ഫിക്സഡ് ഡെപോസിറ്റിന്റെ പലിശ വീണ്ടും ഉയർത്തിയതോടെ നിക്ഷേപിക്കുന്ന പണത്തിന് ഉയർന്ന വരുമാനം ലഭിക്കും. മുതിർന്ന പൗരന്മാർക്ക് അധിക പലിശയും
ദില്ലി: രണ്ട് കോടി മുതൽ അഞ്ച് കോടി വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി ഐസിഐസിഐ ബാങ്ക്. ഏഴ് വര്ഷം മുതൽ പത്ത് വര്ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 3.75 ശതമാനം മുതൽ 6.25 ശതമാനം വരെ വാഗ്ദാനം ചെയ്യുന്നു. ഒരു വര്ഷം മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ പരമാവധി 6.50 ശതമാനം പലിശ നിരക്ക് ലഭിക്കും. പുതുക്കിയ നിരക്കുകൾ 2022 നവംബർ 3 മുതൽ അതായത് ഇന്ന് മുതൽ നിലവിൽ വന്നു.
പുതുക്കിയ നിരക്കുകൾ അറിയാം
ഒരാഴ്ച മുതൽ ഒരു മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്, ബാങ്ക് ഇപ്പോൾ 3.75 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഒന്നര മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 4.75 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. രണ്ട് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. മൂന്ന് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.25 ശതമാനം പലിശ ലഭിക്കും. മൂന്ന് മാസം മുതൽ ആറ് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശ നിരക്കും ആറ് മുതൽ ഒൻപത് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.75 ശതമാനം പലിശ നിരക്കും ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
ALSO READ: ചെലവ് ചുരുക്കാൻ ഇലോൺ മസ്‌ക്; ട്വിറ്ററിലെ 3,700 ജീവനക്കാരെ പുറത്താക്കിയേക്കും
ഒൻപത് മാസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.00 ശതമാനം പലിശ ലഭിക്കും. ഒരു വർഷം മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 6.50 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മൂന്ന് വർഷം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ ഐസിഐസിഐ ബാങ്കിൽ നിന്നും 6.25 ശതമാനം പലിശ ലഭിക്കും.
2022 ഒക്ടോബർ 29-ന് ഐസിഐസിഐ ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 50 ബിപിഎസ് വരെ ഉയർത്തിയിരുന്നു. "ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയേഴ്‌സ് എഫ്ഡി" സ്‌പെഷ്യൽ ഫിക്‌സഡ് ഡെപ്പോസിറ്റ് പ്രോഗ്രാമിന്റെ കാലാവധി 2023 ഏപ്രിൽ 7 വരെ ബാങ്ക് നീട്ടിയിട്ടുമുണ്ട്.
