ഇന്ത്യയിൽ 13 നഗരത്തിലാകും ആദ്യം 5ജി സേവനങ്ങൾ ലഭ്യമാകുക. വൊഡഫോൺ ഐഡിയ, ഭാരതി എയർടെൽ, റിലയൻസ്‌ ജിയോ എന്നീ കമ്പനികൾ ലേലത്തിൽ പങ്കെടുക്കും

ദില്ലി : രാജ്യത്ത് 5ജി സ്‌പെക്ട്രം ലേലം ജൂലൈ 26ന് ആരംഭിക്കും. ലേലം ആരംഭിക്കാനുള്ള അനുമതി കേന്ദ്ര മന്ത്രാലയം നൽകിയതോടെ പുത്തൻ പ്രതീക്ഷയിലാണ് രാജ്യം. 72,000 മെഗാഹെട്‌സ് അല്ലെങ്കില്‍ 72 ഗിഗാഹെട്‌സിലേറെ എയര്‍വേവ്‌സ് ലേലത്തില്‍ വെയ്ക്കാനാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. 4ജിയെക്കാള്‍ പത്തിരട്ടി വേഗമുള്ളതാണ് 5ജി. 20 വര്‍ഷമായിരിക്കും ലേലം പിടിക്കുന്നവര്‍ക്ക് ലഭിക്കുന്ന കാലാവധി. 5 ലക്ഷം കോടിയിലേറെയാണ് മൊത്തം സ്‌പെക്ട്രത്തിന്റെ മൂല്യം വിദഗ്ദർ കണക്കാക്കുന്നത്. 

600 മെഗാഹെട്‌സ്, 700 മെഗാഹെട്‌സ്, 800 മെഗാഹെട്‌സ്, 900 മെഗാഹെട്‌സ്, 1,800 മെഗാഹെട്‌സ്, 2,100 മെഗാഹെട്‌സ്, 2,300 മെഗാഹെട്‌സ്, 3,300 മെഗാഹെട്‌സ് 26 ഗിഗാഹെട്‌സ് ബാന്‍ഡ് ഫ്രീക്വന്‍സികളില്‍ ആയിരിക്കും ജൂലൈ 26ന് ലേലം നടക്കുക. ഇ–ലേലം (eAuction) ആയിരിക്കും നടക്കുക.

വൊഡഫോൺ ഐഡിയ, ഭാരതി എയർടെൽ, റിലയൻസ്‌ ജിയോ എന്നീ കമ്പനികൾ ലേലത്തിൽ പങ്കെടുക്കും എന്നാണ് റിപ്പോർട്ട്. 5ജി സ്‌പെക്ട്രത്തിന്റെ അടിസ്ഥാനവില കുറയ്ക്കണമെന്ന് സ്വകാര്യ ടെലികോം കമ്പനികൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 90 ശതമാനമെങ്കിലും വില കുറയ്ക്കണം എന്നായിരുന്നു ടെലികോം കമ്പനികളുടെ ആവശ്യം. എന്നാൽ കേന്ദ്രം ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. എന്നാൽ ലേലത്തിൽ കമ്പനികൾക്ക് ആശ്വാസമാകുന്ന ചില നടപടികളുണ്ട്. സ്പെക്‌ട്രത്തിന്‌ മുൻകൂർ പണം ഒരുമിച്ച് നൽകേണ്ട. പകരം 20 തവണയായി അടയ്‌ക്കാം. 10 വർഷം കഴിയുമ്പോൾ ആവശ്യമെങ്കിൽ സ്‌പെക്ട്രം മടക്കി നൽകാം.

 ഇന്ത്യയിൽ 13 നഗരത്തിലാകും ആദ്യം 5ജി സേവനങ്ങൾ ലഭ്യമാകുക. ആരംഭത്തിൽ 5ജി സേവനം കേരളത്തിൽ ലഭ്യമാകില്ല. ബംഗളൂരു, ചണ്ഡീഗഢ്‌, ഡൽഹി, ഹൈദരാബാദ്‌, പുണെ, ലഖ്‌നൗ, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ജാംനഗർ, ഗാന്ധിനഗർ എന്നീ നഗരങ്ങൾ പട്ടികയിലുണ്ട്.