മൊബൈൽ ഫോൺ അനുബന്ധ ഉപകരണങ്ങളുടെ വിൽപനയുടെ മറവിൽ വൻ നികുതി വെട്ടിപ്പ് നടത്തിയ രാജസ്ഥാൻ സ്വദേശിയെ ജിഎസ്ടി ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. 


കോട്ടയം: മൊബൈൽ ഫോൺ അനുബന്ധ ഉപകരണങ്ങളുടെ വിൽപനയുടെ മറവിൽ വൻ നികുതി വെട്ടിപ്പ് നടത്തിയ രാജസ്ഥാൻ സ്വദേശിയെ ജിഎസ്ടി ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. കോട്ടയം ആസ്ഥാനമായി തെക്കൻ ജില്ലകളിലെ വമ്പൻ ഡീലർമാർക്ക് സാധനങ്ങൾ എത്തിച്ചിരുന്ന ബദാറാം , ആറ് കോടി പതിനാല് ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. 

തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന വ്യാപാര ശ്യംഖലയാണ് ബദാറാമിന്റേത്. കേരളത്തിനു പുറത്തു നിന്ന് ട്രെയിൻ മാർഗമാണ് മൊബൈൽ ആക്സസറീസ് ബദാറാം കോട്ടയത്തെ തന്റെ ലക്ഷ്മി മൊബൈൽ ആക്സസറീസ് എന്ന സ്ഥാപനത്തിലേക്ക് എത്തിച്ചിരുന്നത്. സംസ്ഥാനത്തെ പ്രധാന മൊബൈൽ ഡീലർമാർ പലരും ബദാറാമിന്റെ ഇടപാടുകാരുമായിരുന്നു. 

Read more:  നേരെ തലശ്ശേരി ടു കൊച്ചി, പരുങ്ങി ചെന്നുകേറിയത് നോർത്ത് പൊലീസിന് മുന്നിൽ, കൈയിലെ 3 ലക്ഷം ജയിലേക്ക് വഴികാട്ടി

ജി എസ് ടി രജിസ്ട്രേഷൻ എടുത്തിരുന്നെങ്കിലും ബദാറാം വർഷങ്ങളായി നികുതിയിൽ വെട്ടിപ്പ് നടത്തുകയായിരുന്നെന്നാണ് ജി എസ് ടി വകുപ്പിന്റെ കണ്ടെത്തൽ. 34.11 കോടി രൂപയുടെ കച്ചവടം നികുതി വെട്ടിച്ച് ബദാറാം നടത്തിയെന്നാണ് കണക്കാക്കുന്നത്. ബദാറാമുമായി ഇടപാട് നടത്തിയിരുന്ന സ്ഥാപനങ്ങൾക്കെതിരായ തെളിവുകൾ കിട്ടിയിട്ടില്ലെന്ന് ജി എസ് ടി ഇന്റലിജൻസ് അറിയിച്ചു. ഇതിനായി അന്വേഷണം തുടരും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.