കാൻസർ ചികിത്സയ്ക്കുള്ള 1,364 മരുന്നുകളുടെ പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ലാഭവിഹിതത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഉപഭോക്താക്കൾക്ക് പ്രതിവർഷം കോടികളുടെ ലാഭമുണ്ടാകും. ചില മരുന്നുകൾക്ക് 96 ശതമാനം വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.
കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വിലയില്‍ പ്രഖ്യാപിച്ച വിലക്കുറവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വ്യാപാരികള്‍ക്ക് ഈടാക്കാവുന്ന ലാഭവിഹിതത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് 1,364 കാന്‍സര്‍ മരുന്നുകളുടെ പുതുക്കിയ വിലയാണ് ഇന്ന് മുതല്‍ നിലവില്‍ വന്നിരിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 3,540.38 കോടി രൂപ ലാഭിക്കാനാകുമെന്നാണ് കണക്ക്.
137 കാന്‍സര്‍ മരുന്നുകള്‍ക്കാണ് ദേശീയ ഔഷധ വിലനിര്‍ണയ അതോറിറ്റിയായ എന്‍പിപിഎ ലാഭവിഹിതത്തിന് പരിധി നിശ്ചയിച്ചത്. ഇതിന്റെ ഭാഗമായി വിവിധ കമ്പനികളുടെ ബ്രാന്‍ഡഡ് മരുന്നുകളുടെ വില കുറച്ചിട്ടുണ്ട്. ചില മരുന്നുകള്‍ക്ക് 50 ശതമാനത്തിലേറെയാണ് വിലക്കുറവ്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് രൂപീകരിച്ച വിദഗ്ധ സമിതി നല്കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്പിപിഎയാണ് വില നിയന്ത്രണം നടപ്പാക്കിയത്. കാന്‍സര്‍ ചികിത്സയുടെ ചെലവ് കുറയ്ക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നവംബര്‍ 8 വരെയുള്ള കണക്കനുസരിച്ച് 85 ഔഷധ നിര്‍മാണ കമ്പനികള്‍ 121 മരുന്നുകളുടെ പുതുക്കിയ പരമാവധി ചില്ലറ വില്പന വില റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്രം അറിയിച്ചു. 679 ബ്രാന്‍ഡുകളുടെ വിലയില്‍ 50 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന വിലക്കുറവ് 96.45 ശതമാനമാണ്.
ഏതൊക്കെ മരുന്നുകള്‍ക്കാണ് വില കുറഞ്ഞത്?
20ലധികം തരത്തിലുള്ള കാന്‍സറുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇമ്മ്യൂണോതെറാപ്പി മരുന്നുകളും പുതുക്കിയ വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരും. ഡെനോസുമാബ് , പെഗ്ഫില്‍ഗ്രാസ്റ്റിം , ബെവാസിസുമാബ് തുടങ്ങിയ മരുന്നുകളും പട്ടികയിലുണ്ട്. പെംബ്രോളിസുമാബ് , ദുര്‍വാലുമാബ് , ഒസിമെര്‍ട്ടിനിബ് തുടങ്ങിയ വ്യാപകമായി ഉപയോഗിക്കുന്ന കാന്‍സര്‍ മരുന്നുകള്‍ക്കും വിലക്കുറവ് ബാധകമാണ്.
പുതുക്കിയ വില എങ്ങനെ അറിയാം?
പുതുക്കിയ വില നിലവില്‍ വന്നതോടെ മെഡിക്കല്‍ ഷോപ്പുകള്‍ക്കും ആശുപത്രി ഫാര്‍മസികള്‍ക്കും അതില്‍ കൂടുതലുള്ള തുകയ്ക്ക് മരുന്നുകള്‍ വില്‍ക്കാനാകില്ല. മരുന്നുകളുടെ പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള പുതുക്കിയ പരമാവധി ചില്ലറ വില്പന വില പരിശോധിച്ച് ഉപഭോക്താക്കള്‍ക്ക് വില ഉറപ്പാക്കാം.














