ഒരു അക്കൗണ്ട് രണ്ടുവര്‍ഷത്തില്‍ അധികമായി ഉപയോഗിക്കാതിരുന്നാല്‍ അത് 'നിഷ്‌ക്രിയ അക്കൗണ്ട്' അഥവാ 'പ്രവര്‍ത്തനരഹിതമായ അക്കൗണ്ട്' ആയി കണക്കാക്കും

ര്‍ഷങ്ങളായി ഉപയോഗിക്കാത്ത ഒരു ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ എന്തുചെയ്യും? അത് വീണ്ടെടുക്കുക എന്നത് വലിയ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് തോന്നിയേക്കാം. എന്നാല്‍, അത്ര ബുദ്ധിമുട്ടില്ലാതെ തന്നെ പണം തിരികെ ലഭിക്കാന്‍ വഴികളുണ്ട്.

എന്താണ് നിഷ്‌ക്രിയ അക്കൗണ്ടുകള്‍?

ഒരു അക്കൗണ്ട് രണ്ടുവര്‍ഷത്തില്‍ അധികമായി ഉപയോഗിക്കാതിരുന്നാല്‍ അത് 'നിഷ്‌ക്രിയ അക്കൗണ്ട്' അഥവാ 'പ്രവര്‍ത്തനരഹിതമായ അക്കൗണ്ട്' ആയി കണക്കാക്കും.ഒരു അക്കൗണ്ട് പത്തുവര്‍ഷമോ അതില്‍ കൂടുതലോ ഉപയോഗിക്കാതെ കിടക്കുകയാണെങ്കില്‍ അതിലെ പണം, പലിശ സഹിതം ആര്‍ബിഐയുടെ 'ഡിപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നസ് ഫണ്ട്' എന്ന പ്രത്യേക ഫണ്ടിലേക്ക് മാറ്റും. 2014 മെയ് 24-നാണ് ആര്‍ബിഐ ഈ ഫണ്ട് രൂപീകരിച്ചത്. ഇത് സാധാരണ വാണിജ്യ ബാങ്കുകളിലെയും സഹകരണ ബാങ്കുകളിലെയും ഉപയോഗിക്കാത്ത നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യാനാണ്.

പണം ഈ ഫണ്ടിലേക്ക് മാറ്റിയാലും, അക്കൗണ്ട് ഉടമയ്ക്കോ നിയമപരമായ അവകാശികള്‍ക്കോ എപ്പോള്‍ വേണമെങ്കിലും ഈ തുക തിരികെ ക്ലെയിം ചെയ്യാവുന്നതാണ്.

പണം തിരികെ നേടാന്‍ എളുപ്പവഴികള്‍:

പണം തിരികെ ലഭിക്കുന്നതിനായി താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കാം:

  • ബാങ്ക് സന്ദര്‍ശിക്കുക: അക്കൗണ്ടുള്ള ബാങ്കിന്റെ ഏത് ശാഖയില്‍ വേണമെങ്കിലും പോകാം. സ്ഥിരം ശാഖ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല.
  • അപേക്ഷ നല്‍കുക: അപേക്ഷാ ഫോമിനൊപ്പം കെവൈസി രേഖകള്‍ (ആധാര്‍, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ് എന്നിവ) സമര്‍പ്പിക്കുക.
  • പരിശോധന: ബാങ്ക് രേഖകളും അപേക്ഷയും പരിശോധിച്ച് ഉറപ്പുവരുത്തും.
  • പണം കൈപ്പറ്റുക: പരിശോധന പൂര്‍ത്തിയായാല്‍, പലിശ സഹിതം നിങ്ങളുടെ പണം തിരികെ ലഭിക്കും.

കൂടുതല്‍ സഹായത്തിന്:

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ എല്ലാ ജില്ലകളിലും നടക്കുന്ന പ്രത്യേക ക്യാമ്പുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.

പണം കണ്ടെത്തുന്നതിനായി, ബാങ്കിന്റെ വെബ്‌സൈറ്റില്‍ പരിശോധിക്കാം. അല്ലെങ്കില്‍, ആര്‍ബിഐയുടെ 'UDGAM' (അണ്‍ക്ലെയിംഡ് ഡെപ്പോസിറ്റ്‌സ് - ഗേറ്റ്വേ ടു ആക്സസ് ഇന്‍ഫോര്‍മേഷന്‍) എന്ന പോര്‍ട്ടല്‍ ഉപയോഗിക്കാം. നിലവില്‍, 30 ബാങ്കുകളുടെ വിവരങ്ങള്‍ ഈ പോര്‍ട്ടലില്‍ ലഭ്യമാണ്