കൊച്ചി: കോവിഡ് ലോക്ഡൗണില്‍ സംസ്ഥാനത്തെ നിര്‍മ്മാണ മേഖല കടുത്ത പ്രതിസന്ധിയില്‍. ഈ വര്‍ഷം വില്‍പ്പനയില്‍ 7000 കോടിയുടെ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. നിര്‍മ്മാണ മേഖലക്കായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ക്രഡായ് കേരള ആവശ്യപ്പെട്ടു.

കേരളത്തിന്‍റെ ജിഡിപിയുടെ 20 ശതമാനവും നിര്‍മ്മാണ മേഖലയില്‍ നിന്നാണ്. ലോക്ഡൗണ്‍ വന്നതോടെ നിര്‍മ്മാണ മേഖല നിശ്ചലമായി. നിക്ഷേപകരില്‍ ഭൂരിഭാഗവും പ്രവാസികളാണ്. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബുക്ക് ചെയ്ത പദ്ധതികളില്‍ നിന്ന് പലരും പിന്‍മാറുകയാണ്. 

റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി നിലവില്‍ വന്നതോടെ പിന്‍മാറുന്ന നിക്ഷേപകര്‍ക്ക് 45 ദിവസത്തിനകം പണം മടക്കി നല്‍കണം. നിശ്ചിത സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാകാത്ത സ്ഥിതിയാണുള്ളത്. ഇതിന് വലിയ പിഴ നല്‍കണം. ഈ സാഹചര്യത്തിൽ റെറയുടെ വ്യവസ്ഥകള്‍ രണ്ട് വര്‍ഷത്തേങ്കിലും മരവിപ്പിക്കണം. 

നിര്‍മ്മാണ മേഖലയിലെ വിദഗ്ധ തൊഴിലാളിക്ക് പ്രതിദിനം 938 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കൂലി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഭൂമിയുടേയും കെട്ടിടങ്ങളുടേയും രജിസ്ട്രേഷൻ നിരക്ക് 10 ശതമാനമെന്നത് പകുതിയായി കുറക്കണം. ഭൂമിയുടെ ന്യായവില കൂട്ടിയ തീരുമാനം പിന്‍വിലക്കണമെന്നും ക്രഡായ് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.