കഴിഞ്ഞ മാസം രാജ്യത്തെ മൊത്തം ജിഎസ്ടി സമാഹരണം 1,00,289 കോടി രൂപയാണെന്ന് ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ദില്ലി: ജിഎസ്ടി വരുമാനത്തില്‍ സ്ഥിരത കൈവരിച്ചതിന്‍റെ സൂചനകള്‍ നല്‍കി തുടര്‍ച്ചയായ മൂന്നാം മാസവും ചരക്ക് സേവന നികുതി സമാഹരണം ഒരു ലക്ഷം കോടിക്ക് മുകളില്‍ എത്തി. ജിഎസ്ടി ധനസമാഹരണം സ്ഥിരത പ്രാപിക്കുന്നതിന്‍റെ സൂചനകളാണ് മേയ് മാസത്തെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. 

കഴിഞ്ഞ മാസം രാജ്യത്തെ മൊത്തം ജിഎസ്ടി സമാഹരണം 1,00,289 കോടി രൂപയാണെന്ന് ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രിലില്‍ ജിഎസ്ടി സമാഹരണം 1,13,865 കോടി രൂപയായിരുന്നു. മാര്‍ച്ചില്‍ ജിഎസ്ടി വരുമാനം 1,06,577 കോടിയും. 

കഴിഞ്ഞ വര്‍ഷം മേയിലെ കളക്ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ 6.67 ശതമാനത്തിന്‍റെ വര്‍ധനയാണ് കഴിഞ്ഞ മാസം ഉണ്ടായത്. കേന്ദ്ര ജിഎസ്ടിയില്‍ നിന്നുളള കളക്ഷന്‍ 17,811 കോടി രൂപയും സംസ്ഥാന ജിഎസ്ടിയില്‍ നിന്ന് 24,462 കോടി രൂപയും സംയോജിത ജിഎസ്ടിയില്‍ നിന്ന് (കയറ്റുമതി ഉള്‍പ്പടെ) 49,891 കോടി രൂപയും സെസ് ഇനത്തില്‍ (കയറ്റുമതി ഉള്‍പ്പടെ) 8,125 കോടി രൂപയുമാണ് സമാഹരിച്ചത്. ജിഎസ്ടി വരുമാനം സ്ഥിരത കൈവരിച്ചതിന്‍റെ സൂചനകള്‍ നല്‍കുന്നത് സര്‍ക്കാരിനെ സംബന്ധിച്ച് ആശ്വാസകരമാണ്.