ഏകദേശം 3 ലക്ഷം മെട്രിക് ടണ്‍ സോയാ ഓയിലാണ് ഇന്ത്യ വാങ്ങിയത്. രണ്ടു ദിവസത്തെ ഇടപാടില്‍ ഇത്രയും വലിയ അളവില്‍ ഇന്ത്യ സോയാ ഓയില്‍ വാങ്ങുന്നത് ഇതാദ്യമായാണ് .

ര്‍ജന്റീനയില്‍ നിന്ന് റെക്കോര്‍ഡ് അളവില്‍ സോയാ ഓയില്‍ വാങ്ങിക്കൂട്ടി ഇന്ത്യ. കയറ്റുമതി തീരുവകള്‍ ഒഴിവാക്കാനുള്ള അര്‍ജന്റീനയുടെ നിര്‍ണായക നീക്കം മുതലെടുത്താണ് ഇന്ത്യയുടെ ഈ വന്‍കിട ഇടപാട്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ഏകദേശം 3 ലക്ഷം മെട്രിക് ടണ്‍ സോയാ ഓയിലാണ് ഇന്ത്യ വാങ്ങിയത്. രണ്ടു ദിവസത്തെ ഇടപാടില്‍ ഇത്രയും വലിയ അളവില്‍ ഇന്ത്യ സോയാ ഓയില്‍ വാങ്ങുന്നത് ഇതാദ്യമായാണ് . സ്വകാര്യ വ്യാപാര സ്ഥാപനങ്ങളാണ് ഇടപാട് നടത്തിയത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലേക്കുള്ള ഇറക്കുമതിക്കായാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ലോകമെമ്പാടും ഏറ്റവുമധികം ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണകളില്‍ ഒന്നാണ് സോയാ ഓയില്‍ അഥവാ സോയാബീന്‍ എണ്ണ. ഇത് സോയാബീന്‍ വിത്തുകളില്‍ നിന്നാണ് വേര്‍തിരിച്ചെടുക്കുന്നത്.

അര്‍ജന്റീനയുടെ നീക്കം ഇന്ത്യക്ക് നേട്ടമായി 

തളര്‍ച്ച നേരിടുന്ന പെസോയുടെ മൂല്യം പിടിച്ചുനിര്‍ത്താനും ആവശ്യമായ യുഎസ് ഡോളര്‍ രാജ്യത്തേക്ക് കൊണ്ടുവരാനുമായി കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി തീരുവകള്‍ അര്‍ജന്റീന താല്‍ക്കാലികമായി ഒഴിവാക്കിയിരുന്നു. ഈ തീരുമാനം സോയാബീന്‍ എണ്ണ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്ക് വില കുറയാന്‍ കാരണമായി. ഒരു ടണ്ണിന് 50 ഡോളറോളം വില കുറഞ്ഞതോടെ, ഇന്ത്യന്‍ വ്യാപാരികള്‍ വന്‍തോതില്‍ സോയാബീന്‍ എണ്ണ വാങ്ങുകയായിരുന്നു. സാധാരണയായി, ഇന്ത്യ ഒരു മാസം 3 ലക്ഷം ടണ്ണിനടുത്ത് സോയാ ഓയിലാണ് ഇറക്കുമതി ചെയ്യാറുള്ളത്. എന്നാല്‍, രണ്ടു ദിവസത്തിനുള്ളില്‍ ഇതിന് തുല്യമായ അളവില്‍ വാങ്ങിയത് അര്‍ജന്റീനയുടെ തീരുവ ഇളവ് കാരണമാണ്. ഇറക്കുമതി ചെയ്ത സോയാ ഓയിലിന് ടണ്ണിന് 1,100 ഡോളര്‍ മുതല്‍ 1,120 ഡോളര്‍ വരെയാണ് വില നല്‍കിയത്. തീരുവ ഒഴിവാക്കിയതിനെ തുടര്‍ന്ന് വില ഏകദേശം 50 ഡോളര്‍ കുറഞ്ഞതോടെ, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പാം ഓയിലിനേക്കാള്‍ വിലക്കുറവില്‍ ആണ് സോയാ ഓയില്‍ ലഭിച്ചത്

പാം ഓയില്‍ ഇറക്കുമതിയെ ബാധിക്കും 

വന്‍തോതിലുള്ള സോയാ ഓയില്‍ ഇറക്കുമതി, ഇന്തോനേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നുമുള്ള പാം ഓയില്‍ കയറ്റുമതിയെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യ സാധാരണയായി ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലും പാം ഓയില്‍ വാങ്ങുന്നത്. സോയാ ഓയില്‍ അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നും, സൂര്യകാന്തി എണ്ണ റഷ്യ, യുക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു. സോള്‍വെന്റ് എക്‌സ്ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയുടെ സോയാ ഓയില്‍ ഇറക്കുമതി 25.27% കുറഞ്ഞ് നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 3,67,917 ടണ്ണില്‍ എത്തിയിരുന്നു.മധുരപലഹാരങ്ങളുടെയും വറുത്ത ഭക്ഷണങ്ങളുടെയും ഉപയോഗം വര്‍ധിക്കുന്ന ഉത്സവ സീസണില്‍ ഇന്ത്യയില്‍ ഭക്ഷ്യ എണ്ണകളുടെ, പ്രത്യേകിച്ച് പാം ഓയിലിന്റെ ആവശ്യം വര്‍ധിക്കാറുണ്ട്.