സെപ്റ്റംബര്‍ 5-ന്, ഓണത്തിന് മുന്‍പ് തന്നെ പ്രഖ്യാപനം ഉണ്ടാകാന്‍ ആണ് സാധ്യത.

പഭോക്താക്കള്‍ക്ക് നികുതിയിളവ് നല്‍കാനും ജിഎസ്ടി ഘടന പരിഷ്‌കരിക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ സെപ്റ്റംബര്‍ 3-ന് ആരംഭിക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം പരിഗണിക്കും. നികുതി നിരക്കുകള്‍ കുറയ്ക്കാനും നികുതി ഘടന പരിഷ്‌കരിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് ജിഎസ്ടി കൗണ്‍സിലിന്റെ മന്ത്രിതല സമിതി അംഗീകാരം നല്‍കിയിരുന്നു. ഉപഭോഗം വര്‍ദ്ധിപ്പിക്കാനും ചെറുകിട ബിസിനസ്സുകള്‍ക്കും കയറ്റുമതിക്കാര്‍ക്കും പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങള്‍ എത്രയും വേഗം നടപ്പിലാക്കാന്‍ ആണ് ശ്രമം. ഉത്സവകാലത്തിന് മുന്‍പ് തന്നെ പരിഷ്‌കാരങ്ങളും നികുതി കുറയ്ക്കലും പ്രാബല്യത്തില്‍ വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഒക്ടോബറില്‍ വരുന്ന ദീപാവലിക്ക് മുന്‍പായി വിപണിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കണം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സെപ്റ്റംബര്‍ 5-ന് ഓണത്തിന് മുന്‍പ് തന്നെ പ്രഖ്യാപനം ഉണ്ടാകാന്‍ ആണ് സാധ്യത.

ഓഗസ്റ്റ് അവസാനത്തോടെ വരുന്ന ഗണേശ ചതുര്‍ത്ഥിയും ഓണവുമാണ് ഉത്സവകാലത്തിന്റെ തുടക്കം കുറിക്കുന്നത്. ഇത് ക്രിസ്മസ് വരെ നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് കമ്പനികള്‍ക്ക് മികച്ച വില്‍പ്പന ലഭിക്കാറുണ്ട്.നിലവിലുള്ള നാല് സ്ലാബ് ഘടനയില്‍ നിന്ന് 12% ഉം 28% ഉം ഒഴിവാക്കി പുതിയ രണ്ട് നിരക്ക് ഘടനയിലേക്ക് മാറാന്‍ ആണ് പദ്ധതി. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം, 12% സ്ലാബിലുള്ള മിക്ക ഉത്പന്നങ്ങളും 5% ലേക്ക് മാറ്റും. 28% സ്ലാബിലുള്ള പല ഉത്പന്നങ്ങളും 18% ലേക്ക് മാറും. അതേസമയം, ഉയര്‍ന്ന വിലയുള്ള കാറുകള്‍, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയ ചില സാധനങ്ങള്‍ക്ക് 40% എന്ന പുതിയ നികുതി സ്ലാബ് ഏര്‍പ്പെടുത്തിയേക്കും.

കാറുകളും പുകയിലയും ഉള്‍പ്പെടെ 28% സ്ലാബിലുള്ള ചില ഉത്പന്നങ്ങള്‍ക്ക് നിലവില്‍ ചുമത്തുന്ന ജിഎസ്ടി കോമ്പന്‍സേഷന്‍ സെസ് ഒഴിവാക്കാനും സാധ്യതയുണ്ട്. എസ്.യു.വി.കള്‍ ഉള്‍പ്പെടെയുള്ള കാറുകള്‍ക്ക് ഇതിലൂടെ കാര്യമായ നികുതിയിളവ് ലഭിക്കും.

എങ്കിലും, പുകയില, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ പോലുള്ള 'സിന്‍ ഗുഡ്‌സ്' നിലവിലെ അതേ നികുതി നിരക്കില്‍ തുടര്‍ന്നേക്കും. ഇന്‍സുലിന്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, ടിന്നിലടച്ച മത്സ്യം, പച്ചക്കറികള്‍, ഗ്രാനൈറ്റ്, മാര്‍ബിള്‍, പാത്രങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ചില ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവ 12% ല്‍ നിന്ന് 5% ലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.