സാമ്പത്തിക ആസൂത്രണത്തിൽ ഇൻഷുറൻസിന് വലിയ പങ്കാണ് ഉള്ളത്. ഇൻഷുറൻസ് എടുക്കന്നതുകൊണ്ടുള്ള നേട്ടങ്ങൾ അറിയാം
ഇൻഷുറൻസിനെ (Insurance) കുറിച്ച് കേൾക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ലൈഫ് ഇൻഷുറൻസ് (Life Insurance), വാഹന ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിങ്ങനെ എന്തിനും ഏതിനും ഇൻഷുറൻസ് എന്തിനെന്ന് പലപ്പോഴും ചിന്തിച്ചും കാണും. ആദ്യം അറിയേണ്ടത് എന്താണ് ഇൻഷുറൻസ് എന്നുള്ളതാണ്. സാധാരണയായി പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടാകുമ്പോൾ, നിങ്ങളെ അല്ലെങ്കിൽ നിങ്ങൾ ഇൻഷ്വർ ചെയ്ത വസ്തുക്കളെ സാമ്പത്തിക നഷ്ടത്തിൽ നിന്നും ഒരു പരിധി വരെ രക്ഷിക്കുന്നതാണ് ഇൻഷുറൻസ്. നേരിടാൻ സാധ്യതയുള്ള അപകടങ്ങൾ എന്തെന്ന് മനസിലാക്കി അവ ഇൻഷ്വർ ചെയ്താൽ നിങ്ങൾക്കുണ്ടാകുന്ന നേട്ടങ്ങൾ നിരവധിയാണ്. ഒരു വ്യക്തിയുടെ സാമ്പത്തിക ആസൂത്രണത്തിൽ ഇൻഷുറൻസിന് പ്രധാന പങ്കുണ്ട്. എന്തുകൊണ്ടാണ് ഇൻഷുറൻസിന് പ്രാധാന്യം വർധിക്കുന്നത് എന്നുള്ള ചില കാരണങ്ങൾ അറിയാം;
1. റിസ്ക് കവറേജ്
ഇൻഷുറൻസ് എന്നുള്ളത് നിങ്ങൾക്കുണ്ടാകുന്ന റിസ്ക് കുറയ്ക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്. അതായത് അപ്രതീക്ഷിതമായി സംഭവിക്കുന്ന മരണം, അപകടം, ആശുപത്രിവാസം പോലെയുള്ള കാര്യങ്ങളിൽ നിന്നും നിങ്ങൾക്കുണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടം നേരിടാൻ ഇത് നിങ്ങളെ സജ്ജമാക്കുന്നു എന്നുതന്നെ പറയാം.
2. സാമ്പത്തിക സുരക്ഷ
നിങ്ങൾക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന സാമ്പത്തിക നഷ്ടം നികത്തുന്നതിലൂടെ, ഇൻഷുറൻസ് പോളിസികൾ നൽകുന്നത് സാമ്പത്തിക സുരക്ഷിതത്വം ആണ്. ഒരു അടിയന്തര ഘട്ടം വന്നാൽ, നിങ്ങൾക്കുണ്ടാകുന്ന നഷ്ടം ഇൻഷുറൻസ് പോളിസി വഹിക്കുമെന്ന അറിവിൽ നിങ്ങൾ സുരക്ഷിതരാണ്. ഇത് നിങ്ങൾക്ക് മുന്നോട്ടേക്കുള്ള സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ സഹായകരമാകും.
Read Also : ശമ്പളം വന്നതും പോയതും അറിഞ്ഞില്ലേ? യുവാക്കൾക്ക് എങ്ങനെ മികച്ച രീതിയിൽ ധനം കൈകാര്യം ചെയ്യാം
3. വ്യത്യസ്ത ആവശ്യങ്ങൾക്കായി വ്യത്യസ്ത പദ്ധതികൾ
ജീവിതത്തിൽ നിങ്ങൾ അഭിമുഖീകരിച്ചേക്കാവുന്ന വ്യത്യസ്‌ത തരത്തിലുള്ള അപകടസാധ്യതകൾ മനസിലാക്കികൊണ്ട് ഇന്ന് നിരവധി തരത്തിലുള്ള ഇൻഷുറൻസുകൾ ഉണ്ട്. ലൈഫ് ഇൻഷുറൻസ് പോളിസികൾ ഒരു വ്യക്തിയുടെ മരണംകൊണ്ടുണ്ടാകുന്ന കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഒരു പരിധി വരെ കുറയ്ക്കുന്നു. അതേസമയം ആരോഗ്യ ഇൻഷുറൻസ് പോളിസികൾ നിങ്ങൾക്കുണ്ടാകുന്ന ആരോഗ്യ പരിരക്ഷ നൽകുന്നു. അതുപോലെ, മോട്ടോർ വാഹന ഇൻഷുറൻസ് പ്ലാനുകൾ റോഡപകടങ്ങൾ അല്ലെങ്കിൽ വാഹനമോഷണം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നു. ഇങ്ങനെ വ്യത്യസ്ത ആവശ്യങ്ങൾക്കായി വ്യത്യസ്ത പദ്ധതികൾ തന്നെ ഉണ്ട്. അതിനാൽ, നിങ്ങൾ അഭിമുഖീകരിക്കുന്ന അപകടസാധ്യതകളെ അടിസ്ഥാനമാക്കി നിങ്ങൾക്ക് വ്യത്യസ്ത പോളിസികൾ തിരഞ്ഞെടുക്കാനും സാമ്പത്തിക പരിരക്ഷ നേടാനും നിങ്ങൾക്ക് സാധിക്കും.
Read Also : Bank Account : നിങ്ങൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാകാം; അറിയേണ്ടതെല്ലാം
4. നികുതി ആനുകൂല്യങ്ങൾ
ലൈഫ് ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് എന്നീ ഇൻഷുറൻസ് പദ്ധതികൾ നികുതിയിൽ നിന്നും വിട്ട് നിൽക്കുന്നുണ്ട്. ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ സെക്ഷൻ 80 സി പ്രകാരം നികുതി കിഴിവിന് യോഗ്യമാണ്. ആരോഗ്യ ഇൻഷുറൻസ് പ്രീമിയവും സെക്ഷൻ 80 ഡി പ്രകാരം കിഴിവുകൾക്ക് യോഗ്യമാണ്. 2.5 ലക്ഷം രൂപ വരെ നിങ്ങൾക്ക് ഇതിലൂടെ ലാഭിക്കാം. കൂടാതെ, ലൈഫ് ഇൻഷുറൻസ് ആനുകൂല്യങ്ങൾ പൂർണ്ണമായും നികുതി രഹിതമാണ്.
5. സാമ്പത്തിക ഭദ്രത
അടിയന്തിര സാഹചര്യങ്ങളിൽ നിങ്ങളുടെ സമ്പാദ്യത്തിന് ഭീഷണിയുണ്ടാകില്ലെന്ന് ഉറപ്പ് വരുത്തി കഴിയുമ്പോൾ നിങ്ങൾക്ക് മനസമാധാനം ലഭിക്കുമെന്നുള്ളത് സത്യമാണ്. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സാമ്പത്തിക സ്വാതന്ത്ര്യം ഇതിലൂടെ നേടാൻ കഴിയും
