സിഗരറ്റ് നികുതി: സിഗരറ്റുകളുടെ നീളത്തിനനുസരിച്ചാകും ഇനി നികുതി ചുമത്തുക. 1,000 സിഗരറ്റുകള്‍ക്ക് 2,700 രൂപ മുതല്‍ 11,000 രൂപ വരെ ലെവി ഏര്‍പ്പെടുത്താനാണ് നിര്‍ദേശം.

സിഗരറ്റ്, പാന്‍മസാല, മറ്റു പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നികുതി ഘടനയില്‍ മാറ്റം വരുത്തുന്ന നിര്‍ണ്ണായക ബില്ലുകള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സെന്‍ട്രല്‍ എക്‌സൈസ് (ഭേദഗതി) ബില്‍ 2025, 'ഹെല്‍ത്ത് സെക്യൂരിറ്റി സേ നാഷണല്‍ സെക്യൂരിറ്റി' സെസ് ബില്‍ 2025 എന്നിവയാണ് സഭയില്‍ വെച്ചത്.

പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ:

സിഗരറ്റ് നികുതി: സിഗരറ്റുകളുടെ നീളത്തിനനുസരിച്ചാകും ഇനി നികുതി ചുമത്തുക. 1,000 സിഗരറ്റുകള്‍ക്ക് 2,700 രൂപ മുതല്‍ 11,000 രൂപ വരെ ലെവി ഏര്‍പ്പെടുത്താനാണ് നിര്‍ദേശം.

65 എം.എം വരെ നീളമുള്ള ഫില്‍ട്ടര്‍ സിഗരറ്റുകള്‍ക്ക്: 1,000 എണ്ണത്തിന് 3,000 രൂപ.

65 മുതല്‍ 70 എം.എം വരെ നീളമുള്ളവയ്ക്ക്: 1,000 എണ്ണത്തിന് 4,500 രൂപ.

മറ്റു ഉല്‍പ്പന്നങ്ങള്‍: ചുരുട്ട് , ച്യൂയിങ് ടുബാക്കോ തുടങ്ങിയവയ്ക്ക് 25 ശതമാനം ഡ്യൂട്ടി ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.

പാന്‍മസാല: പാന്‍മസാല നിര്‍മ്മാണത്തിനുള്ള സെസ് കമ്പനികളിലെ മെഷീനുകളുടെ ഉല്‍പ്പാദന ശേഷി അടിസ്ഥാനമാക്കിയാകും ചുമത്തുക. ഇത് പാന്‍മസാല മേഖലയില്‍ പുതിയൊരു നികുതി ഘടന കൊണ്ടുവരും.

വിപണിയിലെ പ്രതികരണം

ബില്ലുകള്‍ അവതരിപ്പിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ പുകയില കമ്പനികള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. ഐടിസി ഓഹരികള്‍ ഉച്ചയോടെ 404.65 രൂപയില്‍ (0.1% വര്‍ധന) എത്തി. വിഎസ്ടി ഇന്‍ഡസ്ട്രീസ് നേരിയ നേട്ടം ഉണ്ടാക്കിയപ്പോള്‍, ഗോഡ്‌ഫ്രെ ഫിലിപ്സ് ഓഹരികള്‍ 1.2 ശതമാനം ഇടിഞ്ഞ് 2,840 രൂപയിലെത്തി.

ഉപയോക്താക്കളെ ബാധിക്കുമോ?

നിലവില്‍ സിഗരറ്റുകള്‍ക്കും മറ്റും ഈടാക്കുന്ന ജിഎസ്ടി കോമ്പന്‍സേഷന്‍ സെസ്സിന് പകരമായാണ് പുതിയ എക്‌സൈസ് ഭേദഗതി കൊണ്ടുവരുന്നത്. ജിഎസ്ടി നഷ്ടപരിഹാര കാലാവധി അവസാനിക്കുമ്പോള്‍ കേന്ദ്രത്തിന് നികുതി വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. അതേസമയം, നിലവിലെ നിര്‍ദേശങ്ങള്‍ കമ്പനികള്‍ക്ക് വലിയ നികുതി ബാധ്യത വരുത്തിവെക്കില്ലെന്നും, ഇത് 'ടാക്‌സ് ന്യൂട്രല്‍' ആണെന്നുമാണ് ഐസിഐസിഐ സെക്യൂരിറ്റീസ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ സിഗരറ്റ് വിലയില്‍ ഉടനടി വന്‍ വര്‍ധനവിന് സാധ്യതയില്ലെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

(നിയമപരമായ മുന്നറിയിപ്പ്: ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടുക)