പേര് മാറ്റി കുടുങ്ങി, മദ്യ കമ്പനിക്ക് നഷ്ടം 80 കോടി! കാരണം ഇതാണ്
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബി9 ബിവറേജസിന്‍റെ നഷ്ടം 748 കോടി രൂപയായിരുന്നു.

പേരില്‍ ചെറിയൊരു മാറ്റം വരുത്തിയത് കാരണം ഒരു കമ്പനിക്ക് നഷ്ടമായത് 80 കോടി രൂപ. ബിറ ബിയറിന്‍റെ ഉടമകളായ ബി9 ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിനാണ് പണി കിട്ടയത്. അടുത്തിടെ കമ്പനി പേരില്‍ നിന്ന് 'പ്രൈവറ്റ്' എന്ന വാക്ക് നീക്കം ചെയ്ത് 'ബി9 ബിവറേജസ് ലിമിറ്റഡ്' എന്നാക്കി മാറ്റി. 2026 ല്‍ പ്രാഥമിക ഓഹരി വില്‍പന നടത്തുന്നതിന് മുന്നോടിയായാണ് കമ്പനി പേര് മാറ്റിയത്. പ്രൈവറ്റ് ലിമിഡറ്റ് ആകുമ്പോള്‍ പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സമാഹരിക്കാനാകില്ല. ഇത് കാരണം പ്രൈവറ്റ് ലിമിറ്റഡ് എന്ന പേര് ഉപേക്ഷിച്ചാല്‍ മാത്രമേ പ്രാഥമിക ഓഹരി വില്‍പന നടത്തി കമ്പനിക്ക് നിക്ഷേപം സമാഹരിക്കാനാകൂ.
അതേസമയം, പേര് മാറ്റിയതിനുശേഷം, കമ്പനിക്ക് എല്ലാ ഉല്‍പ്പന്നങ്ങളിലും പുതിയ പേര് അച്ചടിക്കേണ്ടിവന്നു. ലേബലുകള്‍ വീണ്ടും അച്ചടിക്കുന്നതും റീബ്രാന്‍ഡിംഗും മൂലം കമ്പനിയുടെ വില്‍പ്പന ഏതാനും മാസത്തേക്ക് നിര്‍ത്തിവയ്ക്കേണ്ടി വന്നതോടെ കമ്പനി കനത്ത സാമ്പത്തിക നഷ്ടം നേരിട്ടു. 80 കോടി രൂപയുടെ നഷ്ടമാണ് ഇത് മൂലം ഉണ്ടായത്. കമ്പനിയുടെ ആകെ വില്‍പന 9 ദശലക്ഷത്തില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 6-7 ദശലക്ഷമായി കുറയുമെന്നാണ് ഇപ്പോഴത്തെ കണക്ക്.
സാമ്പത്തിക റിപ്പോര്‍ട്ട് അനുസരിച്ച്, 2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നഷ്ടം 68% ആയി വര്‍ദ്ധിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബി9 ബിവറേജസിന്‍റെ നഷ്ടം 748 കോടി രൂപയായിരുന്നുു. ഒരു പതിറ്റാണ്ട് മുമ്പ് ബെല്‍ജിയത്തില്‍ നിന്ന് ഹെഫെവൈസന്‍ ശൈലിയിലുള്ള ബിയര്‍ ബിറ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയിരുന്നു, എന്നാല്‍ പിന്നീട് ചെലവ് കുറവായതിനാല്‍ ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ തുടങ്ങി. ഡല്‍ഹി എന്‍സിആര്‍, ആന്ധ്രാപ്രദേശ് തുടങ്ങിയവിടങ്ങളില്‍ മികച്ച വിപണിയുള്ള കമ്പനിയാണ് ബി9 ബീവറേജസ്.
