വരുമാനം കൃത്യമായി ഉപയോഗിക്കാം. യുവാക്കൾക്ക് പ്രയോജനകരമാകുന്ന ചില കാര്യങ്ങൾ  

മാസം ആരംഭിക്കുമ്പോൾ ശമ്പളം വരുന്നതും ദിവസങ്ങൾക്കുള്ളിൽ പോക്കെറ്റ് കാലിയാകുന്നതും ഒരു പുതിയ വിഷയമല്ല. പ്രത്യേകിച്ച് യുവാക്കളുടെ കാര്യത്തിൽ. സാമ്പത്തികം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ യുവാക്കൾ പൊതുവെ പിന്നിലേക്കാണ്. കൃത്യമായ ലക്ഷ്യത്തോടെ പണം കൈകാര്യം ചെയ്തില്ലെങ്കിൽ മാസം പകുതി ആകുമ്പോഴേക്ക് കീശ കാലിയാകും. പിന്നെ പണം തിരിമറി നടത്തേണ്ടതായി വരും. ഇതിനുള്ള പരിഹാര മാർഗങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എങ്ങനെ വരുമാനം കൃത്യമായി ചെലവാക്കാം എന്നത് യുവാക്കൾ അറിഞ്ഞിരിക്കേണ്ടതാണ്. 


1 വരവും ചെലവും 

വരവിനനുസരിച്ച് ചെലവ് ക്രമപ്പെടുത്താൻ ശ്രദ്ധിക്കുക. അതിനായി ആദ്യം തന്നെ വരവ് ചെലവ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുക. ഒരു മാസം നിങ്ങൾക്ക് ഉണ്ടാകുന്ന ചെലവുകളുടെ വിവരങ്ങൾ പരിശോധിക്കുക. അതിൽ തന്നെ ഏറ്റവും പ്രാധ്യാന്യമുള്ളവ ആദ്യം ലിസ്റ്റ് ചെയ്യുക. ശമ്പളം ലഭിച്ചാൽ ആദ്യം ചെയ്തു തീർക്കേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുക. ഉദാഹരണത്തിന്, വിദ്യാഭ്യാസ വായ്പ, വാടക, ഇഎംഐ, റീചാർജുകൾ, കറണ്ട് ബില്ല്, വാട്ടർ ബില്ല്, ദിവസേനയുള്ള യാത്ര ചെലവ്, ഭക്ഷണത്തിനുള്ള തുക എന്നിങ്ങനെ ആദ്യമേ കണക്കു കൂട്ടുക. പ്രധാനപ്പെട്ടവ ആദ്യം തന്നെ അടയ്ക്കുക. 

2 നിക്ഷേപങ്ങൾ 

സ്ഥിര വരുമാനത്തിൽ നിന്നും ഒരു തുക നിക്ഷേപം എന്ന രീതിയിൽ മാറ്റിവെക്കാം. അത് നിങ്ങൾക്ക് സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുകയോ അല്ലെങ്കിൽ മറ്റ് പ്രാദേശിക നിക്ഷേപ സംവിധാനങ്ങൾ ഉപയോഗിക്കുകയോ ചെയ്യാം ഉദാഹരണത്തിന് ചിട്ടി ഒരു മികച്ച നിക്ഷേപ മാർഗമായിരിക്കും പ്രത്യേകിച്ച് യുവാക്കൾക്ക്. കാരണം സേവിങ്സ് അക്കൗണ്ടിൽ പണം കിടന്നാൽ ഒരു പക്ഷെ ഡെബിറ്റ് കാർഡുകൾ അല്ലെങ്കിൽ യുപിഐ വഴി പേയ്മെന്റ് ചെയ്ത് ബില്ലുകൾ കൂട്ടും. അതിലും മികച്ചത് ചിട്ടിയിൽ നിക്ഷേപിക്കുന്നതാണ്. ചിട്ടി ലഭിക്കുമ്പോൾ ലഭിക്കുക ഒരു വലിയ തുകയായിരിക്കും. അത് വലിയ ബാധ്യതകൾ ഉണ്ടെങ്കിൽ തീർക്കാൻ ഉപയോഗിക്കാം. 

Read Also : Bank Account : നിങ്ങൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാകാം; അറിയേണ്ടതെല്ലാം

3 ക്യാഷ് ലെസ്സ് ഇടപാടുകൾ 

യുവാക്കൾ പലപ്പോഴും ക്യാഷ്‌ലെസ്സ് ഇടപാടുകളാണ് ഇപ്പോൾ നടത്തി വരുന്നത്. എന്നാൽ അതൊരു കെണിയാണ്. കാരണം പലപ്പോഴും കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ ചെലവാക്കുന്ന തുകയെ കുറിച്ച് ബോധവാന്മാരാകാറില്ല. ഇതുപോലെ തന്നെയാണ് യുപിഐ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളും. അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ ശ്രമിച്ചാലും പലപ്പോഴും അതിൽ കുടുങ്ങി പോകും. ഇതിനുള്ള ഒരു മികച്ച ഉപായമാണ് പണം കയ്യിൽ സൂക്ഷിക്കുക എന്നുള്ളത്. കയ്യിൽ നിന്നും എടുത്ത് ചെലവാക്കുമ്പോൾ കുറച്ചുകൂടി പണത്തെ കൂറിച്ച് ബോധവാന്മാരാകും. കൃത്യമായ കണക്കൂട്ടലുകൾ നടത്തി ആവശ്യമുള്ള തുക മാത്രം കയ്യിൽ കരുതുക. 

Read Also : നവദമ്പതികളുടെ സാമ്പത്തിക ആസൂത്രണം വിജയകരമാക്കാം; ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ

4 പാഴ് ചെലവുകൾ 

മാസം ആരംഭിക്കുമ്പോൾ തന്നെ പാഴ് ചെലവുകൾ കണ്ടെത്തണം. അനാവശ്യ ചെലവുകൾ തിരിച്ചറിഞ്ഞ് അവ ആദ്യം തന്നെ ലിസ്റ്റ് ചെയ്യുക. പിന്നീട് അതിലേക്ക് എത്തുമ്പോൾ തന്നെ അവ ആവശ്യമുള്ളതല്ലല്ലോ എന്ന് നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും. ഷോപ്പിങ്. ഔട്ടിങ്, ഗെയിം ഇതിനെല്ലാം പണം ചെലവഴിക്കാം. പക്ഷെ അത് മാസത്തിൽ എത്ര തവണ എന്ന് നിങ്ങൾ കണക്ക് സൂക്ഷിക്കണം. നിങ്ങളുടെ വരുമാനവുമായി അത് യോജിക്കുന്നുണ്ടോ എന്ന് അവലോകനം നടത്തിയ ശേഷം മാത്രം മുന്നോട്ട് പോകുക.