നിവേദനം നൽകിയിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഹർജിക്കാരന്‍റെ വാദം. മുൻ കാലടി സ‍ർവകലാശാല വൈസ് ചാൻസലർ ഡോ. എം സി ദിലീപ് കുമാറാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 

കൊച്ചി: പെട്രോളും ഡീസലും ജിഎസ്ടി നികുതി ഘടനയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജിയില്‍ ആറാഴ്ചക്കകം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനോട് കേരള ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യമാവശ്യപ്പെട്ട് ജിഎസ്ടി കൗൺസിലിന് ഹർജിക്കാരൻ നൽകിയ നിവേദനം കേന്ദ്ര സർക്കാരിന് കൈമാറാനും കോടതി നിർദേശം നല്‍കി. നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഹർജിക്കാരന്‍റെ വാദം.

മുൻ കാലടി സ‍ർവകലാശാല വൈസ് ചാൻസലർ ഡോ. എം സി ദിലീപ് കുമാറാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ജിഎസ്ടി കൗൺസിലിന്‍റെ പക്കലുളള നിവേദനം ഉടൻ കേന്ദ്രസർക്കാരിന് കൈമാറണം. ഇക്കാര്യത്തിൽ തീരുമാനമാകുംവരെ പെട്രോളിനും ഡീസലിനും സംസ്ഥാന സർക്കാർ നികുതി പിരിയ്ക്കുന്നത് നി‍ർത്തിവയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം വരും വരെ നികുതി ഈടാക്കുന്നത് സംസ്ഥാന സർക്കാർ നിർത്തിവയ്ക്കണമെന്ന ഹർജിക്കാരൻ്റെ അപേക്ഷയിൽ തീരുമാനം എടുക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.