2500 രൂപയിൽ താഴെയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ജിഎസ്ടി 5% ആയി കുറച്ചിട്ടും പല വസ്ത്രശാലകളും ഇതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് നൽകുന്നില്ല. അടിസ്ഥാന വില കൂട്ടി നികുതിയിളവ് തട്ടിയെടുക്കുന്ന ഈ കൊള്ളയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണം…

റെഡിമെയ്ഡ് വസ്ത്ര മേഖലയിലും ജിഎസ്ടി പരിഷ്കരണത്തിന്‍റെ മറവിലുള്ള കൊള്ള നടക്കുന്നു. 2500 രൂപയിൽ താഴെ വിലയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുടെ നികുതി 5 ശതമാനമായി കുറച്ചെങ്കിലും പല വസ്ത്രശാലകളും ഇതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് നൽകുന്നില്ല. ജിഎസ്ടി ഇളവ് പൂർണ്ണമായി നൽകാതെയും അടിസ്ഥാന വില വർദ്ധിപ്പിച്ചുമാണ് ഈ കൊള്ള. പരിഷ്കരണത്തിന് മുൻപ് ആയിരം രൂപയിൽ താഴെയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് 5 ശതമാനവും ആയിരത്തിന് മുകളിൽ വിലയുള്ള വസ്ത്രങ്ങൾക്ക് 12 ശതമാനവും ആയിരുന്നു ജി എസ് ടി. സെപ്റ്റംബർ 22ലെ ജി എസ് ടി പ്രഖ്യാപനത്തോടെ ഈ സ്ലാബിൽ മാറ്റം വന്നു. 2500 രൂപയിൽ താഴെയുള്ള എല്ലാ വസ്ത്രങ്ങൾക്കും നിലവിൽ 5% ആണ് ജി എസ് ടി.

ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണം…

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന് സമീപത്തെ പ്രമുഖ വസ്ത്രശാലയിൽ നിന്ന് ആദിത്യ ബിർള ഗ്രൂപ്പ് പുറത്തിറക്കുന്ന പീറ്റർ ഇംഗ്ലണ്ട് ബ്രാൻഡിന്റെ ഒരു ഷർട്ട് വാങ്ങിയാണ് ഞങ്ങൾ പരിശോധന തുടങ്ങിയത്. അന്വേഷിച്ചപ്പോൾ ജിഎസ്ടി ഇളവ് ഉണ്ട് എന്ന് ജീവനക്കാർ ഞങ്ങളോട് പറഞ്ഞു. തുടർന്ന് 2499 രൂപ എം ആർ പി യുള്ള ഒരു ഷർട്ട് ഞങ്ങൾ വാങ്ങി. ജി എസ് ടി ഇളവുപ്രകാരം 12% ആയിരുന്ന നികുതി 5% ആയി കുറഞ്ഞതോടെ 2342 രൂപയായിരുന്നു ഈ ഉൽപ്പന്നത്തിന് ഈടാക്കേണ്ടത്. എന്നാൽ ഈ കടയിൽ നിന്ന് ഞങ്ങളിൽ നിന്ന് ഈടാക്കിയത് 2399 രൂപ. അതായത് 57 രൂപ അധികം. ഇതേ കമ്പനിയുടെ ഇതേ വിലയുള്ള ഒരേ സൈസ് ഷർട്ട് ഞങ്ങൾ ചെറൂട്ടി റോഡിലെ പീറ്റർ ഇംഗ്ലണ്ടിന്‍റെ കമ്പനി ഔട്ട്ലെറ്റിൽ നിന്ന് വാങ്ങി. ജിഎസ്ടി ഇളവ് കൃത്യമായി നൽകിക്കൊണ്ട് 2342 രൂപയ്ക്ക് തന്നെ ഇവിടെ നിന്ന് ബിൽ ചെയ്തു.

അതായത്, ജിഎസ്ടി പ്രഖ്യാപനത്തോടെ അടിസ്ഥാന വില വർദ്ധിപ്പിച്ചാണ് ഒരു വിഭാഗം ഈ കൊള്ള നടത്തുന്നത്. ഇത് വ്യക്തമാക്കാൻ ഞങ്ങൾ ഷർട്ട് വാങ്ങിയ ബിൽ ഒന്നുകൂടി വിശദമായി പരിശോധിച്ചാൽ മതി. പീറ്റർ ഇംഗ്ലണ്ടിന്റെ കമ്പനി ഔട്ട്ലെറ്റിൽ ഷർട്ടിന് കാണിച്ചിരിക്കുന്ന അടിസ്ഥാന വില 2231 രൂപ. എന്നാൽ മാവൂർ റോഡിലെ വസ്ത്രശാലയിൽ ഇതേ ബ്രാൻഡ് ഇതേ വരെയുള്ള ഉൽപ്പന്നത്തിന് കാണിച്ചിരിക്കുന്ന അടിസ്ഥാന വില 2284 രൂപ. ജിഎസ്ടി പ്രഖ്യാപനത്തിന്റെ മറവിൽ അടിസ്ഥാന വില വർദ്ധിപ്പിച്ച് ഉപഭോക്താക്കളെ വഞ്ചിക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും ഇക്കാര്യം പാലിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഒരു നടപടികളും പിന്നീട് ഉണ്ടായതുമില്ല. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഒരു ഷര്‍ട്ടിന്‍മേല്‍ കോഴിക്കോട്ടെ വസ്ത്രശാല അധികമായി ഈടാക്കിയ 57 രൂപയില്‍ നാലു രൂപ പോയിരിക്കുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അക്കൗണ്ടിലേക്കുമാണ്.