്വര്‍ണ വ്യാപാരത്തിലൂടെ ഇവര്‍ പ്രതിവര്‍ഷം ഏകദേശം 2.5 ലക്ഷം കോടി രൂപ വരുമാനം നേടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്

നധികൃത സ്വര്‍ണ ഖനനത്തിലൂടെയും കള്ളക്കടത്തിലൂടെയും ആഗോള ഖനന മാഫിയയായി ചൈനീസ് ഗ്രൂപ്പുകള്‍ വളരുന്നതായി റിപ്പോര്‍ട്ട്. 15-ഓളം സ്വര്‍ണം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തി. ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പരമ്പരാഗത ഖനന രീതികളെ വന്‍കിട ബിസിനസുകളാക്കി മാറ്റുന്ന ചൈനീസ് സിന്‍ഡിക്കേറ്റുകള്‍, അഴിമതി, പരിസ്ഥിതി നാശം, എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കന്‍ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ചൈന തങ്ങളുടെ സ്വര്‍ണ ശേഖരം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചതാണ് സ്വര്‍ണത്തിനായുള്ള ആവശ്യം വര്‍ദ്ധിക്കാന്‍ കാരണം.

അനധികൃത ഖനനം ബിസിനസാക്കി

ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളിലെ ദുര്‍ബലമായ നിയമസംവിധാനങ്ങള്‍ മുതലെടുത്താണ് ചൈനയുടെ ഈ നീക്കം. ചൈനീസ് നിക്ഷേപകരും ഓപ്പറേറ്റര്‍മാരും നിയന്ത്രിക്കുന്ന, പശ്ചിമ കലിമന്തന്‍, പശ്ചിമ നുസ തെന്‍ഗാര തുടങ്ങിയ സ്ഥലങ്ങളിലെ പരമ്പരാഗത ഖനന കേന്ദ്രങ്ങളെ അത്യാധുനിക സംവിധാനങ്ങളുള്ള കേന്ദ്രങ്ങളാക്കി മാറ്റി. ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികളും രാസവസ്തുക്കളും ഉപയോഗിച്ച് വലിയ തോതിലുള്ള സ്വര്‍ണം നിയമവിരുദ്ധമായി ഇവര്‍ ഖനനം ചെയ്യുന്നു. ഇതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോ അനുമതികളോ ഇവര്‍ക്കില്ല.

നഷ്ടം കോടികള്‍, ജനങ്ങളുടെ പ്രതിഷേധം

ഇന്തോനേഷ്യയിലെ ലോംബോക്കിലെ സെകോട്ടോങ് ജില്ലയില്‍ ചൈനീസ് നിക്ഷേപകര്‍ അനധികൃത ഖനനത്തിലൂടെ പ്രതിമാസം 5.5 മില്യണ്‍ ഡോളറിലധികം (ഏകദേശം 45 കോടി രൂപ) സമ്പാദിച്ചിരുന്നു. എന്നാല്‍, ഖനനം കാരണം മലിനമായ വെള്ളവും നഷ്ടപ്പെട്ട കൃഷിയിടങ്ങളും കാരണം ജനങ്ങള്‍ പ്രതിഷേധിക്കുകയും 2024 ഓഗസ്റ്റില്‍ ഖനന സൈറ്റിന് തീയിടുകയും ചെയ്തതോടെയാണ് ഈ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.

ഇന്തോനേഷ്യയിലെ കെറ്റാപ്പാംഗില്‍ ലൈസന്‍സില്ലാതെ സ്വര്‍ണഖനി നടത്തിയ യു ഹാവോ എന്ന ചൈനീസ് പൗരനെ അറസ്റ്റ് ചെയ്ത സംഭവം ഇതിനൊരു ഉദാഹരണമാണ്. ഇയാളുടെ കമ്പനി വ്യാജരേഖകളിലൂടെയും ഷെല്‍ കോര്‍പ്പറേഷനുകളിലൂടെയും 67 മില്യണ്‍ ഡോളറിലധികം (ഏകദേശം 550 കോടി രൂപ) വിലവരുന്ന സ്വര്‍ണവും വെള്ളിയും അനധികൃതമായി ഖനനം ചെയ്തതായി പ്രോസിക്യൂഷന്‍ കണ്ടെത്തി. കോടതി ഇയാള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചെങ്കിലും പ്രാദേശിക കോടതി വിധി റദ്ദാക്കി. എന്നാല്‍, പിന്നീട് സുപ്രീം കോടതി ഇടപെട്ടാണ് വിധി ശരിവെച്ചത്.

വന്‍ വരുമാനം, പരിസ്ഥിതിക്ക് ദോഷം

ഖനന മാഫിയകള്‍ കാലാവധി കഴിഞ്ഞ ലൈസന്‍സുകളും ഉപയോഗിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയും നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചും ഇവര്‍ തട്ടിപ്പുകള്‍ തുടരുന്നു. ഈ മാഫിയകള്‍ക്ക് അന്താരാഷ്ട്ര കള്ളക്കടത്ത്, കള്ളപ്പണംവെളുപ്പിക്കല്‍ എന്നിവയുമായി ബന്ധമുണ്ടാകാം എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. അനധികൃത സ്വര്‍ണ വ്യാപാരത്തിലൂടെ ഇവര്‍ പ്രതിവര്‍ഷം 30 ബില്യണ്‍ ഡോളറിലധികം (ഏകദേശം 2.5 ലക്ഷം കോടി രൂപ) വരുമാനം നേടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്വര്‍ണം വേര്‍തിരിക്കാനായി ഉപയോഗിക്കുന്ന സയനൈഡും മെര്‍ക്കുറിയും പരിസ്ഥിതിക്ക് വലിയ നാശമുണ്ടാക്കുന്നു. ഇത് കൃഷി നശിപ്പിക്കുകയും, ജലസ്രോതസ്സുകള്‍ മലിനമാക്കുകയും, ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ചൈന അന്താരാഷ്ട്ര നിയന്ത്രണങ്ങളോട് സഹകരിക്കാന്‍ തയ്യാറാകാത്തതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.