ഒരു നല്ല ഇന്‍ഷുറന്‍സ് പോളിസി തിരഞ്ഞെടുക്കുന്നത് ഭാവിയില്‍ ഉണ്ടാകാവുന്ന ഭീമമായ ചികിത്സാ ബില്ലുകളില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കും. 

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി ജിമ്മില്‍ പോകുകയും യോഗ ചെയ്യുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സാ ചിലവുകള്‍ താങ്ങാനാവാത്തവയായി മാറിയേക്കാം. ഇവിടെയാണ് ശരിയായ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്. ഒരു നല്ല ഇന്‍ഷുറന്‍സ് പോളിസി തിരഞ്ഞെടുക്കുന്നത് ഭാവിയില്‍ ഉണ്ടാകാവുന്ന ഭീമമായ ചികിത്സാ ബില്ലുകളില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കും.

ഹൃദയസംബന്ധമായ രോഗങ്ങളും അവയുടെ വ്യാപ്തിയും

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വര്‍ഷവും ഏകദേശം 1.79 കോടി ആളുകളാണ് ഹൃദയസംബന്ധമായ രോഗങ്ങള്‍ കാരണം മരണപ്പെടുന്നത്. ഇതില്‍ 80% മരണങ്ങളും ഹൃദയാഘാതം, പക്ഷാഘാതം എന്നിവ മൂലമാണ് സംഭവിക്കുന്നത്. ഇതിലും ഞെട്ടിക്കുന്ന ഒരു വസ്തുത, ഈ മരണങ്ങളില്‍ മൂന്നിലൊന്ന് 70 വയസ്സില്‍ താഴെയുള്ള ആളുകള്‍ക്ക് സംഭവിക്കുന്നു എന്നതാണ്. അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി, അമിതമായ മദ്യപാനം എന്നിവയാണ് ഹൃദ്രോഗങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങള്‍. കൂടാതെ, വായു മലിനീകരണവും ഒരു പ്രധാനഘടകമാണ്.

ചികിത്സാ ചിലവുകളും ഇന്‍ഷുറന്‍സിന്റെ ആവശ്യം

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് ഭീമമായ പണച്ചെലവ് വരും. ആശുപത്രിയില്‍ കിടക്കുന്നതിനുള്ള ചിലവുകള്‍ മാത്രം പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെയാകാം. ഇത് ചികിത്സയുടെ സ്വഭാവം, രോഗത്തിന്റെ തീവ്രത, ആശുപത്രിയുടെ നിരക്കുകള്‍ എന്നിവയെ ആശ്രയിച്ചിരിക്കും. ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ആളുകള്‍ മാറാന്‍ തുടങ്ങിയെങ്കിലും, ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ആവശ്യം ഇപ്പോഴും നിലനില്‍ക്കുന്നു.

ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന സംരക്ഷണം

ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഉപയോഗിക്കാവുന്ന വിവിധതരം കവറേജുകള്‍ നിലവിലുണ്ട്.

പ്രീ-ഹോസ്പിറ്റലൈസേഷന്‍ ചെലവുകള്‍: ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പുള്ള കണ്‍സള്‍ട്ടേഷനുകള്‍, പരിശോധനകള്‍, മരുന്നുകള്‍ എന്നിവയുടെ ചിലവുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

പോസ്റ്റ്-ഹോസ്പിറ്റലൈസേഷന്‍ ചെലവുകള്‍: ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷമുള്ള തുടര്‍ പരിശോധനകള്‍, ഡയഗ്‌നോസ്റ്റിക്‌സ്, മരുന്നുകള്‍ എന്നിവയുടെ ചിലവുകള്‍ പോളിസിയില്‍ പറഞ്ഞിരിക്കുന്ന സമയപരിധി വരെ ഇന്‍ഷുറന്‍സ് പരിരക്ഷിക്കുന്നു.

മറ്റ് പ്രധാന ആനുകൂല്യങ്ങള്‍ ആംബുലന്‍സ് കവര്‍: ഹൃദയസംബന്ധമായ അടിയന്തര സാഹചര്യങ്ങളില്‍ ആശുപത്രിയിലേക്ക് എത്താന്‍ ആവശ്യമായ റോഡ് അല്ലെങ്കില്‍ എയര്‍ ആംബുലന്‍സ് ചിലവുകള്‍ ഇന്‍ഷുറന്‍സ് വഹിക്കുന്നു.

സം ഇന്‍ഷൂര്‍ഡ് റീഫില്‍ ബെനിഫിറ്റ്: ഒരു വലിയ ഹൃദയാഘാതം സംഭവിക്കുമ്പോള്‍ ഇന്‍ഷുറന്‍സ് തുക പൂര്‍ണ്ണമായും തീര്‍ന്നുപോയാലും, അതേ വര്‍ഷം തന്നെ മറ്റ് ആരോഗ്യ ആവശ്യങ്ങള്‍ക്കായി വീണ്ടും കവറേജ് ലഭ്യമാക്കാന്‍ ഇത് സഹായിക്കുന്നു. ഇത് കൂടുതല്‍ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നു.

ഡെയ്‌ലി ഹോസ്പിറ്റല്‍ ക്യാഷ് കവര്‍: ആശുപത്രിയില്‍ കൂടുതല്‍ കാലം തങ്ങേണ്ടി വരുമ്പോള്‍ രോഗിയുടെ വരുമാന നഷ്ടം, മറ്റ് ചിലവുകള്‍ എന്നിവയ്ക്ക് ഈ കവര്‍ ഒരു നിശ്ചിത തുക നല്‍കുന്നു.

ക്രിട്ടിക്കല്‍ ഇല്‍നെസ് ബെനിഫിറ്റ് കവര്‍: ഹൃദയാഘാതം (Myocardial Infarction), ഓപ്പണ്‍ ചെസ്റ്റ് കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് പോലുള്ള ഗുരുതരമായ ഹൃദയരോഗങ്ങള്‍ കണ്ടുപിടിച്ചാല്‍ ഒരു വലിയ തുക ഒറ്റത്തവണയായി ഈ കവറേജ് നല്‍കുന്നു. ഇത് ദീര്‍ഘകാല രോഗമുക്തി, ജീവിതശൈലി മാറ്റങ്ങള്‍, വരുമാന നഷ്ടം എന്നിവ കൈകാര്യം ചെയ്യാന്‍ സാമ്പത്തിക സഹായം നല്‍കുന്നു.

ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ വെല്‍നസ് ബെനിഫിറ്റുകളും കോംപ്ലിമെന്ററി ഹെല്‍ത്ത് ചെക്കപ്പുകളും നല്‍കുന്നു. ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍, ഡയഗ്‌നോസ്റ്റിക് സപ്പോര്‍ട്ട്, ലൈഫ്‌സ്‌റ്റൈല്‍ കോച്ചിംഗ് എന്നിവയിലൂടെ രോഗം നേരത്തെ കണ്ടുപിടിക്കാനും തടയാനും ഇത് സഹായിക്കുന്നു. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അവയുമായി ബന്ധപ്പെട്ട വലിയ ചിലവുകളും ഒഴിവാക്കാന്‍ സഹായിക്കും.

.ജിമ്മില്‍ പോകുന്നതും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും ഒരു പരിധി വരെ ഹൃദയാരോഗ്യത്തെ സഹായിക്കുമെങ്കിലും, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചികിത്സാ ചിലവുകളെ നേരിടാന്‍ ഒരു നല്ല ആരോഗ്യ ഇന്‍ഷുറന്‍സ് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ ഹൃദയത്തെയും പോക്കറ്റിനെയും ഒരുപോലെ സംരക്ഷിക്കാന്‍ ശരിയായ ഇന്‍ഷുറന്‍സ് പോളിസി തിരഞ്ഞെടുക്കുന്നത് നിര്‍ണായകമാണ്.