നിങ്ങളുടെ വെര്‍ച്വല്‍ ഐഡന്റിറ്റി ഉപയോഗിച്ച് നിങ്ങളുടെ പേരില്‍ ലോണുകള്‍ നേടുകയോ അക്കൗണ്ടുകള്‍ തുറക്കുകയോ ചെയ്തതിന് ശേഷമോ മാത്രമേ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ അറിയുകയുള്ളൂ.

ണ്‍ലൈന്‍ ബാങ്കിംഗിന്റെയും പണമിടപാടുകളുടെയും ഈ കാലഘട്ടത്തില്‍, ഏറ്റവും അപകടകരവുമായ സാമ്പത്തിക തട്ടിപ്പുകളിലൊന്നാണ് ആള്‍മാറാട്ട തട്ടിപ്പ്. ഒരു ഫോണ്‍ വിളിയിലൂടെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാന്‍ തട്ടിപ്പുകാര്‍ക്ക് കഴിയും. ബാങ്ക് എക്‌സിക്യൂട്ടീവ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തുടങ്ങിയ വ്യാജ പേരുകളില്‍ വിളിക്കുന്ന ഇവര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ സ്വകാര്യ വിവരങ്ങളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും ആധാര്‍, പാന്‍ നമ്പറുകളിലേക്കും പ്രവേശനം നേടാന്‍ സാധിക്കും.

എന്താണ് ആള്‍മാറാട്ട തട്ടിപ്പ്?

 ബാങ്ക് ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മറ്റ് ഓഫീസര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരായി സ്വയം ചമഞ്ഞ് തട്ടിപ്പുകാര്‍ തന്ത്രപ്രധാനമായ സാമ്പത്തിക, വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കുന്നതിനെയാണ് ആള്‍മാറാട്ട തട്ടിപ്പ് എന്ന് പറയുന്നത്. ഈ തട്ടിപ്പുകള്‍ ഒരു ഫോണ്‍ കോളിലൂടെയാണ് ആരംഭിക്കുന്നതെങ്കിലും ഇമെയില്‍, വാട്ട്സ്ആപ്പ്, അല്ലെങ്കില്‍ വ്യാജ വെബ്‌സൈറ്റുകള്‍ വഴിയും സംഭവിക്കാം. തട്ടിപ്പുകാരന്‍ ഒടിപി, ഡെബിറ്റ് കാര്‍ഡ് നമ്പര്‍, സിവിവി എന്നിവ ചോദിക്കുകയോ അല്ലെങ്കില്‍ ഒരു പ്രശ്‌നത്തില്‍ നിങ്ങളെ സഹായിക്കുന്നതിനായി നിങ്ങളുടെ കമ്പ്യൂട്ടറില്‍ വിദൂരമായി ആക്‌സസ് ചെയ്യാവുന്ന സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയോ ചെയ്‌തെന്ന് വരാം.

അനധികൃത പേയ്മെന്റുകള്‍ നടത്തിയതിന് ശേഷമോ നിങ്ങളുടെ വെര്‍ച്വല്‍ ഐഡന്റിറ്റി ഉപയോഗിച്ച് നിങ്ങളുടെ പേരില്‍ ലോണുകള്‍ നേടുകയോ അക്കൗണ്ടുകള്‍ തുറക്കുകയോ ചെയ്തതിന് ശേഷമോ മാത്രമേ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ അറിയുകയുള്ളൂ.

തട്ടിപ്പുകാര്‍ നിങ്ങളെ എങ്ങനെ കബളിപ്പിക്കുന്നു? വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതിനായി തട്ടിപ്പുകാര്‍ ഭയമോ അടിയന്തര സാഹചര്യമോ ഉപയോഗിക്കാറുണ്ട്. ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്നോ, ആധാര്‍ ദുരുപയോഗം ചെയ്യപ്പെടുന്നെന്നോ, അല്ലെങ്കില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നേ അവര്‍ പറഞ്ഞേക്കാം. നിങ്ങളുടെ പേര്, ജനനത്തീയതി, ബാങ്കിന്റെ പേര് തുടങ്ങിയ അപൂര്‍ണ്ണ വിവരങ്ങള്‍ അവര്‍ക്കുണ്ടായിരിക്കും. ഇത് അവരുടെ രീതി കൂടുതല്‍ ആധികാരികമാണെന്ന് തോന്നിപ്പിക്കും.

നിങ്ങളുടെ ബാങ്കില്‍ നിന്നോ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ നിന്നോ ആണ് കോള്‍ വരുന്നതെന്ന് തോന്നിപ്പിക്കുന്നതിനായി അവര്‍ യഥാര്‍ത്ഥ നമ്പറുകള്‍ അനുകരിച്ച് ഡയല്‍ ചെയ്യാനും സാധ്യതയുണ്ട്. ഇത് കോള്‍ യഥാര്‍ത്ഥമാണെന്ന ധാരണ സൃഷ്ടിക്കുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ബാങ്കോ, സര്‍ക്കാര്‍ വകുപ്പോ, മറ്റേതെങ്കിലും ഏജന്‍സിയോ ഒരിക്കലും ഒടിപി, കാര്‍ഡ് പിന്‍, നെറ്റ് ബാങ്കിംഗ് പാസ്വേഡ്, അല്ലെങ്കില്‍ സിവിവി എന്നിവ ഫോണിലൂടെ ചോദിക്കില്ല. അതുപോലെ, ഏതെങ്കിലും ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ എസ്എംഎസ് അല്ലെങ്കില്‍ ഇമെയില്‍ വഴി അയച്ച സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ ആവശ്യപ്പെടില്ല.

എങ്ങനെ സുരക്ഷിതരായിരിക്കാം?

എന്തെങ്കിലും വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് മുന്‍പ് വിളിക്കുന്നയാളുടെ ഐഡന്റിറ്റി എല്ലായ്‌പ്പോഴും ഉറപ്പുവരുത്തുക. ബാങ്കില്‍ നിന്നോ ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നോ ആണെന്ന് പറഞ്ഞ് ഒരു കോള്‍ ലഭിക്കുകയാണെങ്കില്‍, ഫോണ്‍ കട്ട് ചെയ്ത് അവരുടെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഔദ്യോഗിക കസ്റ്റമര്‍ കെയര്‍ നമ്പറില്‍ തിരിച്ചുവിളിക്കുക.

ഒടിപി, യുപിഐ പിന്‍, പാസ്വേഡുകള്‍ എന്നിവ ആര്‍ക്കും നല്‍കരുത്, ആധികാരികമെന്ന് തോന്നുന്ന വ്യക്തിയാണെങ്കില്‍ പോലും. നിങ്ങളുടെ ബാങ്ക് ഇടപാടുകള്‍ തത്സമയം ട്രാക്ക് ചെയ്യുന്നതിന് എസ്എംഎസ്, ഇമെയില്‍ വഴി ട്രാന്‍സാക്ഷന്‍ അലേര്‍ട്ടുകള്‍ സജീവമാക്കുക. തട്ടിപ്പിന് ഇരയായാല്‍, ഉടന്‍ തന്നെ ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് വിവരം അറിയിക്കുകയും ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ (cybercrime.gov.in) കേസ് രജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ ദേശീയ സൈബര്‍ തട്ടിപ്പ് ഹെല്‍പ്പ് ലൈന്‍ ആയ 1930-ല്‍ വിളിക്കുകയോ ചെയ്യുക. വിദേശ വെബ്‌സൈറ്റുകളില്‍ നിന്ന് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, സുരക്ഷിതമല്ലാത്ത ആപ്ലിക്കേഷനുകളിലോ ഫോണ്‍ നോട്ടുകളിലോ ബാങ്ക് വിവരങ്ങള്‍ സൂക്ഷിക്കാതിരിക്കുക .