നേരെ തലശ്ശേരി ടു കൊച്ചി, പരുങ്ങി ചെന്നുകേറിയത് നോർത്ത് പൊലീസിന് മുന്നിൽ, കൈയിലെ 3 ലക്ഷം ജയിലേക്ക് വഴികാട്ടി
മൂന്നു ലക്ഷം രൂപയുമായി കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് റഫീഖും തൊട്ടിൽപ്പാലം സ്വദേശി ഷൈജുവും എത്തിയത് കൊച്ചിയിൽ

തലശ്ശേരി: പുതിയ ബസ്റ്റാന്റിലെ കടകളിൽ മോഷണം നടത്തിയ രണ്ടു പേർ പിടിയിൽ. മുഹമ്മദ് റഫീഖ്, ഷൈജു എന്നിവരാണ് എറണാകുളത്ത് മൂന്നു ലക്ഷം രൂപയുമായി പിടിയിലായത്. പൂട്ട് തകർത്തും ഷട്ടർ പൊളിച്ചും കടയിൽ നുഴഞ്ഞു കയറിയ കള്ളന്മാർക്ക് ഒടുക്കം പിടിവീണു. കവർന്ന മൂന്നു ലക്ഷം രൂപയുമായി കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് റഫീഖും തൊട്ടിൽപ്പാലം സ്വദേശി ഷൈജുവും രക്ഷപെട്ടത് എറണാകുളത്തേക്ക്.
പക്ഷേ, നോർത്ത് പൊലീസിന്റെ മുന്നിൽപ്പെട്ട പ്രതികൾക്ക് തടിയൂരാനായില്ല. സംശയം തോന്നിയപ്പോൾ പരിശോധിച്ചു. ഇവരുടെ കയ്യിലിരിക്കുന്ന പണത്തെക്കുറിച്ചായി പൊലീസിന്റെ ചോദ്യം ചെയ്യൽ. അങ്ങനെ ഒടുവിലാണ് തലശ്ശേരി മോഷണക്കഥയുടെ ചുരുളഴിഞ്ഞത്. സംഭവം നോർത്ത് പൊലീസ് അറിയിച്ചതിന് പിന്നാലെ തലശേരി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യൽ പൂർത്തിയാക്കി അടുത്തദിവസം ഇരുവരെയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
കഴിഞ്ഞ വെള്ളിയാഴ്ച തലശ്ശേരി ബസ് സ്റ്റാൻഡിലെ നാല് കടകളിലാണ് ഇവർ ഒറ്റയടിക്ക് മോഷണം നടത്തിയത്. വീണ്ടും മോഷണം നടന്നതോടെ ബസ് സ്റ്റാൻഡ് പരിസരം രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയതായി വ്യാപാരികളും ആരോപിച്ചിരുന്നു.
Read more: വീട് കയറി ആക്രമണം നടത്തിയ യുവാക്കള്‍ പിടിലായത് ലോറിയിൽ നിന്ന് മോഷ്ടിച്ച ബാറ്ററിയുമായി
അതേസമയം, കന്യാകുമാരി മാര്‍ത്താണ്ഡത്ത് തനിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം മാല കവരുന്ന യുവാവ് പിടിയില്‍. നാഗര്‍കോവില്‍ മേലേ പുത്തേരി സ്വദേശി വിക്കി എന്നു വിളിക്കുന്ന വിഘ്‌നേഷി(20)നെയാണ് മാര്‍ത്താണ്ഡം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ കൈവശം നിന്ന് മോഷ്ടിച്ച എട്ടു പവന്റെ മാലയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി മാര്‍ത്താണ്ഡം ഭാഗത്ത് എസ്‌ഐ അരുളപ്പന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ അമിതവേഗതയില്‍ ബൈക്കിലെത്തിയ വിഘ്‌നേഷ് കൈ കാണിച്ചിട്ട് വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. തുടര്‍ന്ന് പൊലീസ് സംഘം ബൈക്കിലും ജീപ്പിലുമായി പിന്തുടര്‍ന്ന് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം