Asianet News MalayalamAsianet News Malayalam

മലേഷ്യയെ പാഠം പഠിപ്പിക്കാൻ ഇന്ത്യ സംസ്കരിച്ച പാം ഓയിൽ ഇറക്കുമതി നിയന്ത്രിച്ചു, നേട്ടം ഇന്തോനേഷ്യക്ക്

ഇന്ത്യയിലേക്ക് ഏറ്റവുമധികം ശുദ്ധീകരിച്ച പാം ഓയിൽ എത്തിക്കുന്നത് മലേഷ്യയിൽ നിന്നാണ്. ഇതിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇനി അസംസ്കൃത പാം ഓയിൽ ഇറക്കുമതി ചെയ്യണം.

Govt bans refined palm oil imports targeting Malaysia over Kashmir  CAA criticism
Author
Delhi, First Published Jan 8, 2020, 10:46 PM IST

ദില്ലി: സംസ്കരിച്ച പാം ഓയിൽ ഇറക്കുമതിക്ക് രാജ്യത്ത് നിയന്ത്രണം ഏർപ്പെടുത്തി. കശ്മീർ വിഷയത്തിലും പൗരത്വ ഭേദഗതി നിയമത്തിനെതിരായും ഇന്ത്യയുടെ താത്പര്യത്തെ മാനിക്കാതെ പ്രസ്താവന നടത്തിയ മലേഷ്യയ്ക്കുള്ള തിരിച്ചടിയെന്നോണമാണ് ഈ നീക്കം. ഇന്ത്യയിലേക്ക് ഏറ്റവുമധികം ശുദ്ധീകരിച്ച പാം ഓയിൽ എത്തിക്കുന്നത് മലേഷ്യയിൽ നിന്നാണ്. ഇതിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇനി അസംസ്കൃത പാം ഓയിൽ ഇറക്കുമതി ചെയ്യണം. അതാകട്ടെ ഏറ്റവും കൂടുതലെത്തുന്നത് ഇന്തോനേഷ്യയിൽ നിന്നാണ്. അതിനാൽ തന്നെ ഈ നീക്കം പ്രത്യക്ഷത്തിൽ മലേഷ്യക്ക് ദോഷകരവും ഇന്തോനേഷ്യക്ക് ഗുണകരവുമാകും. 

മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മൊഹമ്മദ് അടുത്തിടെ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നീക്കം എന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേർസ് റിപ്പോർട്ട് ചെയ്യുന്നത്. 
പാക്കിസ്ഥാൻ കൂടി അവകാശവാദം ഉന്നയിക്കുന്ന ജമ്മു കശ്മീർ ഇന്ത്യ അതിക്രമിച്ച് തങ്ങളുടെ അധീനതയിലാക്കിയെന്നായിരുന്നു മഹാതിർ മൊഹമ്മദിന്റെ പ്രസ്താവന. ഇതിന് പിന്നാലെ രാജ്യത്തെ പാം ഓയിൽ സംസ്കരിക്കുന്ന കമ്പനികൾക്കും വ്യാപാരികൾക്കും മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യരുതെന്ന നിർദ്ദേശം കേന്ദ്രസർക്കാർ നൽകിയിരുന്നു. ഇതിന് പിന്നാലെ അസംസ്കൃത പാം ഓയിൽ, സോയോയിൽ എന്നിവയും വില കുത്തനെ ഉയർന്നിരുന്നു. 

കേന്ദ്രസർക്കാരിന്റെ നീക്കം മലേഷ്യക്ക് തിരിച്ചടിയാകുമെങ്കിലും ഇന്ത്യയിലെ പാം ഓയിൽ സംസ്കരിക്കുന്നവർക്ക് നേട്ടമാകുമെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ പാം ഓയിലിൽ വില ഉയരാനാണ് വരും ദിവസങ്ങളിൽ സാധ്യത. അത് ഉപഭോക്താക്കളെ ബാധിക്കുമോയെന്നതാണ് ഉറ്റുനോക്കുന്നത്.

Follow Us:
Download App:
  • android
  • ios