വിയറ്റ്‌നാമില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 20 ശതമാനം നികുതി ചുമത്തും

മേരിക്കയും വിയറ്റ്‌നാമും തമ്മില്‍ പുതിയൊരു വ്യാപാരക്കരാര്‍ ഒപ്പുവെച്ചത് ഏഷ്യന്‍ കയറ്റുമതി വിപണികളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഈ കരാര്‍ പ്രകാരം, വിയറ്റ്‌നാമില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 20 ശതമാനം നികുതി ചുമത്തും. ഇത് വിയറ്റ്‌നാമിന്റെ ഏകദേശം 13,500 കോടി ഡോളറിന്റെ കയറ്റുമതിയെ ബാധിക്കുമെന്നും കഴിഞ്ഞ 20 വര്‍ഷമായി നടന്ന വ്യാപാര ഉദാരവല്‍ക്കരണത്തിന് തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നു.

ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ആശങ്ക

2000-ല്‍ ഉണ്ടായിരുന്ന വിയറ്റ്‌നാം- യുഎസ് ഉഭയകക്ഷി വ്യാപാര ഉടമ്പടിക്ക് പകരമാണ് പുതിയ കരാര്‍ വരുന്നത്. ഉഭയകക്ഷി വ്യാപാര കരാര്‍ പ്രകാരം, വിയറ്റ്‌നാമിന് 2 മുതല്‍ 10 ശതമാനം വരെ നികുതി ഇളവുകളോടെ അമേരിക്കന്‍ വിപണിയിലേക്ക് പ്രവേശനം ലഭിച്ചിരുന്നു. ഇത് 2001-ല്‍ 80 കോടി ഡോളറായിരുന്ന വിയറ്റ്‌നാമിന്റെ കയറ്റുമതി 13,500 കോടി ഡോളറിലേക്ക് വളരാന്‍ സഹായിച്ചു. എന്നാല്‍ പുതിയ കരാര്‍ വരുന്നതോടെ ടെക്‌സ്‌റ്റൈല്‍സ്, പാദരക്ഷകള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയ പ്രധാന മേഖലകള്‍ക്ക് ഉയര്‍ന്ന തീരുവ അമേരിക്കയ്ക്ക് നല്‍കേണ്ടി വരും, ഇത് വിയറ്റ്‌നാമില്‍ നിനുള്ള ഉല്‍പ്പന്നങ്ങളുടെ വില ഉയരാനും കാരണമാകും. പുതിയ കരാര്‍ പ്രകാരം, വിയറ്റ്‌നാം വഴി കടത്തിവിടുന്ന ചൈന പോലുള്ള മറ്റ് രാജ്യങ്ങളില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് 40 ശതമാനം അധിക നികുതി ചുമത്തും .

ട്രംപിന്റെ പ്രഖ്യാപനം; ഇന്ത്യക്ക് പാഠം ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ ഈ കരാര്‍ പ്രഖ്യാപിച്ചത് ഇങ്ങനെയാണ്: 'വിയറ്റ്‌നാം അവര്‍ മുമ്പ് ഒരിക്കലും ചെയ്യാത്ത ഒരു കാര്യം ചെയ്യും - അമേരിക്കയ്ക്ക് അവരുടെ വിപണികളില്‍ പൂര്‍ണ്ണ പ്രവേശനം നല്‍കും. വിയറ്റ്‌നാമിന്റെ കയറ്റുമതിക്ക് 20 ശതമാനം നികുതി അമേരിക്കയ്ക്ക് നല്‍കേണ്ടി വരും. ഇത് നേരത്തെ നിര്‍ദ്ദേശിച്ചിരുന്ന 46 ശതമാനത്തില്‍ നിന്ന് കുറവാണെങ്കിലും, പഴയ ഉഭയകക്ഷി വ്യാപാര കരാര്‍ വ്യവസ്ഥകളെക്കാള്‍ ഇരട്ടിയിലധികമാണ്''.

ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ മുമ്പ് വിയറ്റ്‌നാമിനെ 'ചൈനയുടെ കോളനി' എന്ന് വിശേഷിപ്പിച്ചിരുന്നു. വിയറ്റ്‌നാമിന്റെ കയറ്റുമതിയുടെ മൂന്നിലൊന്ന് ചൈനീസ് ഉല്‍പ്പന്നങ്ങളാണെന്നും നികുതി ഒഴിവാക്കാന്‍ അവ ലേബല്‍ മാറ്റിയതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നികുതി ഇളവുകള്‍ സംബന്ധിച്ച് ഒരു ധാരണയിലെത്തിയതായി വിയറ്റ്‌നാം സ്ഥിരീകരിച്ചെങ്കിലും, അന്തിമ വ്യവസ്ഥകള്‍ അവര്‍ വിശദീകരിച്ചിട്ടില്ല.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ കരാറിന്റെ സമയം വളരെ നിര്‍ണ്ണായകമാണ്. അമേരിക്കയുമായി അവസാന ഘട്ട വ്യാപാര ചര്‍ച്ചകള്‍ നടത്തുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് വിയറ്റ്‌നാമിന്റെ ഈ അനുഭവം ഒരു പാഠമായിരിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രത്യേകിച്ച്, നികുതി ഇളവുകളിലെ പെട്ടന്നുള്ള മാറ്റങ്ങള്‍, ദീര്‍ഘകാല വ്യാപാര സ്ഥിരതയെ തകര്‍ക്കാന്‍ സാധ്യതയുള്ള തീരുവ എന്നിവ ഇന്ത്യ ശ്രദ്ധിക്കണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിയറ്റ്‌നാം കരാറിലൂടെ വെളിവായ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കുന്നത് ഇന്ത്യയെ സമാനമായ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.