നിങ്ങളുടെ സാമ്പത്തിക ഭാവിയെ സുരക്ഷിതമാക്കാനായി നിങ്ങൾ തന്നെ നിർമിക്കുന്ന ഒരു റൂട്ട് മാപ്പ് എന്ന് ഇതിനെ പറയാം.
സാമ്പത്തികമായി പെട്ടെന്ന് വലിയൊരു ആവശ്യം വരുമ്പോഴാണ് നമ്മളിൽ പലർക്കും കുറച്ചു കൂടി പ്ലാൻ ചെയ്തു ജീവിക്കേണ്ടതായിരുന്നുവെന്ന് കുറ്റബോധം തോന്നുക. എന്നാൽ അപ്പോഴേക്കും സാമ്പത്തികം നമ്മളെയാകെ വരിഞ്ഞു മുറുക്കിയിട്ടുമുണ്ടാകും. ഓരോ ചെറിയ ചെറിയ പ്രതിസന്ധികളിൽ കൃത്യമായി പ്ലാൻ ചെയ്യാതെ ഇരട്ടിച്ച് വലിയ പ്രശ്നത്തിലേക്കെത്തിക്കാതെ നോക്കുകയാണ് വേണ്ടത്. ഇവിടെയാണ് ഫിനാൻഷ്യൽ പ്ലാനിങ് എന്ന വാക്കിന്റെ പ്രസക്തി.
എന്താണ് ഫിനാൻഷ്യൽ പ്ലാനിങ് ?
പണം സേവ് ചെയ്തു വക്കുക എന്ന കാര്യത്തിൽ മാത്രം ഒതുക്കാവുന്ന ഒരു ടേം അല്ല ഇത്. നിങ്ങളുടെ സാമ്പത്തിക ഭാവിയെ സുരക്ഷിതമാക്കാനായി നിങ്ങൾ തന്നെ നിർമിക്കുന്ന ഒരു റൂട്ട് മാപ്പ് എന്ന് ഇതിനെ പറയാം. ഫിനാൻഷ്യൽ പ്ലാനിങ് ഉള്ള ഒരാൾക്ക് പെട്ടെന്ന് ഒരു സാമ്പത്തിക പ്രതിസന്ധി ജീവിതത്തിൽ വരുമ്പോൾ അതിനെ എങ്ങനെ നേരിടണമെന്ന് കൃത്യമായ ധാരണയുണ്ടാകും. നിങ്ങളുടെ സേവിങ്സ്, ഇൻവെസ്റ്റ്മെന്റുകൾ, ഇൻഷുറൻസ്, ടാക്സ്, റിട്ടയർമെന്റ് പ്ലാനുകൾ തുടങ്ങി പേഴ്സണൽ ഫിനാൻസിലെ എല്ലാ മേഖലകളും ഫിനാഷ്യൽ പ്ലാനിങ്ങിൽ വരും. കൃത്യമായി പ്ലാൻ ചെയ്ത് മുന്നോട്ടു പോയാൽ ഏറെക്കുറെയുള്ള റിസ്കുകൾ കൈകാര്യം ചെയ്യാനാകും.
കൃത്യമായി സാമ്പത്തികം പ്ലാൻ ചെയ്ത് മുന്നോട്ട് പോകുന്നവരുമുണ്ട്. എന്നാൽ ഈ പ്ലാനിങ്ങിലും കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഫിനാൻഷ്യൽ പ്ലാനിങ്ങിൽ സാധാരണയായി പറ്റാറുള്ള ചില പിശകുകൾ നോക്കാം...
നിക്ഷേപങ്ങളോട് നോ പറയരുത്
മിക്കവരും വളരെ സാധാരണയായി ചെയ്യാറുള്ള ഒരു കാര്യമാണിത്. പണം സേവ് ചെയ്യുന്നത് നല്ലതാണ്. എന്നാൽ നിക്ഷേപത്തിനായും ഒരു തുക മാറ്റി വയ്ക്കുക. സേവ് ചെയ്യുന്നത് വഴി നിങ്ങളുടെ പണത്തിന് വളർച്ചയുണ്ടാകുന്നില്ല. അതേ സമയം നിക്ഷേപങ്ങളിൽ നിങ്ങളുടെ പണത്തിന് പൊട്ടൻഷ്യൽ ഗ്രോത്ത് ഉണ്ടാകുന്നു. റിസ്ക് എടുക്കാനുള്ള ബുദ്ധിമുട്ടുകളാണ് നിക്ഷേപങ്ങളോട് നോ പറയാൻ കാരണമെങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ്, പിപിഎഫ് പോലെയുള്ള റിസ്ക് വളരെക്കുറഞ്ഞ ഓപ്ഷനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
വീട്
വീടിനായി ജീവിത കാലത്തെ വരുമാനം മുഴുവൻ ചെലവഴിക്കുന്ന ശീലമുള്ളവരാണ് നമ്മൾ മലയാളികൾ. നമ്മുടെ സാമ്പത്തിക ശേഷിക്കപ്പുറം ബാധ്യത വരാവുന്ന വീട് പണിയുന്നത് ഫിനാൻഷ്യൽ പ്ലാനിങ്ങിലെ മറ്റെല്ലാ കാര്യങ്ങളെയും ബാധിക്കും. ലോണെന്ന ഓപ്ഷൻ ആണ് മുന്നിലെങ്കിൽപ്പോലും നിങ്ങളുടെ മാസവരുമാനത്തിന്റെ 30 ശതമാനത്തിൽ താഴേക്ക് മാത്രം ചെലവാകുന്ന രീതി തെരഞ്ഞെടുക്കുക.
പാസീവ് ഇൻകം സോഴ്സുകൾ
മിനിമം എഫേർട്ടിൽ സ്ഥിരമായി ഒരു വരുമാനം ലഭിക്കുന്ന മാർഗമാണ് പാസീവ് ഇൻകം. നിങ്ങളുടെ പ്രധാന വരുമാന മാർഗത്തിനു പുറമേയുള്ള ഒരു സൈഡ് ബിസിനസാണിത്. ഈ പണം നിങ്ങൾക്ക് നിക്ഷേപമായി ഉപയോഗിക്കുകയോ മറ്റു ഫിനാൻഷ്യൽ ഗോളുകൾക്കായി വിനിയോഗിക്കുകയോ ചെയ്യാം. ഇതിന് നിങ്ങൾക്ക് സാധ്യമായ ഏത് രീതിയും സ്വീകരിക്കാം. വീട്, വണ്ടി തുടങ്ങിയവ വാടകയ്ക്ക് കൊടുക്കുന്നത് പോലും പാസീവ് ഇൻകം എന്ന കൺസെപ്റ്റിൽ വരുന്നതാണ്.
ഇൻഷുറൻസുകളും നിക്ഷേപങ്ങളും
ഇൻഷുറൻസുകളും നിക്ഷേപങ്ങളും അടിസ്ഥാനപരമായി രണ്ട് കാര്യങ്ങൾക്കുള്ളതാണ്. എന്നാൽ ഇവ കമ്പൈൻ ചെയ്ത് വരുന്ന പ്ലാനുകൾ ഇന്നുണ്ട്. ഇത്തരം പോളിസികൾക്ക് അടയ്ക്കേണ്ട പ്രീമിയം തുക
മറ്റ് ഇൻഷുറൻസ് തുകകളേക്കാൾ കൂടുതലായിരിക്കും. ഇവ ഉപയോഗിച്ചില്ലെങ്കിൽ റിട്ടേൺ ആയി ലഭിക്കുമെന്നത് ശരിയാണെങ്കിലും ഇൻഷുറൻസിന് കവറേജ് പൊതുവേ കുറവായിരിക്കും. ഇത്തരം കമ്പൈൻഡ് പ്ലാനുകൾ ആലോചിക്കുന്നുണ്ടെങ്കിലും വളരെ ശ്രദ്ധിച്ച് മാത്രം തീരുമാനമെടുക്കുക. ഏറ്റവും നല്ലത് ഒരു നല്ല ഇൻഷുറൻസ് പ്ലാൻ തന്നെ തെരഞ്ഞെടുത്ത്, ടേം പ്ലാൻ നോക്കുന്നതായിരിക്കും.
സമ്പാദ്യം എങ്ങനെ സൂക്ഷിക്കാം?
നിങ്ങളുടെ എല്ലാ സമ്പാദ്യവും ഒരൊറ്റ മാർഗത്തിലേക്ക് ഒതുക്കുന്നത് മണ്ടത്തരമാണ്. ഉദാഹരണത്തിന് നിങ്ങളുടെ മുഴുവൻ സമ്പാദ്യവും ഒരു സ്ഥലം വാങ്ങാനായി മാറ്റി വച്ചുവെന്ന് കരുതുക. ഭാവിയിൽ എന്തെങ്കിലും കാരണം കൊണ്ട് ആ സ്ഥലം കൈമാറ്റം ചെയ്യാൻ കഴിയാതെ വന്നാൽ നിങ്ങളുടെ സാമ്പത്തികമാകെ അവതാളത്തിലാകും. ഇതിലും നല്ലത് നിങ്ങളുടെ പോർട്ട് ഫോളിയോയിൽ മറ്റു മാഗങ്ങൾ ഉൾപ്പെടുത്തുക എന്നുള്ളതാണ്. ഡൈവേഴ്സിഫയിങ് പോർട്ട്ഫോളിയോ എന്ന ഒറ്റ ടേമായി ഇതിനെ പറയാം.
നിങ്ങളുടേതായ പ്ലാൻ
ഫിനാൻഷ്യൽ പ്ലാനിങ്ങുകൾ നമുക്ക് ഒരിക്കലും കോപ്പി ചെയ്യാൻ കഴിയുന്ന ഒന്നല്ല. കാരണം നമ്മുടെ സുഹൃത്തുക്കളുടെ ജീവിതവും ചുറ്റുപാടും സാമ്പത്തിക ലക്ഷ്യങ്ങൾ പോലും വെവ്വേറെയായിരിക്കും. നമ്മുടെ സാഹചര്യവും നമ്മുടെ ചുറ്റുപാടും നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങളും കണക്കു കൂട്ടിയാണ് നമ്മുടെ കസ്റ്റമൈസ്ഡ് ഫിനാൻഷ്യൽ പ്ലാൻ ഉണ്ടാക്കേണ്ടത്. മറ്റൊരാളുടെ അതേ പ്ലാനിൽ മുന്നോട്ട് പോയാൽ റിസ്ക് വരുകയും നമുക്ക് മാനേജ് ചെയ്യാൻ പറ്റാതെ വരുന്ന സന്ദർഭങ്ങൾ പോലും ഉണ്ടായേക്കാം.
റിട്ടയർമെന്റ് പ്ലാനിങ്
ഫിനാൻഷ്യൽ പ്ലാനിങ് നടത്തുമ്പോൾ മറ്റെല്ലാ കാര്യങ്ങളെയും പോലെ റിട്ടയർമെന്റ് പ്ലാനിങ്ങും നടത്തണം. റിട്ടയർമെന്റിൽ അതു വരെയുള്ള വരുമാനം നിലച്ചാൽ എന്ത് ചെയ്യണം, അക്കാലത്ത് കുടുംബത്തിന്റെ ഭാവി എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങളിൽ എല്ലാം കൃത്യമായ പ്ലാനിങ് വേണം.
നിങ്ങളുടെ ഫിനാൻഷ്യൽ പ്ലാനിങ്ങിലേതു പോലെ 100 ശതമാനം കാര്യങ്ങളും അതു പോലെ നടന്നോളണമെന്നില്ല. എന്നാൽ പെട്ടെന്നൊരു സാഹചര്യം വരുമ്പോൾ ഒരു പരിധി വരെ പതറാതെ പിടിച്ചു നിൽക്കാൻ ഇത്തരം പ്ലാനിങ്ങുകൾ സഹായിക്കും. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാം....
ജോലിക്ക് പുറമേ ഒരു എക്സ്ട്രാ വരുമാനം വേണോ? ഈ 8 മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് അധിക വരുമാനം തരും !
