റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയാല്‍ ഇറക്കുമതി ചെലവില്‍ 78,885 കോടി രൂപയുടെ വര്‍ധനവുണ്ടാകും
റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയാല്‍ രാജ്യത്തിന്റെ എണ്ണ ഇറക്കുമതി ചെലവ് 78,885 കോടി രൂപ മുതല്‍ 1.05 ലക്ഷം കോടി രൂപ വരെ വര്‍ധിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. 2026 സാമ്പത്തിക വര്‍ഷം ശേഷിക്കുന്ന കാലയളവില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയാല്‍ ഇറക്കുമതി ചെലവില്‍ 78,885 കോടി രൂപയുടെ വര്‍ധനവുണ്ടാകുമെന്നും അടുത്ത സാമ്പത്തിക വര്‍ഷം ഇത് 1,02,550 കോടി രൂപയിലെത്തുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ മോസ്‌കോക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യ റഷ്യയില്‍ നിന്ന് വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. ബാരലിന് 5,259 രൂപ എന്ന നിരക്കില്‍ കിഴിവോടെയായിരുന്നു ഈ എണ്ണ ലഭിച്ചിരുന്നത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 1.7 ശതമാനം മാത്രമായിരുന്ന റഷ്യന്‍ എണ്ണയുടെ പങ്ക് 2025 സാമ്പത്തിക വര്‍ഷം 35.1 ശതമാനമായി ഉയര്‍ന്നു. ഇതോടെ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ മാറി. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഇറക്കുമതി ചെയ്ത 245 ദശലക്ഷം മെട്രിക് ടണ്‍ ക്രൂഡ് ഓയിലില്‍ 88 ദശലക്ഷം മെട്രിക് ടണ്ണും റഷ്യയില്‍ നിന്നായിരുന്നു.
മറ്റ് സാധ്യതകള്‍
പരമ്പരാഗത പങ്കാളികള്‍: റഷ്യന്‍ എണ്ണ ലഭ്യമല്ലാതായാല്‍ ഇന്ത്യക്ക് തങ്ങളുടെ പരമ്പരാഗത പങ്കാളികളായ പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ആശ്രയിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുമായി ഇന്ത്യക്ക് നിലവില്‍ വാര്‍ഷിക കരാറുകളുണ്ട്. ഇത് വഴി ഓരോ മാസവും അധിക വിതരണത്തിന് ആവശ്യപ്പെടാന്‍ സാധിക്കും.
വൈവിധ്യവല്‍ക്കരണം: യുക്രെയ്ന്‍ യുദ്ധത്തിന് മുന്‍പ് ഇറാഖ് ആയിരുന്നു ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാര്‍. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ഏകദേശം 40 രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. അമേരിക്ക, പശ്ചിമ ആഫ്രിക്ക, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും, കൂടാതെ ഗയാന, ബ്രസീല്‍, കാനഡ തുടങ്ങിയ പുതിയ വിതരണക്കാരില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നു.
റഷ്യ ലോകത്തിലെ ക്രൂഡ് ഓയില്‍ വിതരണത്തിന്റെ 10 ശതമാനം കൈകാര്യം ചെയ്യുന്നു എല്ലാ രാജ്യങ്ങളും റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുകയും മറ്റ് രാജ്യങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ക്രൂഡ് ഓയിലിന്റെ വില 10 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കിലും, എണ്ണ വിതരണത്തില്‍ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സ്രോതസുകളും മറ്റ് രാജ്യങ്ങളുമായുള്ള നിലവിലെ കരാറുകളും അധിക ബാധ്യതയുടെ ആഘാതം കുറയ്ക്കാന്‍ സഹായിക്കുമെന്നും എസ്ബിഐ റിപ്പോര്‍ട്ട് പറയുന്നു

