നിങ്ങളുടെ ടേം ഇന്‍ഷുറന്‍സ് പോളിസി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഇതാ

രു കുടുംബം കെട്ടിപ്പടുക്കുമ്പോള്‍ നമ്മള്‍ ഒരുപാട് സ്വപ്നങ്ങള്‍ കാണാറുണ്ട്. എന്നാല്‍ ആ സ്വപ്നങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഒരു ആഘാതം സംഭവിക്കുമ്പോള്‍ എപ്പോഴും അതിനെ പ്രതിരോധിക്കാന്‍ ഒരു സഹായം വേണം. അത്തരത്തില്‍ നമ്മുടെ കുടുംബത്തിന് സംരക്ഷണം നല്‍കുന്ന ഒരു സാമ്പത്തിക സുരക്ഷാ കവചമാണ് ടേം ഇന്‍ഷുറന്‍സ്. എന്നാല്‍ ശരിയായ ഒരു ടേം ഇന്‍ഷുറന്‍സ് പോളിസി എങ്ങനെ തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. നിങ്ങളുടെ ടേം ഇന്‍ഷുറന്‍സ് പോളിസി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഇതാ. 

1. സത്യസന്ധത പാലിക്കുക

ഇന്‍ഷുറന്‍സ് എന്നത് പൂര്‍ണ്ണമായും വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു കരാറാണ്. അതിനാല്‍ അപേക്ഷാ ഫോമില്‍ നല്‍കുന്ന എല്ലാ വിവരങ്ങളും സത്യസന്ധമായിരിക്കണം. കള്ളം പറഞ്ഞാല്‍ പോളിസി അസാധുവാകാന്‍ സാധ്യതയുണ്ട്. ഉദാഹരണത്തിന്, പുകവലിക്കാത്തവര്‍ക്കും മദ്യപിക്കാത്തവര്‍ക്കും പ്രീമിയം കുറവായിരിക്കും. എന്നാല്‍ കുറഞ്ഞ പ്രീമിയം ലഭിക്കാന്‍ വേണ്ടി ഈ കാര്യങ്ങള്‍ മറച്ചുവെക്കരുത്. ജീവിതശൈലിയിലെ ഈ മാറ്റങ്ങളോ അല്ലെങ്കില്‍ ഏതെങ്കിലും രോഗങ്ങളോ മറച്ചുവെച്ചാല്‍ പിന്നീട് ക്ലെയിം നിരസിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുകവലി, മദ്യപാനം പോലുള്ള ശീലങ്ങള്‍ ഉണ്ടെങ്കില്‍ അത് തുറന്നുപറയുക. കുടുംബത്തിന് എന്തെങ്കിലും പാരമ്പര്യരോഗങ്ങള്‍ (ഉദാഹരണത്തിന് പ്രമേഹം) ഉണ്ടെങ്കില്‍ അതും മറച്ചുവെക്കാതെ പറയുക. ഇത് പ്രീമിയം തുക അല്പം വര്‍ദ്ധിപ്പിച്ചേക്കാമെങ്കിലും, നോമിനിക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഓര്‍ക്കുക, എല്ലാ വര്‍ഷവും ഏകദേശം 2% ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നിരസിക്കപ്പെടുന്നുണ്ട്.

2. മെഡിക്കല്‍ ടെസ്റ്റ്

ടേം പ്ലാനുകള്‍ വലിയ തുകയുടെ ഇന്‍ഷുറന്‍സ് കവറുകള്‍ നല്‍കുന്നതുകൊണ്ട്, പോളിസി എടുക്കുന്നതിന് മുന്‍പ് മിക്ക കമ്പനികളും മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്താറുണ്ട്. എന്നാല്‍ ചില കമ്പനികള്‍ ടെസ്റ്റുകള്‍ ഒഴിവാക്കി, നല്ല ആരോഗ്യസ്ഥിതിയുണ് എന്നുള്ള സത്യവാങ്മൂലം മാത്രം ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ഒരു പക്ഷെ ദോഷകരമായി മാറിയേക്കാം. അപ്രതീക്ഷിതമായ മരണം സംഭവിച്ചാല്‍, ഇന്‍ഷുറന്‍സ് കമ്പനി നിങ്ങള്‍ കള്ളം പറഞ്ഞാണ് പോളിസി എടുത്തതെന്ന് വാദിച്ചേക്കാം. എന്നാല്‍ നിങ്ങള്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് വിധേയനായാല്‍, അതിന്റെ ഉത്തരവാദിത്തം കമ്പനിക്കും പരിശോധന നടത്തിയ ഡോക്ടര്‍ക്കും ആയിരിക്കും. അതുവഴി നിങ്ങളുടെ നോമിനിക്ക് ക്ലെയിം ലഭിക്കാനുള്ള സാധ്യത കൂടും. അതിനാല്‍, ഒരു ടേം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ മെഡിക്കല്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുക.

3. നിരക്ക് മാത്രം നോക്കരുത്

ടേം ഇന്‍ഷുറന്‍സ് എന്നത് ലൈഫ് ഇന്‍ഷുറന്‍സിന്റെ ഏറ്റവും ലളിതമായും ചെലവുകുറഞ്ഞതുമായ രൂപമാണ്. ഒരു കോടി രൂപയുടെ കവറേജിനായി പതിവര്‍ഷം 8,000-10,000 രൂപയോളം മാത്രം മതിയാകും. എന്നാല്‍ കുറഞ്ഞ പ്രീമിയം മാത്രം നോക്കി ഒരു പോളിസി തിരഞ്ഞെടുക്കരുത്. ക്ലെയിം സെറ്റില്‍മെന്റില്‍ മികച്ച സ്‌കോറുള്ളതും ഉപഭോക്തൃ സേവനത്തില്‍ നല്ല റെക്കോര്‍ഡുള്ളതുമായ ഒരു കമ്പനിയില്‍ നിന്ന് മാത്രം പോളിസി എടുക്കുക.

4. ശരിയായ കാലാവധി തിരഞ്ഞെടുക്കുക

ഒരു ടേം പ്ലാന്‍ പോളിസി ഉടമയുടെ വരുമാനം മരണശേഷം കുടുംബത്തിന് ലഭ്യമാക്കാന്‍ വേണ്ടിയുള്ളതാണ്. അതിനാല്‍, ജോലി ചെയ്യുന്ന കാലം മുഴുവന്‍ പോളിസി തുടരണം. ഇത് സാധാരണയായി 55-65 വയസ്സുവരെയാകാം. 15-20 വര്‍ഷത്തെ പ്ലാന്‍ എടുത്ത് 50-കളില്‍ പോളിസി അവസാനിക്കുന്ന തരത്തില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഈ ഘട്ടത്തിലാണ് ഒരു വ്യക്തിക്ക് ഇന്‍ഷുറന്‍സ് ഏറ്റവും കൂടുതല്‍ ആവശ്യം വരുന്നത്. 50 വയസ്സില്‍ പുതിയ പോളിസി എടുക്കുന്നത് വളരെ ചെലവേറിയതാണ്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ പോളിസി ലഭിക്കാനുള്ള സാധ്യതയും കുറവാണ്.

5. പ്രീമിയം അടയ്ക്കുന്ന രീതി

ഒരു ടേം പ്ലാന്‍ എടുത്തുകഴിഞ്ഞാല്‍, പ്രീമിയം കൃത്യസമയത്ത് അടച്ച് പോളിസി ലാപ്‌സ് ആകാതെ നോക്കണം. ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പണം അടയ്ക്കാന്‍ മന്‍ഡേറ്റ് നല്‍കുന്നത് ഒരു നല്ല മാര്‍ഗമാണ്. പക്ഷെ അക്കൗണ്ടില്‍ ആവശ്യത്തിന് പണം ഇല്ലെങ്കില്‍ പോളിസി ലാപ്‌സ് ആയേക്കാം. ഇതിലും നല്ലൊരു ഓപ്ഷന്‍, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് വഴി പ്രീമിയം അടയ്ക്കാന്‍ ബാങ്കിന് നിര്‍ദ്ദേശം നല്‍കുക എന്നതാണ്. ഇത് പ്രീമിയം കൃത്യസമയത്ത് അടച്ചെന്ന് ഉറപ്പാക്കുന്നു. മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും വാര്‍ഷിക, അര്‍ദ്ധ വാര്‍ഷിക, ത്രൈമാസ, പ്രതിമാസ തവണകളായി പ്രീമിയം അടയ്ക്കാന്‍ അവസരം നല്‍കുന്നുണ്ട്. പ്രതിമാസ ഓപ്ഷനാണ് ഏറ്റവും ചെലവേറിയത്. സാമ്പത്തികമായി ബുദ്ധിമുട്ടില്ലെങ്കില്‍, വാര്‍ഷിക പ്രീമിയം ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം. കാരണം, ഒരു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അടച്ചാല്‍ മതി. ഇത് പ്രീമിയം അടയ്ക്കാന്‍ മറന്നുപോകാനുള്ള സാധ്യത കുറയ്ക്കുന്നു.