ദില്ലി: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രം. 35,298 കോടി രുപയാണ് തിങ്കളാഴ്ച അനുവദിച്ചത്. നഷ്ടപരിഹാരം നല്‍കാത്തത് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ജിഎസ്ടി കൗൺസിൽ യോഗം ബുധനാഴ്ച ചേരാനിരിക്കെയാണ് തിരുമാനം വന്നത്.

ഓഗസ്റ്റ് മുതൽ ജിഎസ്ടി നടപ്പിയതിലൂടെ ഉണ്ടായ വരുമാന നഷ്ടത്തിന് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാന്‍, കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് നേരത്തെ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. എന്നാല്‍, വിതരണം എപ്പോഴുണ്ടാകുമെന്ന് വ്യക്തമാക്കാന്‍ ധനമന്ത്രി തയ്യാറായിരുന്നില്ല.

2017 ലെ ജൂലൈ ഒന്ന് മുതൽ ചരക്ക് സേവന നികുതിയിൽ (ജിഎസ്ടി) പ്രാദേശിക ലെവികൾ ഉൾപ്പെട്ടതിനുശേഷം ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി പിരിക്കാനുള്ള അധികാരം നഷ്ടമായ സംസ്ഥാനങ്ങൾ - ആദ്യത്തെ അഞ്ച് വര്‍ഷം ഉണ്ടാകുന്ന വരുമാനനഷ്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ പണം നൽകുമെന്ന് ഉറപ്പുനൽകുന്ന നിയമം പാസാക്കിയിരുന്നു.

ഈ പ്രതിമാസ നഷ്ടപരിഹാരം രണ്ട് മാസം കൂടിയിരിക്കുമ്പോള്‍ നൽകേണ്ടതായിരുന്നു, എന്നാൽ, 2019 ഓഗസ്റ്റ് മുതൽ സംസ്ഥാനങ്ങൾക്ക് അത്തരം തുകകളൊന്നും ലഭിച്ചിട്ടില്ലായിരുന്നു. കേരളത്തിന് ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലെ ജിഎസ്ടി നഷ്ട പരിഹാരമായി 1600 കോടിയുള്‍പ്പെടെ 3000 കോടി രൂപയാണ് ലഭിക്കാനുള്ളത്.

28 ശതമാനമാണ് റവന്യു വിടവ് ഉണ്ടായിട്ടുള്ളത്. ജിഎസ്ടി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) Act 2017 വകുപ്പ് 7(2) അനുസരിച്ച് ഓരോ രണ്ടു മാസം കൂടുമ്പോഴും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട് എന്ന് ഡോ. തോമസ് ഐസക്ക് ധനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.