ഐസിഐസിഐ ബാങ്കിന്റെ നീക്കത്തിനെതിരെ ഉപഭോക്താക്കള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്

മിനിമം ബാലന്‍സ് നിബന്ധനകള്‍ ഏര്‍പ്പെടുത്താനും പിന്‍വലിക്കാനുമുള്ള അധികാരം ബാങ്കുകള്‍ക്ക് തന്നെയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ . ഐസിഐസിഐ ബാങ്ക് മിനിമം ബാലന്‍സ് നിബന്ധനകളില്‍ വരുത്തിയ വര്‍ധനയെ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്കാണ് ഗവര്‍ണറുടെ മറുപടി. ഐസിഐസിഐ ബാങ്കിന്റെ പുതിയ നിയമങ്ങള്‍ പ്രകാരം, മെട്രോ, നഗര ശാഖകളിലെ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് 10,000-ല്‍ നിന്ന് 50,000 ആയി ഉയര്‍ത്തിയിരുന്നു. ചെറിയ നഗരങ്ങളിലെ ശാഖകളില്‍ 5,000-ല്‍ നിന്ന് 25,000 ആയും ഗ്രാമീണ ശാഖകളില്‍ 10,000 ആയും മിനിമം ബാലന്‍സ് ഉയര്‍ത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ പുതിയ ഉപഭോക്താക്കള്‍ക്ക് മാത്രമേ ബാധകമാവുകയുള്ളൂ. നിലവിലുള്ള അക്കൗണ്ട് ഉടമകള്‍ക്ക് പഴയ നിബന്ധനകള്‍ തുടരും.

ഐസിഐസിഐ ബാങ്കിന്റെ നീക്കത്തിനെതിരെ ഉപഭോക്താക്കള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കുറഞ്ഞ വരുമാനക്കാരായ ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ ദുഷ്‌കരമാക്കുന്നതാണ് ഈ തീരുമാനമെന്ന് പലരും അഭിപ്രായപ്പെട്ടു. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇന്ന് ഐസിഐസിഐ ബാങ്കിന്റെ ഓഹരി വിലയില്‍ 1% ഇടിവ് രേഖപ്പെടുത്തി. സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പല ബാങ്കുകളും സേവിംഗ്‌സ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. എന്നാല്‍, ഭൂരിഭാഗം സ്വകാര്യ ബാങ്കുകളും മിനിമം ബാലന്‍സ് നിബന്ധനകള്‍ തുടരുകയാണ്. ഇതില്‍ കുറവുവരുന്ന തുകയുടെ 6% അല്ലെങ്കില്‍ 500 രൂപ, ഇതില്‍ ഏതാണോ കുറവ് അത് ത്രൈമാസികമായി ഈടാക്കാറുണ്ട്.

ഐസിഐസിഐ ബാങ്കിന്റെ പുതിയ നിബന്ധനകള്‍ പ്രകാരം എടിഎം ഉപയോഗങ്ങള്‍ക്കും പുതിയ നിരക്കുകള്‍ ബാധകമാകും. മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ ആറ് മെട്രോ നഗരങ്ങളിലെ ഐസിഐസിഐ ഇതര എടിഎമ്മുകളില്‍ ഒരു മാസം മൂന്ന് സൗജന്യ ഇടപാടുകള്‍ വരെ നടത്താം. ഇതിനുശേഷം സാമ്പത്തിക ഇടപാടുകള്‍ക്ക് 23 രൂപയും , ബാലന്‍സ് എന്‍ക്വയറി പോലുള്ള സാമ്പത്തികേതര ഇടപാടുകള്‍ക്ക് 8.5 രൂപയും ഈടാക്കും.

ഐസിഐസിഐ ബാങ്കിന്റെ നീക്കം പൊതുമേഖലാ ബാങ്കുകളുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ്. പൊതുമേഖലാ ബാങ്കുകള്‍ മിനിമം ബാലന്‍സ് നിബന്ധനകള്‍ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണ് മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനുള്ള പിഴ ഒഴിവാക്കിയ ആദ്യത്തെ ബാങ്ക്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയും ഈ പാത പിന്തുടര്‍ന്ന് പിഴ ഒഴിവാക്കി.