ദില്ലി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ രണ്ട് മാസം കൊണ്ട് ആദായ നികുതി വകുപ്പ് തിരികെ നൽകിയത് 26276 കോടി രൂപ. ഇതിൽ വ്യക്തിഗത ആദായ നികുതി 7538 കോടി രൂപയാണ്. 1502854 പേർക്കാണ് പണം തിരികെ കിട്ടിയത്. 44531 കേസുകളിലായി 18738 കോടിയുടെ കോർപറേറ്റ് ടാക്സും തിരികെ നൽകി.

ആകെ 15.47 ലക്ഷം നികുതി ദായകർക്കാണ് റീഫണ്ട് ലഭിച്ചിരിക്കുന്നത്. ഏത് വർഷത്തെ നികുതിയാണ് തിരികെ നൽകിയതെന്ന് വകുപ്പ് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് 2019-20 വർഷത്തേക്കുള്ളതാണ് എന്നാണ് നിഗമനം.

ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇൻകം ടാക്സ് വകുപ്പിന്റെ റീഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 2021 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 2.62 ലക്ഷം കോടി രൂപയുടെ റീഫണ്ടാണ് 2.38 കോടി നികുതി ദായകർക്കായി നൽകിയത്. ഇത് 2019-20 കാലത്തേക്കാൾ 43 .2 ശതമാനം അധികമായിരുന്നു. 1.83 ലക്ഷം കോടിയായിരുന്നു 2019-20 വർഷത്തിൽ തിരികെ നൽകിയ നികുതി.