പ്രവാസി ഇന്ത്യക്കാരുടെ ടാക്സ് സ്ലാബുകള്‍, ഫോമുകള്‍, യോഗ്യത, അവസാന തീയതി എന്നിവ അറിയാം
2025-26 ലെ അസസ്മെന്‍റ് വര്‍ഷത്തേക്കുള്ള എല്ലാ ഏഴ് ഐടിആര്‍ ഫോമുകളും സര്‍ക്കാര്‍ പുറത്തിറക്കിയതോടെ നികുതി ഫയല്‍ ചെയ്യാനുള്ള സമയം ആരംഭിച്ചു. വ്യക്തികളും ബിസിനസ്സുകളും അവരുടെ വരുമാനം, കിഴിവുകള്‍, നികുതി ബാധ്യതകള്‍ എന്നിവ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലൂടെ സര്‍ക്കാരിനെ അറിയിക്കുന്നു. ഇന്ത്യയുടെ ആദായ നികുതി പരിധിയില്‍ വരുന്ന എല്ലാ പൗരന്മാരും സ്ഥാപനങ്ങളും ഐടിആര്‍ ഫയല്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ പ്രവാസി ഇന്ത്യക്കാരുടെ കാര്യമോ? അവരും ആദായ നികുതി അടയ്ക്കേണ്ടതുണ്ടോ? ഇത് വിശദമായി മനസ്സിലാക്കാം.
ചില സാഹചര്യങ്ങളില്‍ പ്രവാസി ഇന്ത്യക്കാരും ഐടിആര്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. പ്രവാസി ഇന്ത്യക്കാര്‍ എപ്പോഴൊക്കെയാണ് നികുതി അടയ്ക്കേണ്ടത് എന്ന് പരിശോധിക്കാം.
പ്രവാസി ഇന്ത്യക്കാര്‍ക്ക് രാജ്യത്തെ വിവിധ നിക്ഷേപ മാര്‍ഗങ്ങളിലും റിയല്‍ എസ്റ്റേറ്റിലും നിക്ഷേപം നടത്താന്‍ അനുവാദമുണ്ട്. അതുകൊണ്ടു തന്നെ രാജ്യത്ത് താമസിക്കുന്നവരെപ്പോലെ അവരും നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ അവര്‍ക്ക് ഇന്ത്യയില്‍ നിന്ന് വരുമാനം ഇല്ലെങ്കില്‍ അല്ലെങ്കില്‍ അടിസ്ഥാന നികുതി ഇളവ് പരിധിക്കുള്ളില്‍ വരുമാനം നേടുകയാണെങ്കില്‍, അവര്‍ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ ബാധ്യസ്ഥരല്ല. പഴയ നികുതി സമ്പ്രദായത്തില്‍ 60 വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള അടിസ്ഥാന നികുതി ഇളവ് പരിധി 2.5 ലക്ഷം രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3 ലക്ഷം രൂപയുമാണ്. പുതിയ നികുതി സമ്പ്രദായത്തില്‍, 2024-25 സാമ്പത്തിക വര്‍ഷത്തിലെ അടിസ്ഥാന നികുതി ഇളവ് പരിധി 3 ലക്ഷം രൂപയാണ്. ഏറ്റവും പുതിയ ബഡ്ജറ്റില്‍ ഈ പരിധി 4 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ വരുമാനം നേടാത്ത അല്ലെങ്കില്‍ അടിസ്ഥാന നികുതി ഇളവ് പരിധിക്കുള്ളില്‍ മാത്രം വരുമാനമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് സാധാരണയായി നിര്‍ബന്ധിത ഐടിആര്‍ ഫയലിംഗില്‍ നിന്ന് ഇളവ് ലഭിക്കുമ്പോള്‍, അവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്. വിസയ്ക്ക് അപേക്ഷിക്കുമ്പോഴോ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുമ്പോഴോ ഐടിആര്‍ ഒരു രേഖയായി കാണിക്കാന്‍ ഇത് പ്രവാസി ഇന്ത്യക്കാരെ സഹായിക്കും.
ഇന്ത്യയില്‍ ലഭിക്കുന്നതോ ലഭിച്ചതായി കണക്കാക്കുന്നതോ, അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് നേടുന്നതോ നേടിയതായി കണക്കാക്കുന്നതോ ആയ വരുമാനത്തിന് മാത്രമേ പ്രവാസി ഇന്ത്യക്കാര്‍ നികുതി അടയ്ക്കേണ്ടതുള്ളൂ. ഇന്ത്യക്ക് പുറത്ത് ഒരു പ്രവാസി ഇന്ത്യക്കാരന്‍ നേടുന്ന വരുമാനം ഇന്ത്യയില്‍ നികുതി വിധേയമല്ല.
പഴയ നികുതി സമ്പ്രദായം അനുസരിച്ച് 2025-26 ലെ അസസ്മെന്‍റ് വര്‍ഷത്തിലെ പ്രവാസി ഇന്ത്യക്കാരുടെ ആദായ നികുതി സ്ലാബുകളും നിരക്കുകളും
2.5 ലക്ഷം രൂപ വരെ - നികുതിയില്ല
2.5 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ - 5%
5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ - 20%
10 ലക്ഷം രൂപയ്ക്ക് മുകളില്‍ - 30%
പുതിയ നികുതി സമ്പ്രദായം അനുസരിച്ച് 2025-26 ലെ അസസ്മെന്‍റ് വര്‍ഷത്തിലെ പ്രവാസി ഇന്ത്യക്കാരുടെ ആദായ നികുതി സ്ലാബുകളും നിരക്കുകളും
3 ലക്ഷം രൂപ വരെ - നികുതിയില്ല
3 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെ - 5%
7 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ - 10%
10 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ - 15%
12 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ - 20%
15 ലക്ഷം രൂപയ്ക്ക് മുകളില്‍ - 30%
പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പ്രത്യേക ഓപ്ഷണല്‍ നികുതി സമ്പ്രദായം
ഐടി നിയമം അനുസരിച്ച് ചില പ്രത്യേക വിദേശനാണ്യ ആസ്തികളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് പ്രത്യേക നിരക്കില്‍ നികുതി ഈടാക്കും. ചില കിഴിവുകളും നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകും.
ഈ വ്യവസ്ഥകള്‍ അനുസരിച്ച്, ഓരോ പ്രവാസി ഇന്ത്യക്കാരനും ഈ ഓപ്ഷണല്‍ നികുതി സമ്പ്രദായം തിരഞ്ഞെടുക്കാവുന്നതാണ്. അതില്‍ ഇന്ത്യന്‍ കമ്പനിയുടെ ഓഹരികള്‍, ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനത്തിലെ ഡിബഞ്ചറുകള്‍, നിക്ഷേപങ്ങള്‍, കേന്ദ്ര ഗവണ്‍മെന്‍റ് സെക്യൂരിറ്റികള്‍ തുടങ്ങിയ ചില പ്രത്യേക വിദേശനാണ്യ ആസ്തികളില്‍ നിന്ന് ലഭിക്കുന്ന ഏതൊരു ദീര്‍ഘകാല മൂലധന നേട്ടത്തിനും 10% (2024 ജൂലൈ 23 മുതല്‍ 12.5% ആയി വര്‍ദ്ധിപ്പിച്ചു) നികുതി ഈടാക്കും. നിക്ഷേപ വരുമാനത്തിന് 20% നികുതി ഈടാക്കും. എന്നിരുന്നാലും, ഇതിന് കീഴില്‍ പ്രത്യേക നികുതി സമ്പ്രദായം തിരഞ്ഞെടുക്കുന്ന ഏതൊരു പ്രവാസി ഇന്ത്യക്കാരനും അത്തരം പ്രത്യേക നികുതി സമ്പ്രദായത്തിന് കീഴില്‍ നികുതി ഈടാക്കുന്ന വരുമാനത്തില്‍ ചില കിഴിവുകളും ഇളവുകളും ലഭിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകും. അത്തരം പ്രവാസികള്‍ക്ക് ലഭിക്കുന്ന മറ്റേതെങ്കിലും വരുമാനത്തിന് സാധാരണ നികുതി നിരക്ക് ബാധകമാകും.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്നുള്ള ഒഴിവാക്കല്‍
ഐടി നിയമത്തിലെ 115എ വകുപ്പ് അനുസരിച്ച്, ലാഭവിഹിതം, പലിശ, റോയല്‍റ്റി അല്ലെങ്കില്‍ ടെക്നിക്കല്‍ സര്‍വീസുകള്‍ക്കുള്ള ഫീസ് എന്നിവ ഉള്‍പ്പെടുന്ന മൊത്തം വരുമാനമുള്ള ഒരു പ്രവാസി ഇന്ത്യക്കാരന് ഇന്ത്യയില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല. അത്തരം വരുമാനത്തിന് 115എ വകുപ്പ് അനുസരിച്ചുള്ള നിരക്കില്‍ നികുതി ഈടാക്കിയിട്ടുണ്ടെങ്കില്‍ ഇത് ബാധകമാണ്
ബാധകമായ ഐടിആര്‍ ഫോമുകള്‍
വരുമാനത്തിന്‍റെ സ്വഭാവം അനുസരിച്ചാണ് റിട്ടേണ്‍ ഫോം തിരഞ്ഞെടുക്കുന്നത്. അത് താഴെ പറയുന്നവയാണ്:
ഐടിആര്‍ 2: ബിസിനസ്സില്‍ നിന്നോ തൊഴിലില്‍ നിന്നോ വരുമാനമില്ലാത്ത വ്യക്തികള്‍ക്കും (താമസിക്കുന്നവരും പ്രവാസികളും) ഹിന്ദു അവിഭക്ത കുടുംബത്തിനും ഈ റിട്ടേണ്‍ ബാധകമാണ്.
ഐടിആര്‍ 3: ബിസിനസ്സില്‍ നിന്നോ തൊഴിലില്‍ നിന്നോ വരുമാനമുള്ള വ്യക്തികള്‍ക്കും (താമസിക്കുന്നവരും പ്രവാസികളും) ഹിന്ദു അവിഭക്ത കുടുംബത്തിനും ഈ റിട്ടേണ്‍ ബാധകമാണ്.
അതിനാല്‍, ശമ്പളം, വാടക വരുമാനം, മൂലധന നേട്ടം അല്ലെങ്കില്‍ മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം (ബിസിനസ്സ് അല്ലെങ്കില്‍ തൊഴില്‍ വരുമാനം ഒഴികെ) ഉള്ള പ്രവാസി ഇന്ത്യക്കാര്‍ ഐടിആര്‍2 ഫയല്‍ ചെയ്യേണ്ടതുണ്ട്. പ്രവാസി ഇന്ത്യക്കാരന് ഇന്ത്യയില്‍ ബിസിനസ്സില്‍ നിന്നോ തൊഴിലില്‍ നിന്നോ വരുമാനം ലഭിക്കുകയാണെങ്കില്‍, ഐടിആര്‍ 3 ബാധകമാകും.


