റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിന്റെ ഡയറക്ടറായിരുന്ന അനിൽ അംബാനിയുടെ മകൻ ജയ് അൻമോൾ അംബാനിയുടെ വസതികളിൽ സിബിഐ റെയ്ഡ് ആരംഭിച്ചതായാണ് റിപ്പോർട്ട്.
മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ അനിൽ അംബാനിയുടെ മകൻ ജയ് അൻമോൾ അനിൽ അംബാനിക്കെതിരെയും റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിനെതിരെയും കേസെടുത്ത് സിബിഐ. പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 228 കോടി രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിയതുമായി ബന്ധപ്പെട്ടതാണ് ഈ കേസ്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ 18 ബാങ്കുകളിൽ നിന്നും 5572.35 കോടി രൂപയുടെ വായ്പ എടുത്തിരുന്നു റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്. ഇതുമായി ബന്ധപ്പെട്ടാണ് 228.06 കോടി രൂപയുടെ നഷ്ടം ബാങ്കിന് ഉണ്ടാക്കിയതെന്നാണ് കണക്കുകൾ. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, അതിന്റെ പ്രൊമോട്ടർമാർ,ഡയറക്ടർമാർ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിന്റെ രണ്ട് ഔദ്യോഗിക കെട്ടിടങ്ങളിലും റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിന്റെ ഡയറക്ടറായിരുന്ന അനിൽ അംബാനിയുടെ മകൻ ജയ് അൻമോൾ അംബാനിയുടെ വസതികളിലും ആർഎച്ച്എഫ്എല്ലിന്റെ മുൻ സിഇഒയും മുഴുവൻ സമയ ഡയറക്ടറുമായ രവീന്ദ്ര സുധാൽക്കറുടെ വസതികളിലും സിബിഐ റെയ്ഡ് ആരംഭിച്ചതായാണ് റിപ്പോർട്ട്.
വായ്പ നേടുമ്പോൾ, സമയബന്ധിതമായ തിരിച്ചടവ്, പലിശയും മറ്റ് ചാർജുകളും അടയ്ക്കുക, എല്ലാ വിൽപ്പന വരുമാനവും ബാങ്ക് അക്കൗണ്ട് വഴി നടത്തുക എന്നിവ ഉൾപ്പെടെയുള്ള സാമ്പത്തിക അച്ചടക്കം കർശനമായി പാലിക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തവണകൾ അടയ്ക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു, ഇതോടെ, 2019 സെപ്റ്റംബർ 30 ന് അക്കൗണ്ടിനെ നിഷ്ക്രിയ ആസ്തി (എൻപിഎ) മാറ്രിയിരുന്നെന്ന് ബാങ്ക് പറയുന്നു.


