മുംബൈ: കടക്കെണിയിലായ ജെറ്റ് എയര്‍വേസില്‍ നിക്ഷേപിക്കാനുളള  പദ്ധതി ഹിന്ദുജ ഗ്രൂപ്പും ഇത്തിഹാദ് എയര്‍വേസും ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ലണ്ടന്‍ ആസ്ഥാനമായ ഹിന്ദുജ ഗ്രൂപ്പ് ജെറ്റിന്‍റെ ഓഹരി വാങ്ങുന്നതിന്‍റെ ഭാഗമായി നടത്തി വന്നിരുന്ന ചര്‍ച്ചകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി വയ്ക്കുന്നതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് പൂര്‍ണമായും പിന്‍മാറാനുളള ആലോചന ഗ്രൂപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. നിക്ഷേപം വര്‍ധിപ്പിക്കാനുളള തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ഇത്തിഹാദും അറിയിച്ചു. 

നിലവില്‍ ജെറ്റില്‍ നിക്ഷേപം നടത്താന്‍ അനുകൂല സാഹചര്യമല്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഹിന്ദുജ ഗ്രൂപ്പും ഇത്തിഹാദും ഇടപാടില്‍ നിന്ന് പിന്‍മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെറ്റ് കടക്കെണി സംബന്ധിച്ച് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് നടന്നുവരുന്ന അന്വേഷണങ്ങളും ജെറ്റിന്‍റെ വായ്പദാതാക്കളുടെ ഭാഗത്ത് നിന്ന് ദേശീയ കമ്പനി ട്രൈബ്യൂണലില്‍ പാപ്പരാത്ത്വം ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതും നിക്ഷേപത്തിനുളള എതിര്‍ ഘടകങ്ങളായാണ് ബിഡ്ഡര്‍മാര്‍ കണക്കാക്കുന്നത്.

ജെറ്റിന്‍റെ വായ്പദാതാക്കളായ ഷാമാന്‍ വീല്‍സ് പ്രൈവറ്റ് ലിമിറ്റഡും ഗാഗ്ഗര്‍ എന്‍റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡുമാണ് പ്രത്യേകമായി മുംബൈയിലെ ട്രൈബ്യൂണലിനെ സമീപിച്ചത്. ഇതോടെ രണ്ട് മാസത്തോളമായി സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്ന എയര്‍ലൈന്‍ കമ്പനി ഏറ്റെടുക്കാനാളില്ലാതായി. ഇത്തിഹാദും ഹിന്ദുജയും വിമാനത്താവളം ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്‍മാറിയതോടെ ജെറ്റിനെ പുനരുജ്ജീവിപ്പിക്കാനുളള എസ്ബിഐ നേതൃത്വം നല്‍കുന്ന വായ്പ ദാതാക്കളുടെ കണ്‍സോര്‍ഷ്യത്തിന്‍റെ സ്ഥിതി പരിങ്ങലിലായി.