ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവുകളിൽ ഒന്നാണ് ഇന്ത്യൻ വിപണികളിൽ ഉണ്ടായത്. എന്നാൽ ആദ്യമായാണോ ഇന്ത്യൻ വിപണി തകരുന്നത്? പരിശോധിക്കാം
ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിനെയാണ് ഇന്ന് അഭിമുഖീകരിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരസ്പര താരിഫുകൾ ആഗോള മാന്ദ്യത്തിലേക്ക് വഴിവെച്ചേക്കുമെന്ന ആശങ്കയാണ് വിപണികളെ പിടിച്ചുകുലുക്കിയത്. സെൻസെക്സ് 3,914.75 പോയിന്റ് അഥവാ 5.19% താഴ്ന്ന് 71,449.94 ൽ വ്യാപാരം ആരംഭിച്ചപ്പോൾ, നിഫ്റ്റി 50 1,146.05 പോയിന്റ് അഥവാ 5.00% താഴ്ന്ന് 21,758.40 ൽ വ്യാപാരം ആരംഭിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവുകളിൽ ഒന്നാണ് ഇന്ത്യൻ വിപണികളിൽ ഉണ്ടായത്. എന്നാൽ ആദ്യമായാണോ ഇന്ത്യൻ വിപണി തകരുന്നത്? ചരിത്രം പരിശോധിക്കാം
1. ഹർഷാദ് മേത്ത സ്‌കാം (1992)
ഇന്ത്യൻ ഓഹരി വിപണിക്ക് ആദ്യത്തെ വലിയ ആഘാതം ഉണ്ടായത് ഹർഷദ് മേത്ത കുംഭകോണം 1992-ൽ പുറത്തുവന്നപ്പോഴാണ്. ഏകദേശം 4,000 കോടി രൂപ വിലമതിക്കുന്ന കുംഭകോണം ആയിരുന്നു പുറത്തുവന്നത്. 1992 ഏപ്രിൽ 28 ന് ഇന്ത്യൻ ഓഹരി വിപണി അക്കാലത്തെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവ് രേഖപ്പെടുത്തി, ഇതോടെ സെബിയുടെ നിയന്ത്രണ അധികാരങ്ങൾ ശക്തിപ്പെടുത്തുന്നതുൾപ്പെടെ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിൽ വലിയ പരിഷ്കാരങ്ങൾക്ക് ഈ തകർച്ച കാരണമായി.
2. കേതൻ പരേഖ് അഴിമതി (2001)
ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുകുലുക്കിയ മറ്റൊരു സംഭവമായിരുന്നു കേതൻ പരേഖ് അഴിമതി. 2001 മാർച്ച് 2-ന് സെൻസെക്സ് 176 പോയിന്റ് അഥവാ 4.13% ഇടിഞ്ഞു. ഗുജറാത്ത് ഭൂകമ്പവും ഒരേ സമയത്തതായതിനാൽ ഇത് വിപണിയെ തളർത്തിയിരുന്നു.
3.2004 തെരഞ്ഞെടുപ്പ്
2004 ലെ പൊതുതെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ത്യൻ ഓഹരി വിപണികളെ തകർത്തിരുന്നു. എൻഡിഎയ്‌ക്കെതിരായ യുപിഎയുടെ അപ്രതീക്ഷിത വിജയം ആശങ്കയുണ്ടാക്കി. ഇത് വിപണിയെ സ്വാധീനിച്ചു.
4. ആഗോള സാമ്പത്തിക പ്രതിസന്ധി (2008)
യുഎസിലെ ലെഹ്മാൻ ബ്രദേഴ്‌സിന്റെ തകർച്ചയെത്തുടർന്നുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി 2008 ജനുവരി 21 ന് ഇന്ത്യൻ ഓഹരി വിപണി തകർച്ച നേരിട്ടു. ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയവും വിദേശ സ്ഥാപന നിക്ഷേപകരുടെ പിൻവലിയലും കാരണം സെൻസെക്സ് 1,408 പോയിന്റ് അഥവാ 7.4% ഇടിഞ്ഞു.
5. കോവിഡ്-19 (2020)
ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ തകർച്ചയ്ക്ക് കാരണമായത് കോവിഡ് ൧൯ പൊട്ടിപുറപ്പെട്ടതോടെയാണ്. 2020 മാർച്ച് 23 ന് ഇന്ത്യ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സെൻസെക്സ് 3,935 പോയിന്റ് അഥവാ 13.2% ഇടിഞ്ഞു.
