പഠനം കഴിഞ്ഞ് ഇറങ്ങുന്നവരിൽ നിന്ന് ഏറ്റവും മികച്ചവരെ കമ്പനിയിലേക്ക് ആകർഷിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബെംഗളൂരു : രാജ്യത്തെ മൂന്നാമത്തെ വലിയ ഐടി കമ്പനിയായ എച്ച്സിഎൽ ടെക്നോളജീസിന്റെ പുതിയ പ്രഖ്യാപനം ഉദ്യോഗാർത്ഥികൾക്ക് വൻ പ്രതീക്ഷയാണ് നൽകുന്നത്. നേരത്തെ 3.5 ലക്ഷമായിരുന്നു തുടക്കക്കാരുടെ വാർഷിക വേതനം. ഇത് 4.25 ലക്ഷമായി ഉയർത്താൻ കമ്പനി തീരുമാനിച്ചു. ഇതോടെ പ്രതിമാസം 35416 രൂപയോളം പഠനം കഴിഞ്ഞ് കമ്പനിയുടെ ഏറ്റവും താഴത്തെ ശ്രണിയിൽ ജോലിക്ക് ചേരുന്നവർക്ക് ലഭിക്കും.
പഠനം കഴിഞ്ഞ് ഇറങ്ങുന്നവരിൽ നിന്ന് ഏറ്റവും മികച്ചവരെ കമ്പനിയിലേക്ക് ആകർഷിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേതനം വർധിപ്പിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം കമ്പനി ജൂലൈ മാസത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തങ്ങളുടെ കമ്പനിയിലെ ഫ്രഷേർസിന്റെ എണ്ണം ഉയർത്താനും കമ്പനി ശ്രമിക്കുന്നുണ്ട്. ഇതിനായി കമ്പനി രാജ്യത്തെ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സംസാരിച്ചതായാണ് വിവരം. 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 23000 പേരാണ് എച്ച്സിഎല്ലിൽ ജോലിക്ക് ചേർന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 34000 പേർക്ക് ജോലി നൽകാനാണ് നോയ്‌ഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ ആകെ ജീവനക്കാരുടെ എണ്ണം 208877 ആണ്.
