ദില്ലി: ബസ്മതി അരിയെന്നാല്‍ ബിരിയാണിയെന്നാണ് ഇന്ത്യക്കാര്‍ക്ക്. എന്നാല്‍ ഈ അരിക്ക് ദക്ഷിണേഷ്യ മുഴുവനും മാത്രമല്ല, മറ്റ് വന്‍കരകളിലും ആവശ്യക്കാരേറെ. അതിര്‍ത്തിയല്ല, ബസ്മതി അരിയെച്ചൊല്ലിസാണ് ഇന്ത്യയും പാകിസ്ഥാനും ഇപ്പോള്‍ നടക്കുന്ന തര്‍ക്കമെന്നതും ശ്രദ്ധേയം. 

ബസ്മതി അരിയുടെ സമ്പൂര്‍ണ ഉടമസ്ഥതക്കും ട്രേഡ്മാര്‍ക്കിനും വേണ്ടി ഇന്ത്യ യൂറോപ്യന്‍ യൂണിയനെ സമീപിച്ചതാണ് ഇതിന് കാരണം. ഇന്ത്യയുടെ ആവശ്യത്തെ എതിര്‍ത്ത് പാകിസ്ഥാനും പരാതി നല്‍കി. യൂറോപ്യന്‍ യൂണിയന്റെ അംഗീകാരപത്രം ലഭിച്ചാല്‍ പാകിസ്ഥാന്റെ പ്രധാന വിപണികളിലൊന്നായ യൂറോപ്പില്‍ ഇന്ത്യന്‍ ബസ്മതി അരിക്ക് സ്വാധീനം മെച്ചപ്പെടുത്താന്‍ കഴിയും. ലോകത്ത് ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതിലൂടെ 6.8 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ഇന്ത്യയ്ക്ക് പ്രതിവര്‍ഷം കിട്ടുന്നത്. 2.2 ബില്യണ്‍ ഡോളറാണ് പാക്കിസ്ഥാന്റെ അരി കയറ്റുമതിയിലൂടെയുള്ള പ്രതിശീര്‍ഷ വരുമാനം. അരി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് പാകിസ്ഥാന്‍. ബസ്മതി അരി കയറ്റുമതി ചെയ്യുന്ന രണ്ടേ രണ്ട് രാജ്യങ്ങളേ ലോകത്തുള്ളൂ, അത് ഇന്ത്യയും പാക്കിസ്ഥാനുമാണ്.

കറാച്ചി മുതല്‍ കൊല്‍ക്കത്ത വരെ പരന്നുകിടക്കുന്ന ഭൂഭാഗത്താണ് കൂടുതലായും ബസ്മതി അരി ഉല്‍പ്പാദിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് പാക്കിസ്ഥാന്‍ യൂറോപ്യന്‍ യൂണിയനിലേക്ക് ബസ്മതി അരിയുടെ കയറ്റുമതി വര്‍ധിപ്പിച്ചത്. യൂറോപ്യന്‍ യൂണിയന്റെ പെസ്റ്റിസൈഡ് നിബന്ധനകള്‍ ഇന്ത്യക്ക് തിരിച്ചടിയായപ്പോഴാണ് പാകിസ്ഥാന്‍ നേട്ടമുണ്ടാക്കിയത്. യൂറോപ്പിലെ മൂന്നില്‍ രണ്ട് ഭാഗത്തും ഇപ്പോള്‍ പാകിസ്ഥാനാണ് ബസ്മതി അരി വിപണിയില്‍ സ്വാധീനം. മൂന്ന് ലക്ഷം ടണ്‍ ബസ്മതി അരിയാണ് പാകിസ്ഥാന്‍ വന്‍കരയിലേക്ക് കയറ്റി അയക്കുന്നത്.

എന്നാല്‍ പ്രൊട്ടക്റ്റഡ് ജിയോഗ്രാഫിക് ഇന്റിക്കേഷനിലൂടെ ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി അവകാശം നേടാനാണ് ഇന്ത്യയുടെ ശ്രമം. നിലവില്‍ ഇന്ത്യയുടെ ഡാര്‍ജിലിങ് ടീ, കൊളംബിയയില്‍ നിന്നുള്ള കോഫി എന്നിവയ്‌ക്കെല്ലാം ഈ അംഗീകാര പത്രം ലഭിച്ചിട്ടുണ്ട്. ഇത് ലഭിച്ചാല്‍ നിലവിലെ നിബന്ധനകളുടെ തടസം മറികടക്കാനും ഇന്ത്യക്ക് കഴിയും. അപേക്ഷ നല്‍കിയത് ബസ്മതി അരിയുടെ ഏക ഉല്‍പ്പാദകര്‍ തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാനല്ലെന്നാണ് ഇന്ത്യയുടെ പ്രതികരണം. പിജിഐ സ്റ്റാറ്റസിലൂടെ അംഗീകാരം നേടിയെടുക്കാനാണ് ശ്രമമെന്നും ഇന്ത്യ വ്യക്തമാക്കുന്നു. എന്നാല്‍ നിയമപോരാട്ടം കടുക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്നാണ് അറിയാനുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona